Students and police in a standoff in Varanasi late Saturday night. (Photo courtesy PT)

വാരണാസി/ലക്‌നൗ: ബനാറാസ് ഹിന്ദു സര്‍വകലാശാല(ബിഎച്ച്‌യു)യില്‍ യുവതിയെ ശല്യം ചെയ്ത സംഭവത്തിലെ പ്രതിഷേധം അക്രമാസക്തമാവുകയും പൊലീസ് ലാത്തിച്ചാര്‍ജില്‍ കലാശിക്കുകയും ചെയ്തു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നിരവധി വിദ്യാര്‍ഥികള്‍ക്കും രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കും ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റു. അക്രമത്തില്‍ പൊലീസുകാര്‍ക്കും പരുക്കേറ്റു. ഇതേത്തുടര്‍ന്ന് നാളെ മുതല്‍ ഒക്‌ടോബര്‍ രണ്ടുവരെ സര്‍വകലാശാല അവധി പ്രഖ്യാപിച്ചു.
വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊലീസ് നടപടിയെ അപലപിക്കുകയും സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡിവിഷണല്‍ കമ്മീഷണറില്‍ നിന്നും റിപ്പോര്‍ട്ട് തേടി.
വ്യാഴാഴ്ച യുവതിയെ ശല്യം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച ചില വിദ്യാര്‍ഥികള്‍ ഇന്നലെ രാത്രി വൈസ് ചാന്‍സലറെ അദ്ദേഹത്തിന്റെ വീട്ടില്‍ കാണണമെന്ന് ആവശ്യപ്പെട്ടതായി പൊലീസും ബിഎച്ച്‌യു കേന്ദ്രങ്ങളും പറഞ്ഞു. ബലംപ്രയോഗിച്ച് വീട്ടില്‍ കടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ സുരക്ഷാഗാര്‍ഡുകള്‍ തടയുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ഇതേസമയം വിദ്യാര്‍ഥികള്‍ക്കൊപ്പം ചേര്‍ന്ന പുറത്തുനിന്നുള്ളവര്‍ കല്ലേറു തുടങ്ങി. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയെന്ന് ബിഎച്ച്‌യു കേന്ദ്രങ്ങള്‍ പറഞ്ഞു.
ഹോസ്റ്റിലില്‍ നിന്നും മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിയെ കാമ്പസില്‍ ബൈക്കിലെത്തിയ മൂന്നുപേര്‍ ശല്യം ചെയ്തു. ഇതേത്തുടര്‍ന്ന് കാമ്പസിന്റെ പ്രധാനകവാടത്തില്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ വ്യാഴാഴ്ച അര്‍ധ രാത്രി മുതല്‍ ധര്‍ണനടത്തി പ്രതിഷേധിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ ഒരു ദിവസം മുമ്പ് വിദ്യാര്‍ഥികള്‍ ധര്‍ണ തുടങ്ങിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി ബിഎച്ച്‌യു ഇന്നലെ രാത്രി പ്രസ്താവന ഇറക്കിയിരുന്നു. സുരക്ഷാ ഗാര്‍ഡുകള്‍ സാധാരണ നിലയില്‍ കാമ്പസില്‍ പെട്രോളിങ് നടത്താറുണ്ടെന്നും, ക്രമസമാധാനപാലത്തിന് ആവശ്യമെങ്കില്‍ പൊലീസ് സഹായം തേടാറുണ്ടെന്നും ബിഎച്ച്‌യു പറഞ്ഞു.
ചെറിത്തുനിന്നപ്പോഴാണ് അക്രമികള്‍ ഓടിപ്പോയതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. സംഭവസ്ഥലത്തുനിന്നും 100 മീറ്ററോളം അകലെ ഗാര്‍ഡുകള്‍ ഉണ്ടായിരുന്നെങ്കിലും അക്രമികളെ തടയാന്‍ ശ്രമിച്ചില്ലെന്നും യുവതി പറയുന്നു.
മേലധികാരികള്‍ക്ക് മുന്നില്‍ പ്രശ്‌നം അവതരിപ്പിക്കുന്നതിനു പകരം വാര്‍ഡന്‍ ചെയ്തത്, രാത്രിയെന്തിനാണ് പുറത്തുപോയതെന്ന് ചോദിക്കുകയായിരുന്നെന്നും യുവതി പരാതിപ്പെട്ടു. വാര്‍ഡന്റെ ഈ പ്രതികരണത്തില്‍ രോഷംപൂണ്ട ഒരു കൂട്ടം സഹപാഠികളാണ് പ്രധാന കവാടത്തില്‍ വ്യാഴാഴ്ച രാത്രി ധര്‍ണ തുടങ്ങിയത്.
പൊലീസും സര്‍വകലാശാല പ്രൊഫസര്‍മാരും വിദ്യാര്‍ഥികളെ അനുനയിപ്പിക്കാന്‍ ഇന്നലെ ശ്രമിച്ചെങ്കിലും ധര്‍ണ അവസാനിപ്പിക്കാന്‍ അവര്‍ തയാറായില്ല. വൈസ് ചാന്‍സലറുടെ ഉറപ്പ് വേണമെന്നാണ് അവരുടെ ആവശ്യം.
ക്രമസമാധാന പാലനത്തിനായി കാമ്പസിനകത്തും പുറത്തും 1,500ഓളം പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here