അനുപം ഖേര്‍ മന്‍മോഹന്‍ സിങാകുന്നു

12

സോണിയയായി ഇറ്റാലിയന്‍ നടിയും രാഹുലായി ഹോളിവുഡ് നടനും
മുംബൈ: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെക്കുറിച്ചുള്ള സിനിമ വരുന്നു. അദ്ദേഹത്തെക്കുറിച്ച സഞ്ജയ് ബാരു എഴുതിയ ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ഗ്രന്ഥത്തെ അധികരിച്ചുള്ളതാണ് സിനിമ. സോണിയ ഗാന്ധിയുടെ വേഷത്തില്‍ ഒരു ഇറ്റാലിയന്‍ നടി അഭിനയിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയായി ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ബ്രിട്ടീഷ് പൗരനായ ഇന്‍ഡോ-ഐറിഷ് നടാനാകും അഭിനയിക്കുക.
128 പേര്‍ അഭിനയിക്കുന്ന സിനിമ 2018 ഡിസംബര്‍ 21 നാണു പ്രദര്‍ശനത്തിനെത്തുക. 2019 ലെ പൊതു തെരെഞ്ഞെടുപ്പിനു പിന്നെ ഏതാനും മാസങ്ങള്‍കൂടി മാത്രമേ അവശേഷിക്കുകയുള്ളു.
പ്രധാനമന്ത്രിയായിരുന്ന 10 വര്‍ഷകാലവും അദ്ദേഹത്തിന്റെ മാധ്യമ ഉപദേശകനായി പ്രവര്‍ത്തിച്ച സഞ്ജയ് ബാരുവിനെ ഒരു ഇന്ത്യന്‍ നടന്‍തന്നെയാകും അവതരിപ്പിക്കുക. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി, മുന്‍ പ്രസിഡന്റ് എ പി ജെ അബ്ദുള്‍കലാം, സോണിയയുടെ രാഷ്ട്രീയ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവരെയും, ഇന്ത്യന്‍ നടന്മാര്‍തന്നെ അവതരിപ്പിക്കും. എന്നാല്‍ ഇന്ത്യക്കാരും വിദേശികളുമായ നടീനടന്മാരുടെ പേരുകള്‍ നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.
അനുപം ഖേര്‍ ആയിരിക്കും മന്‍മോഹന്‍ സിങിന്റെ വേഷത്തിലെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ടു മാസത്തിനുള്ളില്‍ത്തന്നെ ചിത്രീകരണം തുടങ്ങും. സ്റ്റുഡിയോ ഷൂട്ടിങ് ഏറെയും ലണ്ടനിലായിരിക്കും. ഷെഡ്യൂള്‍ മുടങ്ങാതിരിക്കാനുള്ള ഉദ്ദേശത്തോടെയാണ് ഇന്ത്യക്കു പുറത്ത് ഷൂട്ട് ചെയ്യുന്നതെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.
തിരക്കഥ തയാറായിക്കഴിഞ്ഞു. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ചില കാര്യങ്ങള്‍ അതിലുണ്ടാകുമെന്നാണ് സിനിമയുടെ നിര്‍മ്മാതാവായ സുനില്‍ ബോറ പറയുന്നത്. സിനിമയുടെ പ്രദര്‍ശന തീയതിയും രാഷ്ട്രീയവും തമ്മില്‍ ബന്ധമൊന്നുമില്ലെന്നു നിര്‍മ്മാതാവ് പറഞ്ഞു. അടുത്ത വര്ഷം ഡിസംബറില്‍ സിനിമ പുറത്തിറങ്ങണമെന്നതാണ് കരാര്‍.
പ്രധാനമന്ത്രിയെന്ന നിലയില്‍ സിങിന്റെ ആദ്യ ഊഴത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന ബാരുവിന്റെ പുസ്തകം 2014 ലെ പൊതു തെരെഞ്ഞെടുപ്പിനു തൊട്ടു മുമ്പാണ് പുറത്തിറങ്ങിയത്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here