സംസ്ഥാന കാഷ്യു ബോര്‍ഡ് നിലവില്‍ വന്നു

9

തിരുവനന്തപുരം: സംസ്ഥാന കാഷ്യു ബോര്‍ഡ് രജിസ്റ്റര്‍ ചെയ്തതായി കശുവണ്ടി വ്യവസായ മന്ത്രി ജെ. മേഴ്‌സിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാഷ്യു ബോര്‍ഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി മാരപാണ്ഡ്യനെ നിയോഗിച്ചിട്ടുണ്ട്.
കേരള കാഷ്യു ബോര്‍ഡ് ലിമിറ്റഡ് എന്ന പേരിലാണ് കൊല്ലം ആസ്ഥാനമായ ബോര്‍ഡ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ കശുവണ്ടി ഇടനിലക്കാരില്ലാതെ ഇറക്കുമതി ചെയ്ത് ഈ മേഖലയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും. ഡല്‍ഹിയിലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളുടെ അംബാസഡര്‍മാരുമായി ഉടന്‍ ചര്‍ച്ച നടത്തും. ഈ സീസണില്‍ താന്‍സാനിയ, ഐവറി കോസ്റ്റ് എന്നിവിടങ്ങളില്‍ നിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്യും.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ തോട്ടണ്ടിയുടെ വില 80 ശതമാനം വര്‍ധിച്ചു. അതേസമയം പരിപ്പിന്റെ വില കുറയുകയും ചെയ്തു. ഒരു വര്‍ഷത്തിനുള്ളില്‍ തോട്ടണ്ടിയുടെ വില പിടിച്ചുനിറുത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. കൊല്ലം ബ്രാന്‍ഡ് കാഷ്യുവിന്റെ ഉത്പാദനവും വിപണനവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ലഭ്യമായ സ്ഥലങ്ങളില്‍ കശുമാവ് കൃഷി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ കൈവശമുള്ള 5000 ഹെക്ടറില്‍ കശുമാവ് കൃഷിക്ക് തീരുമാനമായി. ഇതില്‍ 379 ഹെക്ടറില്‍ കൃഷി ആരംഭിച്ചു. റബറിന് വില ഇടിഞ്ഞതോടെ കൂടുതല്‍ കര്‍ഷകര്‍ കശുമാവ് കൃഷിയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here