വ്യാജപ്രചാരണത്തെ നേരിടും: മന്ത്രി

7

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി അക്രമിക്കപ്പെടുന്നുവെന്ന വ്യാജപ്രചാരണത്തെ സര്‍ക്കാര്‍ ശക്തമായി നേരിടുമെന്നും ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും തൊഴില്‍ നൈപുണ്യ മന്ത്രി ടി പി രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതിന്റെ ഉറവിടം പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും പൊലീസിനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളുടെ സഹായം ആവശ്യമെങ്കില്‍ സ്വീകരിക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും വ്യത്യസ്തമായി ജനക്ഷേമ പദ്ധതികളുമായി കേരളം മുന്നോട്ടു പോവുകയാണ്. ഈ സാഹചര്യത്തിലാണ് കേരളത്തെ മോശമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുകയെന്നത് സര്‍ക്കാരിന്റെ ചുമതലയാണ്. സ്വദേശികള്‍ക്കെന്നപോലെ പുറമെ നിന്ന് വന്ന് ഇവിടെ ജോലി ചെയ്യുന്നവര്‍ക്കും നിയമപരിരക്ഷയുണ്ട്. കേരളത്തിന്റെ ഭാഗമായാണ് ഇതര സംസ്ഥാന തൊഴിലാളികളെ കാണുന്നത്. അതിനാലാണ് ഇവരുടെ ക്ഷേമത്തിന് വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് തൊഴില്‍ തേടിയെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെല്ലാം സൗജന്യ ഇന്‍ഷുറന്‍സും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുന്ന ആവാസ് പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത്തരം തൊഴിലാളികളുടെ കൃത്യമായ എണ്ണവും മറ്റു വിവരങ്ങളും ഉള്‍ക്കൊള്ളുന്ന വിപുലമായ ഡേറ്റാബാങ്ക് തയാറാക്കി തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യാനാവുമെന്ന സവിശേഷതയും ഈ പദ്ധതിക്കുണ്ട്. നവംബറില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഇതിനുള്ള സോഫ്റ്റ്‌വെയര്‍ തയ്യാറായിട്ടുണ്ട്. ജനുവരി ഒന്നു മുതല്‍ തൊഴിലാളികള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.
എല്ലാ ജില്ലകളിലും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ജില്ലാ ലേബര്‍ ഓഫീസര്‍മാരുടെ ചുമതലയില്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കും. ഭാഷാനൈപുണ്യമുള്ള ഇതരസംസ്ഥാനക്കാരെ സെന്ററുകളില്‍ നിയമിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കും. ജനുവരിക്ക് മുമ്പ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങും.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ കഴിയുന്ന ഹോസ്റ്റലുകള്‍ അപ്‌ന ഘര്‍ പദ്ധതിയില്‍ നടപ്പാക്കുന്നുണ്ട്. ആദ്യത്തേത് പാലക്കാട് കഞ്ചിക്കോട്ട് പൂര്‍ത്തിയായി. 2018 ജനുവരിയില്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറും. ഇവിടെ 640 പേര്‍ക്ക് താമസിക്കാനാവും. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലേക്ക് പദ്ധതി ഉടന്‍ വ്യാപിപ്പിക്കും. ഇതിനാവശ്യമായ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞതായി മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here