ജെയ്ഷാ: ആരോപണം അന്വേഷിക്കണമെന്ന് ഹസന്‍

11

തിരുവനന്തപുരം: ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ പുത്രന്‍ ജെയ്ഷാ ഡയറക്ടറായ ടെമ്പിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ വിറ്റുവരവില്‍ ഒരു വര്‍ഷംകൊണ്ട് പതിനാറായിരം മടങ്ങ് വര്‍ധനവ് ഉണ്ടായത് പിതാവി ന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വന്‍ തുക വായ്പ എടുക്കുകയും അവിഹിത മാര്‍ഗത്തിലൂടെ കോടിക്കണക്കിന് രൂപ സംഭരിക്കുകയും ചെയ്തതിനാലാണെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍ജ്ജവം കാണിക്കണമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍.
യുപിഎ ഭരണകാലത്ത് നഷ്ടത്തിലോടിയ കമ്പനിയാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ വിറ്റുവരവില്‍ വന്‍ കുതിച്ചുചാട്ടം നടത്തിയത്. ഇതിനു പിന്നിലെ മാന്ത്രികവിദ്യയെക്കുറിച്ച് ജനങ്ങളെ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ട്. 2015 ല്‍ 18728 രൂപയുടെ ലാഭം ഉണ്ടായിരുന്ന കമ്പനി 2016 ല്‍ 80 കോടി രൂപയുടെ സമ്പാദ്യം നേടിയത് ഒരു മഹാത്ഭുതമായിട്ടാണ് കമ്പനി വൃത്തങ്ങള്‍ കണക്കാക്കുന്നത്. ബിജെപിയും ഇന്ത്യയിലെ കോര്‍പ്പറേറ്റ് കമ്പനികളുമായിട്ടുള്ള അവിഹിത ബന്ധത്തില്‍ നിന്നാണ് ജെയ്ഷായുടെ കമ്പനിയുടെ കുതിച്ചുചാട്ടമെന്ന് ഇപ്പോള്‍ മനസ്സിലായി. അമിത്ഷായുടെ പുത്രവാത്സല്യത്തിലൂടെ അധികാരത്തിന്റെ തണലില്‍ നടന്ന ഈ വന്‍ അഴിമതി അന്വേഷിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാകുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരും.
ജനരക്ഷാ യാത്രക്കിടയില്‍ നിന്ന് അമിത്ഷാ ഒളിച്ചോടിയത് മകനെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന മാധ്യമ വാര്‍ത്തകള്‍ ജനങ്ങള്‍ മുഖവിലക്കെടുക്കുകയാണ്. അഴിമതിക്കെതിരെ കുരുശുയുദ്ധം നടത്തുന്ന അമിത്ഷാ മാനനഷ്ടക്കേസ് കൊടുത്ത് രക്ഷപ്പെടാനല്ല, മറിച്ച് മകന് എതിരെ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രധാനമന്ത്രിയോട് പറയുകയാണ് വേണ്ടത്.
അഴിമതിരഹിത ഭരണം വാഗ്ദാനം ചെയ്ത നരേന്ദ്രമോദി അഴിമതിയുടെ മുമ്പില്‍ തനിക്ക് ബന്ധവും സ്വന്തവും ഇല്ലെന്ന് പ്രഖ്യാപിച്ചിട്ട് അധിക നാളായിട്ടില്ല. ഈ പ്രസംഗത്തിന് എന്തെങ്കിലും ആത്മാര്‍ഥത ഉണ്ടെങ്കില്‍ നരേന്ദ്രമോദി മൗനം വെടിഞ്ഞ് ശക്തമായ നടപടി സ്വീകരിക്കാന്‍ തയ്യാറാകണം.

LEAVE A REPLY

Please enter your comment!
Please enter your name here