തിരുവനന്തപുരം: കൊളിളക്കം സൃഷ്ടിച്ച സോളാര്‍ അഴിമതിക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മറ്റും എതിരെ കേസ്. മന്ത്രിസഭയുടെ ബുധനാഴ്ച ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. വിജിലന്‍സ് കേസും ക്രിമിനല്‍ കേസും എടുക്കാനാണ് തീരുമാനം. മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ക്കെതിരെയും സമാന കേസെടുക്കും. ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ പ്രധാനികള്‍ക്കും കേസ് ഒതുക്കാന്‍ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെയും കേസെടുക്കാനും വകുപ്പുതല അന്വേഷണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.
സോളാര്‍ അഴിമതി അന്വേഷിക്കാന്‍ യുഡിഎഫ് സര്‍ക്കാന്‍ നിയമിച്ച ജസ്റ്റീസ് ജി ശിവരാജന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് കേസെടുക്കുന്നതെന്ന് മന്ത്രിസഭയോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സരിതയുടെ കത്തില്‍ പേരു പരാമര്‍ശിക്കപ്പെട്ട വര്‍ക്കെതിരെ ബലാല്‍സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കും. ജനങ്ങളെ കബളിപ്പിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ കൂട്ടുനിന്നെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരെ ഗുരുതര കണ്ടെത്തലുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രമാദമായ സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ ജസ്റ്റിസ് ശിവരാജനെ അന്വേഷണ കമ്മീഷനായി നിയോഗിച്ചത് 2013 ഒക്‌ടോബര്‍ 28നാണ്. നാലുവര്‍ഷത്തെ തെളിവെടുപ്പിലൂടെ 214 സാക്ഷികളെ വിസ്തരിക്കുകയും 812 രേഖകള്‍ കമ്മീഷന്‍ പരിശോധിക്കുകയും ചെയ്തു. നാല് വോള്യത്തിലായി 1073 പേജുകളാണ് 2017 സെപ്റ്റംബര്‍ 26ന് കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉള്ളത്.
അഴിമതി നടത്തിയതായി കമ്മീഷന്‍ ചൂണ്ടിക്കാട്ടിയ എല്ലാവരുടെയും പേരില്‍ അഴിമതി നിരോധന നിയമ പ്രകാരം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഉമ്മന്‍ചാണ്ടിയും ഉമ്മന്‍ചാണ്ടി മുഖേന തന്റെ പേഴ്‌സണല്‍ സ്റ്റാഫായ ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്, ഗമാന്‍ സലിംരാജ്, ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹിയിലെ സഹായി കുരുവിളയും, ടീം സോളാര്‍ കമ്പനിയെയും സരിത എസ് നായരെയും അവരുടെ ഉപഭോക്താക്കളെ വഞ്ചിക്കുതിനായി സഹായിച്ചിട്ടുന്നും, മാത്രമല്ല, അത്തെ ആഭ്യന്തര-വിജിലന്‍സ് മന്ത്രിയായിരു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അദ്ദേഹത്തിന്റെ കീഴിലുള്ള പൊലീസ് ഓഫീസര്‍മാരെ നിയമവിരുദ്ധമായും കുറ്റകരമായും സ്വാധീനിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി, ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്ബ്, സലിംരാജ് എന്നിവര്‍ക്കെതിരെ തുടരന്വേഷണത്തിനു വേണ്ടി ക്രിമിനല്‍ നടപടിനിയമ പ്രകാരം ബന്ധപ്പെട്ട കോടതികളില്‍ നിയമാനുസൃതം ഹര്‍ജി നല്‍കുകയും തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നതുമാണെന്ന് മുഖ്യന്ത്രി പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുകയും ചെയ്യും.
ഊര്‍ജ്ജ മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് നിയമവിരുദ്ധമായി ടീം സോളാറിനെയും സരിതയെയും സഹായിച്ചതായി കമ്മീഷന്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സും പ്രത്യേക അന്വേഷണ സംഘവും അന്വേഷിക്കും.
കെ പത്മകുമാര്‍ ഐപിഎസ്, ഡിവൈഎസ്പി കെ ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ തെളിവ് നശിപ്പിച്ചതിനും കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്ത് നടപടിയെടുക്കും. മാത്രമല്ല, പ്രത്യേക അന്വേഷണ സംഘത്തലവന്‍ എ ഹേമചന്ദ്രന്‍ ഐപിഎസ് അടക്കമുള്ള മറ്റ് ഉദ്യോസ്ഥന്മാരുടെ പങ്കിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.
ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള പ്രതികളെ രക്ഷപ്പെടുത്താന്‍ വേണ്ടി പ്രവര്‍ത്തിച്ചതായി കമ്മീഷന്‍ കണ്ടെത്തിയ മുന്‍ എംഎല്‍എമാരായ തമ്പാനൂര്‍ രവി, ബെന്നി ബെഹാന്‍ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.
, സരിത എസ് നായര്‍ക്കെതിരെ ലൈംഗിക പീഡനവും ബലാത്സംഗവും നട്‌റ്തായി തെളിഞ്ഞ സാഹചര്യത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.
കേരള പൊലീസ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്ന ജി ആര്‍ അജിത്തിനെതിരെ വകുപ്പുതല നടപടിയും കേസ് രജിസ്റ്റര്‍ ചെയ്ത് വിജിന്‍സ് അന്വേഷണവും നടത്തുന്നതാണ്.
കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, സംസ്ഥാനത്തെ പൊലീസ് അന്വേഷണ സംവിധാനത്തെ ശക്തവും കാര്യക്ഷമവും പക്ഷപാതരഹിതവും ആക്കുന്നതിനെ സംബന്ധിച്ചും പൊലീസ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളേയും പരിധിയേയും സംബന്ധിച്ചും ജയിലില്‍ നിന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗരേഖകള്‍ സംബന്ധിച്ചും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നതിനായി റിട്ട. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായി ഒരു കമ്മീഷനെ നിയമിക്കുന്നതാണെന്നും പിണറായി അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here