രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി (രാഷ്ട്രീയ ലേഖകന്‍): കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേല്‍ക്കാന്‍ ഒടുവില്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചത് പാര്‍ട്ടിവൃത്തങ്ങളില്‍ ആശ്വാസം ഉളവാക്കിയിട്ടുണ്ട്. ഒപ്പംതന്നെ അല്‍പ്പം ആശങ്കകളും ഇല്ലാതില്ല.
പാര്‍ട്ടിയുടെ നേതൃത്വസ്ഥാനം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുമ്പ് ആവശ്യപ്പെട്ടപ്പോഴൊക്കെയും 47കാരനായ രാഹുല്‍ ഗാന്ധി ‘ഒഴിഞ്ഞുമാറുക’ യായിരുന്നുവന്നതാണ് ആശ്വാസത്തിന് വകനല്‍കുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ ‘യഥാര്‍ഥ നേതാവ്’ ആയിരുന്ന കാലത്ത് സംഘടനാപരമായും രാഷ്ട്രീയമായും അത്ര മെച്ചമൊന്നുമല്ലാത്ത ഒരു ട്രാക്ക് റെക്കോഡാണ് രാഹുലിനുള്ളതെന്നതാണ് ആശങ്കപരത്തുന്നത്. കഴിഞ്ഞ നാലുവര്‍ഷക്കാലമായി രാഹുലിന് കൂടുതല്‍അധികാരങ്ങള്‍ നല്‍കിക്കൊണ്ട് നേതൃസ്ഥാനംകൈമാറാനുള്ള ഒരുക്കത്തിലായിരുന്നു സോണിയ ഗാന്ധി.
പരസ്പരം അങ്കംവെട്ടുന്ന കോണ്‍ഗ്രസ് നേതാക്കളെ ഒരുമിപ്പിച്ചുനിര്‍ത്താന്‍ ഒരു ഗാന്ധി ‘ഭാഗ്യചിഹ്നം’ ആവശ്യമാണ്. അല്‍പ്പം വൈകിയാണെങ്കിലും അനിര്‍വാര്യമായ നേതൃത്വമാറ്റം ഔപചാരികമായി സംഭവിക്കുന്നത് നല്ലകാര്യമായിട്ടാണ് അവര്‍ കരുതുന്നത്. സംഘടനാപരമായ ആശയക്കുഴപ്പങ്ങളും വ്യതിചലനങ്ങളും ഒഴിവാക്കുന്നതിന് അതുകൊണ്ടുകഴിയും. യുഎസിലെ യുണിവേഴ്‌സിറ്റികളിലായാലും രാജ്യത്തിനുള്ളിലായാലും സമീപകാലത്ത് പൊതുരംഗത്തെ മെച്ചപ്പെട്ട പ്രകടനങ്ങള്‍ രാഹുലിന്റെ ഒരു ‘രണ്ടാംവരവായിട്ടാണ’ പാര്‍ട്ടിയില്‍ പലരും പ്രത്യാശയോടെ കാണുന്നത്. രാഹുല്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അദ്ദേഹം കോണ്‍ഗ്രസ് പ്രസിഡന്റാകുന്ന ഉടന്‍തന്നെ ‘2019ലെ മോദി-രാഹുല്‍ പോരാട്ടം’ ആരംഭിക്കും.

അനുകൂല കാലാവസ്ഥ
കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ രാഹുലിനോട് അഭ്യര്‍ഥിക്കുന്ന പ്രമേയം പാര്‍ട്ടി പ്രവര്‍ത്തകസമിതി പാസാക്കിയിട്ടു ഒരുവര്‍ഷത്തോളമാകുന്നു. അതിനുള്ള ഒരുസമയമായിരുന്നു പ്രശ്‌നം. കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുകള്‍ ഈമാസം പൂര്‍ത്തിയാകുകയാണ്. അതോടൊപ്പംതന്നെ രാഷ്ട്രീയമായ കാലാവസ്ഥയും അനുകൂലമാകുകയാണ്. സാമ്പത്തിക മാന്ദ്യം, കറന്‍സി പിന്‍വലിക്കലിന്റെ ദുരന്തഫലങ്ങള്‍,ജിഎസ്ടി നടപ്പാക്കിയതിന്റെ ആഘാതങ്ങള്‍, കാര്‍ഷികമേഖലയിലെ ദുരിതങ്ങള്‍,തൊഴിലവസരങ്ങള്‍ കുറഞ്ഞുവരുന്നതില്‍ യുവജനതക്കുള്ള അസംതൃപ്തി, ഇന്ധന വില ഉയരുന്നതിലും വിലക്കയറ്റത്തിലും മധ്യവര്‍ഗക്കാര്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള പ്രതിഷേധം, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ തകര്‍ച്ച, വ്യവസായമേഖലയിലാകെ ഉണ്ടായിട്ടുള്ള നിരാശ എന്നിവയെല്ലാം ഒത്തുവന്നിരിക്കുകയാണ്.2014ല്‍ കാവിസംഘത്തിന്റെ വന്‍വിജയത്തിന് ശേഷം ഇവയെല്ലാം ഒരേസമയത്തുണ്ടായിരിക്കുന്നു.
മോദി ഗവണ്‍മെന്റിന്റെയും ബിജെപിയുടെയും വികസനതന്ത്രം പാളുമ്പോള്‍ 18 മാസങ്ങള്‍ അകലെയുള്ള പൊതുതെരെഞ്ഞെടുപ്പ് പ്രതിപക്ഷനിരയില്‍ പ്രത്യാശപരത്തുന്നു. സംഘപരിവാര്‍ സംഘടനകളുടെ അതിക്രമങ്ങളില്‍ സാമൂഹ്യ രംഗത്ത് അസ്വസ്ഥതപടരുന്നതും ന്യുനപക്ഷങ്ങളും ദളിത് വിഭാഗങ്ങളും ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും രോഷാകുലരായിമാറുന്നതും ഇതിനൊപ്പംതന്നെ സംഭവിക്കുന്ന കാര്യമാണ്. പ്രതിപക്ഷപാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം ഒരു രാഷ്ട്രീയമുന്നേറ്റത്തിന് സാമൂഹ്യവും രാഷ്ട്രീയവുമായ എല്ലാഘടകങ്ങളും ഒത്തിണങ്ങി വന്നിട്ടുള്ള ശരിയായസമയമാണിത്.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ നേതൃത്വസ്ഥാനം ഏറ്റെടുക്കാന്‍ രാഷ്ട്രീയമായി ഏറ്റവും പക്വമായസമയം ഇതുതന്നെയെന്നു കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. 2013 ല്‍ ജയ്പുര്‍ എഐ സി സി സമ്മേളനം രാഹുലിനെ കോണ്‍ഗ്രസ് വൈസ്-പ്രസിഡന്റായി തെരെഞ്ഞെടുക്കുമ്പോള്‍ത്തന്നെ നേതൃത്വമാറ്റം എന്ന ലക്ഷ്യം മുന്നില്‍ കണ്ടിരുന്നു. രാഹുല്‍ പ്രസിഡന്റ് സ്ഥാനമേറ്റാലും ഒരു മാര്‍ഗദര്‍ശിയെന്ന നിലയില്‍ സോണിയഗാന്ധി രംഗത്തുണ്ടാകും. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി മോദി തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നു ജനം തിരിച്ചറിയുകയും സാമ്പത്തിക മേഖലയില്‍ തെറ്റായനടപടികള്‍ സ്വീകരിച്ചതിലൂടെ ജനജീവിതം ദുസ്സഹമാക്കുകയും ചെയ്തസാഹചര്യത്തില്‍ പ്രധാനമന്ത്രിയെയും ബിജെപിയെയും അവരുടെ തെറ്റുകള്‍ക്ക് കണക്കുപറയിക്കാനുള്ള പോരാട്ടമായിരിക്കും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുകയെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ള വിശ്വാസം വീണ്ടെടുക്കുമെന്നും രാജ്യസഭയില്‍ പാര്‍ട്ടിയുടെ ഉപനേതാവായ ആനന്ദ് ശര്‍മ്മ പറയുന്നു.
അരനൂറ്റാണ്ടു കാലം ഇന്ത്യ ഭരിക്കുകയും ഇന്ദിരഗാന്ധിയുടെയും രാജീവ്

രാഹുല്‍ സോണിയ പ്രിയങ്ക

ഗാന്ധിയുടെയും ഗംഭീരമായ തെരെഞ്ഞെടുപ്പ് വിജയങ്ങള്‍ക്കും നരസിംഹ റാവുവിന്റെ ‘ചാണക്യ തന്ത്രങ്ങള്‍ക്കും’ ശേഷവും അധികാരത്തിനു പുറത്താക്കുകയും റൈസിന ഹില്ലിലേക്കു തിരിച്ചെത്താനുള്ള വഴി കണ്ടെത്തുകയും ചെയ്തിട്ടുള്ള ഇന്ത്യയിലെ ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി 2014ലെ പരാജയത്തെയും അങ്ങനെയേ കാണുന്നുന്നുള്ളു. ബിജെപി കൂടുതല്‍ ജനങ്ങളെ നിരാശപ്പെടുത്തുമ്പോള്‍ ഭരണം നടത്തുന്നതിനുള്ള സ്വാഭാവിക പാര്‍ട്ടിയായി കോണ്‍ഗ്രസിനെയാകും കാണുകയെന്നും ഇന്ത്യയിലെ തെരെഞ്ഞെടുപ്പു ചരിത്രം അത് സാക്ഷ്യപ്പെടുത്തുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

വെല്ലുവിളികള്‍ ഏറെ
ചരിത്രത്തിലുള്ള വിശ്വാസം എന്തായിരുന്നാലും രാഹുല്‍ ഗാന്ധിയും പാര്‍ട്ടിയും, പ്രത്യേകിച്ചും മോദി-അമിത് ഷാ കൂട്ടുകെട്ട് നയിക്കുന്ന ബിജെപിയെ നേരിടുമ്പോള്‍ നിലനില്‍പ്പിന്റെതന്നെയായ രാഷ്ട്രീയവെല്ലുവിളികളാണ് നേരിടുന്നതെന്ന് പാര്‍ട്ടിയിലെ പലനേതാക്കളും സമ്മതിക്കുന്നുണ്ട്. രാഹുല്‍ഗാന്ധി പ്രതിച്ഛായയുടെ ഒരുപ്രതിസന്ധി നേരിടുന്നുണ്ട്. അതാകട്ടെ ‘അധികാരം വിഷമാണെന്ന’ മട്ടിലുള്ള അദ്ദേഹത്തിന്റെതന്നെ സമീപനം സൃഷ്ടിച്ചതുമാണ്. കാര്യങ്ങള്‍ ഏറ്റെടുക്കുന്നതില്‍ കാട്ടിയ വിമുഖത, അകന്നുനില്‍ക്കല്‍, രാഷ്ട്രീയേതരമായപരീക്ഷണങ്ങള്‍, തീരുമാനങ്ങളെടുക്കുന്നതിലുള്ള വിമുഖത എന്നിവയെല്ലാം അതിലുള്‍പ്പെടും.ബിജെപിക്ക് വേണ്ടി സാമൂഹ്യമാധ്യമങ്ങള്‍ കൈകാര്യംചെയ്യുന്നവര്‍ ‘യുവരാജ’, ‘പപ്പു’ തുടങ്ങിയ പ്രയോഗങ്ങളിലൂടെ അദ്ദേഹത്തെ പരിഹസിച്ചതിന്റെ ഫലംകൂടിയായിരുന്നു അത്. ‘വിദേശിയായ സോണിയ’ എന്ന് മുമ്പ് നടത്തിയ പ്രചാരണത്തിന്റെ മറ്റൊരുതരത്തിലുള്ള ആവര്‍ത്തനമായിരുന്നു രാഹുലിനെതിര സാമൂഹ്യമാധ്യമങ്ങളില്‍ ബിജെപിക്കാര്‍ നടത്തിയ ആക്രമണം.
എന്നാല്‍ രാഹുലിനും കോണ്‍ഗ്രസിനുമെതിരെ ബിജെപിക്കാര്‍ നടത്തിയ അപവാദ പ്രചാരണങ്ങള്‍ അതിന്റെ പാരമ്യതയിലെത്തിയെന്നും ഇനിയിപ്പോള്‍ മോദിയുടെയും ബിജെപിയുടെയും ജനപ്രീതി ഇടിയുകയും രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണ ഏറുകയുമായിരിക്കും ചെയ്യുകയെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു. 10 വര്‍ഷങ്ങള്‍ തുടര്‍ച്ചയായി അധികാരത്തിലുണ്ടായിരുന്നതിനാല്‍ ഭരണവിരുദ്ധവികാരം ശക്തമായിരുന്നുവെന്നും 2014 ലെ പരാജയത്തിന് അതൊരുവലിയ കാരണമായിയെന്നും എന്നാല്‍ യുവാക്കളും സ്ത്രീകളും മധ്യവര്‍ഗക്കാരും പാവപ്പെട്ടവരുമായ ഓരോവിഭാഗക്കാര്‍ക്കും മോദി നല്‍കിയ വാഗ്ദാനങ്ങള്‍ പൊള്ളയായിരുന്നുവെന്നു ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസും ഒരു ടീമിനെയിപ്പോള്‍ രാജ്യത്തൊട്ടാകെ രംഗത്തിറക്കിയിട്ടുണ്ട്. അവര്‍ മോദിയുടെ ഭരണപരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിലൂടെ രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും പ്രതിച്ഛായ ശരിയാക്കുന്ന പ്രവര്‍ത്തനമാണ് നടത്തുന്നത്. മുമ്പത്തെപ്പോലെ ഒരു ‘ഒണ്‍ വേ’ ട്രാഫിക്കല്ല ഇപ്പോഴുള്ളതെന്നു സോഷ്യല്‍ മീഡിയ നിരീക്ഷിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു.

പരീക്ഷ വിജയിക്കണം
നേതൃത്വമേറ്റെടുക്കുന്ന രാഹുല്‍ ആദ്യം തന്റെ സംഘടനാപരവും രാഷ്ട്രീയവുമായ നേതൃത്വ പാടവം തെളിയിക്കുകയെന്ന പരീക്ഷ വിജയിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ അതിനെ ശക്തമാക്കുന്നതിലൂടെയും അടുത്ത ലോക്‌സഭ തെരെഞ്ഞെടുപ്പിനുമുമ്പായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുകയും ചെയ്യുകയെന്നതാണത്. 2013നു ശേഷം അദ്ദേഹം യൂത്ത് കോണ്‍ഗ്രസില്‍ നടത്തിയ തെരെഞ്ഞെടുപ്പ് പരീക്ഷണവും മുതിര്‍ന്ന നേതാക്കളില്‍നിന്നും അകലംപാലിച്ചുകൊണ്ട് സൈദ്ധാന്തികന്മാരെയും കോണ്‍ഗ്രസിലേക്ക് പുതുതായി എത്തിയവരെയും തെരെഞ്ഞെടുപ്പ് വാണിജ്യ വിദഗ്ധരെയും എന്‍ജിഒകളെയുമെല്ലാം കൂടുതല്‍ ആശ്രയിച്ചതുമെല്ലാം തിരിച്ചടിയാകുകയാണുണ്ടായത്. പ്രായോഗികത ഇല്ലാതെ പുസ്തകജ്ഞാനത്തിലൊതുങ്ങിയ ആ നടപടികള്‍ ഇന്ദിരഗാന്ധിയുടെ കാലഘട്ടത്തില്‍ ഉയര്‍ന്നുവന്നവരും സോണിയയുഗത്തെ വളര്‍ത്തിയെടുത്തവരുമായ മുതിര്‍ന്നനേതാക്കള്‍ക്ക് ഉള്‍ക്കൊള്ളാന്‍കഴിയാതെ വരുകയും ആഭ്യന്തര സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തു. രാഹുലിന്റെ ഈ സമീപനം മുതിര്‍ന്ന പല നേതാക്കളെയും അകറ്റിനിര്‍ത്തിക്കൊണ്ടു ‘ഡൂണ്‍ സ്‌കൂള്‍ ബോയിസിനെ’ പ്രോത്സാഹിപ്പിച്ച രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തെയാണ് അനുസ്മരിപ്പിച്ചത്. മുതിര്‍ന്ന നേതാക്കളെ ‘അധികാര ദല്ലാളന്മാര്‍’ എന്നുപോലും രാജീവ് അധിക്ഷേപിക്കുകയുണ്ടായി. 1989 ലെ പരാജയത്തിന് ശേഷമാണ് രാജീവ് ഗാന്ധി പക്വതയുള്ള ഒരുരാഷ്ട്രീയനേതാവായി മാറിയത്.
മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയെ നേരിടുന്നതിന് കൂട്ടായ ഒരു നേതൃത്വം വളര്‍ത്തിയെടുക്കുകയെന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുക. അനുഭവസമ്പത്തുള്ള അറുപതുകളുടെയും എഴുപതുകളുടെയും അന്ത്യത്തോടു അടുത്ത് നില്‍ക്കുന്ന നേതാക്കളെ നിലനിര്‍ത്തുകയെന്നതിനൊപ്പം ഭാവിയെ മുന്‍ നിര്‍ത്തി യുവതലമുറയെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യമാണ് നിറവേറ്റണ്ടത്.അത് വളരെ ദുഷ്‌കരമായ ഒരു കടമയായിരിക്കും.
ഒരിക്കല്‍ തനിക്കു പ്രിയപ്പെട്ട നേതാക്കളായിരുന്ന മോഹന്‍ പ്രകാശ്, മധുസൂദന്‍ മിസ്ത്രി, അശോക് ചൗധരി എന്നിവരെ പ്രധാന ചുമതലകളില്‍ നിന്നും ഒഴിവാക്കാമെന്ന് രാഹുല്‍ സമ്മതിച്ചിട്ടുണ്ട്. അതോടൊപ്പം അഹമ്മദ് പട്ടേല്‍ , ഗുലാംനബി ആസാദ്, കമല്‍നാഥ്, ദിഗ്വിജയ് സിങ്,എ കെ ആന്റണി, അംബിക സോണി, ജനാര്‍ദന്‍ ദ്വിവേദി തുടങ്ങിയ നേതാക്കളുടെ സ്ഥാനത്തേക്ക് കെസി വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജേവാല, അവിനാശ് പാണ്ഡെ, ദീപക് ബാബറിയ തുടങ്ങിയ യുവനേതാക്കളെ ഉയര്‍ത്തിക്കൊണ്ടുവരുകയും ചെയ്യും. ഗിരീഷ് കോടങ്കര്‍, ആര്‍പിഎന്‍ സിങ്, രാജീവ് സത്താവ്, സുബൈര്‍ഖാന്‍, കെ രാജു, സുബ്ഹാന്‍കാര്‍ സര്‍ക്കാര്‍, പ്രകാശ് ജോഷി എന്നിവരും എഐസിസി തലപ്പത്തേക്കുയരാന്‍ ഒരുങ്ങുന്നവരാണ്.

ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും

രാജസ്ഥാന്‍ പിസിസി പ്രസിഡന്റായ സച്ചിന്‍ പൈലറ്റിനെ പിന്തുണക്കുമ്പോള്‍ത്തന്നെ ജിതേന്ദ്രസിങിനും ഭാവിയില്‍ വലിയ ചുമതലകള്‍ നല്‍കും. എസ് കെ ഷിണ്ഡെയെപ്പോലെ അശോക് ഗെലോട്ടിനെയും എഐസി സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. മഹാരാഷ്ട്രയില്‍ അശോക് ചവാന്റെ നേതൃത്വത്തിലുള്ള പിസിസി യെ പിന്തുണക്കുമ്പോള്‍ത്തന്നെ കുമാരി ഷെല്‍ജ, രണ്‍ദീപ് സുര്‍ജേവാല എന്നിവരെയും പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ മേധാവിത്വം അംഗീകരിച്ചുകൊണ്ടുതന്നെ നവജോത് സിങ് സിദ്ധു ഉള്‍പ്പടെയുള്ള ഒരുനിരയെയും വളര്‍ത്തിക്കൊണ്ടു വരും. തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന മധ്യപ്രദേശില്‍ പിസിസി പ്രസിഡന്റായി കമല്‍ നാഥിനെയാകുമോ ജ്യോതിരാദിത്യസിന്ധ്യയെ ആയിരിക്കുമോ നിയമിക്കുകയെന്നത് ആകാംക്ഷയുണര്‍ത്തുന്നുണ്ട്. പാര്‍ട്ടിയിലെ ആഭ്യന്തര സമവാക്യങ്ങളെ നിര്‍ണ്ണയിക്കുന്ന നിയമനമായിരിക്കുമത്.

ഗരീബി ഹഠാവോ വീണ്ടും
രാഹുല്‍ ഗാന്ധി നേതൃത്വമേല്‍ക്കുന്നതോടെ കോണ്‍ഗ്രസ് കൂടുതലും ദരിദ്രര്‍ക്ക് അനുകൂലമായതും ക്ഷേമനടപടികളില്‍ ഊന്നുന്നതുമായ ഒരു പാര്‍ട്ടിയായി മാറും. അതെസമയം സാമ്പത്തികപരിഷ്‌ക്കരണ നടപടികള്‍ തുടരുകയും ചെയ്യും. ദരിദ്ര ജനവിഭാഗങ്ങള്‍ക്കനുകൂലമായ നടപടികള്‍ സ്വീകരിച്ച ഇന്ദിരഗാന്ധിയുടെ നയങ്ങളില്‍ ഉറച്ചുവിശ്വസിക്കുന്ന ആളാണ് രാഹുല്‍. യുകെയില്‍ കൂടുതല്‍ ഇടതുപക്ഷത്തേക്ക് മാറിയ ലേബര്‍ പാര്‍ട്ടിയുടെ മുന്നേറ്റങ്ങള്‍ അദ്ദേഹം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.
ചുരുക്കത്തില്‍ ഇപ്പോള്‍ മൃതാവസ്ഥയിലായ കോണ്‍ഗ്രസിന്റെ കഴിവുകള്‍ക്കു തിരികൊളുത്താന്‍ രാഹുലിന് കഴിയുമോയെന്നതാണ് ഉയരുന്ന വലിയ ചോദ്യം.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here