ന്യൂഡല്‍ഹി: ഭരണഘടനയുടെ പവിത്രത ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം, സാമൂഹ്യ മാറ്റത്തിന്റെ രാസതത്വരകമായി മാറാന്‍ ഗവര്‍ണര്‍മാര്‍ക്ക് കഴിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതി ഭവനില്‍ ഗവര്‍ണര്‍മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
2022 ഓടെ ”പുതിയ ഇന്ത്യ” എന്ന ലക്ഷ്യത്തെ കുറിച്ചും പരാമര്‍ശിച്ച പ്രധാനമന്ത്രി, ഇതിനെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിലൂടെ മാത്രമേ ആ ലക്ഷ്യം കൈവരിക്കാനാവു എന്ന് എടുത്തുകാട്ടിയതായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.
മുദ്രാ പദ്ധതി അനുസരിച്ച് ഗിരിവര്‍ഗക്കാര്‍ക്കും, ദളിതര്‍ക്കും, സ്ത്രീകള്‍ക്കും, പ്രത്യേകിച്ച് നവംബര്‍ 26ലെ ഭരണഘടനാ ദിനത്തിനും, ഡിസംബര്‍ ആറിലെ അംബേദ്കര്‍ ദിനത്തിനും ഇടയിലുള്ള കാലത്ത്, വായ്പ നല്‍കാന്‍ ഗവര്‍ണര്‍മാര്‍ ബാങ്കുകളെ പ്രേരിപ്പിക്കണം. ഇക്കാര്യത്തില്‍ അധ്യാപക-വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തണം. ശുചീകരണ മാതൃകയാകാനും ഗവര്‍ണര്‍മാരോട് മോദി നിര്‍ദ്ദേശിച്ചു.
രാഷ്ട്ര നിര്‍മ്മാണ പ്രക്രീയയില്‍ യുവജനതയെ ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത നേരത്തെ സമ്മേളത്തില്‍ ആമുഖ പ്രസംഗം നടത്തിയ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഊന്നിപ്പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിലും ശേഷി വികസനത്തിലും സംസ്ഥാനതലത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
27 ഗവര്‍ണര്‍മാരും മൂന്നു ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരും സംബന്ധിച്ചു. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, മറ്റ് കേന്ദ്രമന്ത്രിമാര്‍ എന്നിവരും പങ്കെടുത്തു.
‘സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസം’, ‘യുവദനതയ്ക്ക് തൊഴില്‍ നല്‍കുന്ന ശേഷി വികസനവും വ്യവസായ സംരംഭങ്ങളും’ എന്നീ വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളോടെയാണ് ഗവര്‍ണര്‍മാരുടെ 48-ാമത് സമ്മേളനത്തിന്റെ ആദ്യ ദിനം സമാപിച്ചത്. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജവദേക്കര്‍, ധര്‍മ്മേന്ദ്ര പ്രധാന്‍ വിഷയാവതരണം നടത്തി. ഗവര്‍ണര്‍മാര്‍ സംസ്ഥാനങ്ങളിലെ അനുഭവം പങ്കുവച്ചു. നീതി അയോഗ് ഉപാധ്യക്ഷന്‍ ഡോ. രാജീവ് കുമാര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here