ടൂ സ്റ്റാര്‍ മുതല്‍ താഴേക്കുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍

33

കൊച്ചി: സംസ്ഥാനത്ത് ത്രീസ്റ്റാര്‍ മുതലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കാമെന്നതാണ് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാമെന്നും ടൂ സ്റ്റാര്‍ മുതല്‍ താഴേക്കുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിക്കാനാവില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ബാര്‍ ലൈസന്‍സ് ത്രീ സ്റ്റാര്‍ മുതലുള്ള ഹോട്ടലുകള്‍ക്കായി 2002 ല്‍ പരിമിതപ്പെടുത്തിയപ്പോള്‍ സുപ്രീം കോടതി ആ ഭേദഗതി ശരിവച്ചിരുന്നു. മാത്രമല്ല, മദ്യവ്യാപാരം മൗലിക അവകാശമല്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ജിക്കാര്‍ ത്രീസ്റ്റാര്‍ മുതലുള്ള ഹോട്ടലുടമകളല്ല. ടൂ സ്റ്റാര്‍ മുതല്‍ താഴേക്കുള്ള ഹോട്ടലുകള്‍ക്ക് 2002 ല്‍ തന്നെ ബാര്‍ ലൈസന്‍സ് നല്‍കേണ്ടെന്ന് വന്നെങ്കിലും സ്റ്റാര്‍ പദവി ഉയര്‍ത്താന്‍ സമയം നല്‍കി 2010 വരെ ഇവര്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ചിരുന്നു. എന്നാല്‍ ഇത്തരം ലൈസന്‍സ് നിലനില്‍ക്കില്ലെന്ന് 2010 ലെ സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. പിന്നീട് 2014 ല്‍ ബാര്‍ ലൈസന്‍സ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമാക്കിയപ്പോള്‍ ഇതും ശരിവച്ചു.
ഈ വിഷയം പഠിക്കാന്‍ നിയോഗിച്ച ഏകാംഗ കമ്മിഷനും ത്രീസ്റ്റാര്‍ ഹോട്ടല്‍ മുതലുള്ളവയ്ക്ക് ലൈസന്‍സ് നല്‍കിയാല്‍ മതിയെന്ന് നിര്‍ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ടും അബ്കാരി മേഖലയിലെ മറ്റു വിഷയങ്ങളും പരിഗണിച്ചാണ് 2017 ജൂണ്‍ 23 ന് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്. 2014 മാര്‍ച്ച് 31 ന് ബാര്‍ ലൈസന്‍സ് ഉണ്ടായിരുന്ന ത്രീസ്റ്റാര്‍ മുതലുള്ള ഹോട്ടലുകള്‍ക്കാണ് ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ചത്. ഇതും കണക്കിലെടുത്താണ് സര്‍ക്കാരിന്റെ നയതീരുമാനം. സര്‍ക്കാരിന്റെ നയ തീരുമാനങ്ങളില്‍ കോടതിയുടെ ഇടപെടലിന് പരിമിതികളുണ്ട്. ഹരജിക്കാര്‍ എക്‌സൈസ് കമ്മിഷണര്‍ക്ക് നിവേദനം നല്‍കിയെങ്കിലും ചട്ടവിരുദ്ധമായി കമ്മിഷണര്‍ക്ക് ഒന്നും ചെയ്യാനാവില്ല. ത്രീസ്റ്റാറിനു താഴെ ആര്‍ക്കും ബാര്‍ ലൈസന്‍സ് അനുവദിച്ചിട്ടില്ല എന്നതിനാല്‍ ഇതില്‍ വിവേചനമുണ്ടെന്ന ആരോപണവും ശരിയല്ല-സത്യവാങ്മൂലത്തില്‍ പറയുന്നു.
ത്രീസ്റ്റാര്‍ മുതലുള്ള ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ അനുവദിക്കുന്ന പുതിയ മദ്യനയത്തെ ചോദ്യം ചെയ്ത് കേരള ബാര്‍ ഹോട്ടല്‍സ് അസോസിയഷന്റെ ഹരജിയില്‍ നികുതി വകുപ്പ് അണ്ടര്‍ സെക്രട്ടറി എസ്. മുരളിയാണ് ഇതു വ്യക്തമാക്കി സത്യവാങ്മൂലം നല്‍കിയത്. ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here