ചെന്നൈ: സിനിമയില്‍ തനത് ശൈലി കാഴ്ചവയ്ക്കുകയും നിരവധി പേരെ സൂപ്പര്‍താരങ്ങളാക്കുകയും ചെയ്ത പ്രശസ്ത സംവിധായകന്‍ ഐ വി ശശി അന്തരിച്ചു. 69 വയസായിരുന്നു. കാന്‍സര്‍ ബാധിതനായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ചെന്നൈയിലായിരുന്നു. കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നു താമസം.
വാണിജ്യ സിനിമകളില്‍ പുതുവഴി വെട്ടിത്തുറന്ന ഐ വി ശശി മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറ്റന്‍പതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ദേശീയ പുരസ്‌കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സര്‍ക്കാര്‍ 2015ല്‍ ജെ സി ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. നടി സീമയാണ് പത്‌നി. മക്കള്‍: അനു, അനി.
1982 ല്‍ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ് എന്നിവ സ്വന്തമാക്കി. ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്, ആറു തവണ ഫിലിംഫെയര്‍ അവാര്‍ഡും 2015-ല്‍ ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഉത്സവം ആണ് ആദ്യചിത്രം. അവളുടെ രാവുകളിലൂടെ മലയാളത്തിലെ വിലയേറിയ സംവിധായകനായി. അവളുടെ രാവിലെ നായിക സീമയെ പിന്നെ ജീവിതസഖിയാക്കുകയായിരുന്നു.

ഐവി ശശിയും സീമയും

ഇരുപ്പം വീട് ശശിധരന്‍ എന്നാണ് മുഴുവന്‍ പേര്. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഐ വി.ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടിയശേഷമാണു സിനിമയിലെത്തിയത്. ഛായാഗ്രഹണ സഹായിയായി തുടങ്ങിയ ശശി പിന്നീട് സഹ സംവിധായകനായി. ഉത്സവത്തിനു ശേഷം റിലീസായ അവളുടെ രാവുകള്‍ മലയാള ചലച്ചിത്ര ചരിത്രത്തിലെ ഗംഭീര വിജയമായിരുന്നു. പിന്നീട് ജീവിത പങ്കാളിയായ സീമയെ കണ്ടുമൂട്ടുന്നത് അവളുടെ രാവുകള്‍ എന്ന സിനിമയിലൂടെയാണ്. ഏകദേശം മുപ്പതോളം സിനിമകളില്‍ ഇവര്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചെന്ന റെക്കോര്‍ഡുമുണ്ട്.
1968ല്‍ എ വി രാജിന്റെ കളിയല്ല കല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായാണ് ഐ വി ശശി യുടെ തുടക്കം. അയല്‍ക്കാരി (1976), ആലിംഗനം (1976), അഭിനിവേശം (1977), ഇതാ ഇവിടെ വരെ (1977), ആ നിമിഷം (1977), അന്തര്‍ദാഹം (1977), ഊഞ്ഞാല്‍ (1977), ഈ മനോഹര തീരം (1978), അവളുടെ രാവുകള്‍ (1978), ഇതാ ഒരു മനുഷ്യന്‍ (1978), വാടകയ്ക്ക് ഒരു ഹൃദയം (1978), ഞാന്‍ ഞാന്‍ മാത്രം (1978), ഈറ്റ (1978), അലാവുദ്ദീനും അത്ഭുതവിളക്കും (1979), അനുഭവങ്ങളേ നന്ദി (1979), ആറാട്ട് (1979), അങ്ങാടി (1980), കരിമ്പന (1980), അശ്വരഥം (1980), തൃഷ്ണ (1981), അഹിംസ (1981), ഈ നാട് (1982), ഇണ (1982), ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍ (1982), അമേരിക്ക അമേരിക്ക (1983), ആരൂഢം (1983), അതിരാത്രം (1984), ആള്‍ക്കൂട്ടത്തില്‍ തനിയെ (1984), അടിയൊഴുക്കുകള്‍ (1984), കരിമ്പിന്‍ പൂവിനക്കരെ (1985), ആവനാഴി (1986), അടിമകള്‍ ഉടമകള്‍ (1987), അബ്കാരി (1988), മൃഗയ (1989), ഇന്‍സ്‌പെക്ടര്‍ ബല്‍റാം (1991), കള്ളനും പൊലീസും (1992), ദേവാസുരം (1993), ഈ നാട് ഇന്നലെവരെ (2001) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളില്‍ ചിലത്.
2009ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവല്‍ ആണ് അവസാന ചിത്രം. പകലില്‍ ഒരു ഇരവ് (1979), അലാവുദ്ദീനും അദ്ഭുതവിളക്കും (1979), ഒരേ വാനം ഒരേ ഭൂമി (1979), ഗുരു (1980), എല്ലാം ഉന്‍ കൈരാശി (1980), കാലി (1980), ഇല്ലം (1987), കോലങ്ങള്‍ എന്നീ ചിത്രങ്ങള്‍ തമിഴിലും ഹിന്ദിയില്‍ നാലു ചിത്രങ്ങളും ഒരുക്കി
ആദ്യ സംവിധാനം ചെയ്തതായി അറിയപ്പെടുന്ന ചലച്ചിത്രം ‘ഉത്സവം’ ആണ്. പിന്നീട് വന്ന അവളുടെ രാവുകള്‍ എന്ന സിനിമ മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു വിജയ ചിത്രം ആണ്. ഈ ചലച്ചിത്രം പിന്നീട് ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here