മുഖ്യമന്ത്രിയും മറ്റും അനുശോചിച്ചു

11

തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകന്‍ ഐ വി ശശിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
മലയാള സിനിമയുടെ സമവാക്യങ്ങള്‍ തിരുത്തിയെഴുതിയ ഐ വി ശശി അഭ്രപാളിയിലെ തിളക്കങ്ങള്‍ക്കപ്പുറം കഥാപാത്രങ്ങള്‍ക്ക് അപൂര്‍വ ചാരുത നല്‍കിയ സംവിധായകനായിരുന്നു. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുദാന ചടങ്ങില്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു.
തന്റേതായ ശൈലിയില്‍ 150 ലേറെ സിനിമകള്‍ക്ക് അദ്ദേഹം ചലച്ചിത്രഭാഷ്യം ചമച്ചു. ദേശീയോദ്ഗ്രഥനത്തിനുളള ദേശീയ അവാര്‍ഡു ലഭിച്ച ആരൂഢം പോലുളള സിനിമകളിലൂടെ ജനമനസുകളില്‍ അദ്ദേഹം ഇടം നേടിയിരുന്നു.
ജെ സി ഡാനിയല്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട് സംവിധാന കലയ്ക്കായി ജീവിതം സമര്‍പ്പിച്ച ഐ വി ശശി മലയാളപ്പെരുമയെ ദേശാതീതമായി ഉയര്‍ത്തി. വേര്‍പാടില്‍ കുടുംബാഗങ്ങളോടൊപ്പം ദുഖം പങ്കിടുന്നതായും മുഖ്യമന്ത്രി അറിയിച്ചു

രമേശ് ചെന്നിത്തല
കലാമൂല്യത്തിനും സാങ്കേതികത്തികവിനുമൊപ്പം സാമൂഹ്യ വിമര്‍ശനവും ചാലിച്ചു ചേര്‍ത്ത അദ്ദേഹം ജനപ്രിയ സിനിമയ്ക്ക് പുതിയ വ്യാകരണം സൃഷ്ടിച്ച സംവിധാന പ്രതിഭയായിരുന്നു ഐ വി ശശിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. മലയാളത്തിന്റെ ഹിറ്റ് മേക്കറായിരുന്നു ഐ വി ശശി. ലോകത്ത് ഏറ്റവുമധികം സിനിമ സംവിധാനം ചെയ്ത സംവിധായകരില്‍ ഒരാളായിരുന്നു അദ്ദേഹം. ഐ വി ശശിയുടെ വിയോഗം മലയാള സിനിമാ ലോകത്തിനും, സാംസ്‌കാരിക ലോകത്തിനും കനത്ത നഷ്ടമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

കാനം രാജേന്ദ്രന്‍
രാഷ്ട്രീയ ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ചലച്ചിത്രകാരന്‍ ആയിരുന്നു ഐ വി ശശി എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്തമ സുഹൃത്തും ബന്ധുവുമായിരുന്നു ഐ വി ശശി എന്ന് കാനം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

എംഎം ഹസന്‍
മലയാള ചലച്ചിത്രമേഖലയുടെ വളര്‍ച്ചയ്ക്ക് സമഗ്ര സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു ഐ വി ശശിയുടേതെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. അദ്ദേഹത്തിന്റെ ദേഹവിയോഗം മലയാള സിനിമാ മേഖലയ്ക്ക് ഒരു വലിയ നഷ്ടമാണെന്ന് ഹസന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പന്ന്യന്‍ രവീന്ദ്രന്‍
സിനിമാ രംഗത്ത് വേറിട്ട വഴി കണ്ടെത്തിയ അതുല്യ പ്രതിഭയായിരുന്നു ഐ വി ശശി എന്ന് സിപിഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയ രംഗത്തെ വിഷയങ്ങള്‍ സിനിമ എന്ന ഫ്രയിമിലൂടെ, വിമര്‍ശന വിധേയമായി ജനങ്ങളുടെ മുന്നില്‍ കൊണ്ടുവരുന്നതില്‍ ആദ്യമായി പരിശ്രമിച്ച് വിജയിച്ച കലാകാരനായിരുന്നു അദ്ദേഹമെന്നും പന്ന്യന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ലോഹിതദാസ്, ഭരതന്‍ എന്നിവര്‍ക്കൊപ്പം ഐ വി ശശി

ബിനോയ് വിശ്വം
മലയാള സിനിമയില്‍ പുതിയ ഭാവുകത്വത്തിന്റെ വഴിത്തിരിവ് കുറിച്ച സംവിധായകനായിരുന്നു ഐ വി ശശി എന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം. സാധാരണക്കാരുടെ കഥ പറയുകവഴി സിനിമയെ ജനങ്ങളിലേക്ക് എത്തിക്കാന്‍ അദ്ദേഹം മുന്‍കൈ എടുത്തു. ഒട്ടേറെ പുതിയ നടീനടന്മാരെ അദ്ദേഹം മലയാളത്തിന് പരിചയപ്പെടുത്തി. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ബന്ധുവായ അദ്ദേഹം വ്യക്തിപരമായി തങ്ങളില്‍ പലരോടും പുലര്‍ത്തിയ സ്‌നേഹബന്ധങ്ങള്‍ ബിനോയ് വിശ്വം അനുസ്മരിച്ചു.

കമല്‍ഹാസന്‍
നാല്‍പ്പത്തി അഞ്ച് വര്‍ഷം തന്റെ സുഹൃത്തായിരുന്ന ഐ വി ശശി ഇനി ഇല്ലെന്ന് കമല്‍ഹാസന്‍ ട്വീറ്റില്‍ കുറിച്ചു. സിനിമ വ്യവസായവും ഞാനും അദ്ദേഹത്തിന്റെ മരണത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തുന്നു. സഹോദരിയായ സീമക്കും കുടുംബത്തിനും എല്ലാ പിന്തുണയും സ്നേഹവും നല്‍കുന്നതായും കമല്‍ഹാസന്‍ പറഞ്ഞു.

മോഹന്‍ലാല്‍
പച്ച മനുഷ്യരുടെ ജീവിതം കൊണ്ട് വെള്ളിത്തിരയില്‍ ഉത്സവം നടത്തിയ മഹാനായ ചലച്ചിത്രകാരനാണ് ഐവി ശശിയെന്ന് നടന്‍ മോഹന്‍ലാല്‍. താനടക്കമുള്ള നടന്‍മാരെയും, കാഴ്ചക്കാരെയും സിനിമാ വിദ്യാര്‍ഥികളാക്കിയ മലയാള സിനിമയുടെ മാസ്റ്റര്‍ക്ക്, എന്റെ പ്രിയപ്പെട്ട സാറിന് പ്രണാമമര്‍പ്പിക്കുന്നതായും മോഹന്‍ലാല്‍ പറഞ്ഞു.

മമ്മുട്ടി
പ്രീയപ്പെട്ടവന്റെ വിയോഗം തന്നെ തളര്‍ത്തുന്നതായി നടന്‍ മമ്മുട്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം

LEAVE A REPLY

Please enter your comment!
Please enter your name here