സി എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

5

തിരുവനന്തപുരം: കേരളത്തില്‍ സ്ഥിരതാമസക്കാരായ മുസ്ലീം, ലത്തീന്‍ ക്രിസ്ത്യന്‍/മതപരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളില്‍ നിന്നും 2017-18 അധ്യയന വര്‍ഷത്തേയ്ക്ക് സി എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്/ ഹോസ്റ്റല്‍ സ്റ്റൈപ്പന്റിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബിരുദത്തിന് പഠിക്കുന്നവര്‍ക്ക് 5,000/- രൂപാ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവര്‍ക്ക് 6,000/- രൂപാ വീതവും, പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്നവര്‍ക്ക് 7,000 രൂപാ വീതവും ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് ഇനത്തില്‍ 13,000/- രൂപാ വീതവുമാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
ഒരു വിദ്യാര്‍ഥിനിക്ക് സ്‌കോളര്‍ഷിപ്പ് അല്ലെങ്കില്‍ ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. കേരള സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും, പൊതു പ്രവേശന പരീക്ഷയെഴുതി സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നേടി സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ആദ്യ വര്‍ഷങ്ങളില്‍ അപേക്ഷിക്കാന്‍ കഴിയാതെ പോയവര്‍ക്കും ഇപ്പോള്‍ പഠിക്കുന്ന വര്‍ഷത്തേയ്ക്ക് അപേക്ഷിക്കാം.
യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ താഴെയുള്ളവരുമായിരിക്കണം. കോളേജ് ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും, സ്ഥാപന മേധാവി അംഗീകരിച്ച സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്റ്റൈപ്പന്റിന് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.www.minoritywelfare.kerala.gov.in  എന്ന വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍-30. അപേക്ഷയുടെ പ്രിന്റ് ഔട്ട് സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി അയയ്‌ക്കേണ്ട വിലാസം ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാംനില, വികാസ് ഭവന്‍, തിരുവനന്തപുരം-33. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 – 2302090, 2300524.

LEAVE A REPLY

Please enter your comment!
Please enter your name here