പദ്മാവതിക്കെതിരെ ഹരിയാന സര്‍ക്കാര്‍

11

ചണ്ഡിഗഡ്: പദ്മാവതിക്കെതിരെ ഹരിയാന സര്‍ക്കാര്‍. സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രം പദ്മാവതി രാജ്യവ്യാപകമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് ഹരിയാന സര്‍ക്കാര്‍.
സംസ്ഥാന ആരോഗ്യമന്ത്രി അനില്‍ വിജ് ആണ് പദ്മാവതിക്കെതിരെ രംഗത്തെത്തിയത്. മേവാറിലെ റാണി പദ്മാവതിയോട് ഡല്‍ഹി ഭരണാധികാരി അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം. ചിത്രത്തിനെതിരെ രാജസ്ഥാനിലെ രജപുത് വിഭാഗക്കാര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
ദീപിക പദുക്കോണ്‍ റാണി പദ്മാവതിയും, രണ്‍വീര്‍ സിംഗ് അലാവുദ്ദീന്‍ ഖില്‍ജിയായും അഭിനയിക്കുന്ന ചിത്രത്തില്‍ ഈ കഥാപാത്രങ്ങള്‍ തമ്മില്‍ പ്രണയരംഗങ്ങള്‍ ഉള്‍പ്പെട്ടതായി വാര്‍ത്ത പ്രചരിച്ചതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. ചരിത്രത്തെ വളച്ചൊടിച്ച് തെറ്റായ രീതിയില്‍ അവതരിപ്പിക്കുകയാണ് സഞ്ജയ് ലീല ബന്‍സാലിയെന്ന് മന്ത്രി അനില്‍ വിജ് ആരോപിച്ചു.
ലക്ഷക്കണക്കിന് ജനങ്ങളുടെ വികാരങ്ങളാണ് ഇത് വൃണപ്പെടുത്തുന്നത്. ‘റാണി പദ്മിനി ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ അഭിമാനമാണ്. പദ്മാവതിയുടെ വ്യക്തിത്വത്തെ ഹനിക്കുന്ന ഒരു കാര്യവും അനുവദിക്കാന്‍ കഴിയില്ല’ വിജ് വ്യക്തമാക്കി. നേരത്തെ വിവിധ സംഘടനകള്‍ റിലീസ് തടയണമെന്ന ആവശ്യവുമായി ഹൈക്കോടതിയെയും സുപ്രിംകോടതിയെയും സമീപിച്ചിരുന്നെങ്കിലും കോടതി ഹര്‍ജികള്‍ തള്ളിയിരുന്നു. ഡിസംബര്‍ ഒന്നിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തില്‍ ഷാഹിദ് കപൂറും പ്രധാനവേഷത്തിലെത്തുന്നു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here