മത്സര പരീക്ഷകള്‍ക്ക് ദേശീയ ഏജന്‍സി വരുന്നു

9

ന്യൂഡല്‍ഹി: രാജ്യത്തു ദേശീയ തലത്തിലുള്ള വിവിധ പ്രവേശന പരീക്ഷകള്‍ നടത്താന്‍ ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) രൂപീകരിക്കുന്നതിനു കേന്ദ്ര മന്ത്രിസഭയുടെ അനുമതി. ഇന്ത്യന്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്റ്റ്- 1860 പ്രകാരം രജിസ്റ്റര്‍ ചെയ്ത സൊസൈറ്റിയായിട്ടാണ് ഈ മുന്‍നിര സ്വാശ്രയ പരീക്ഷാ സ്ഥാപനം രൂപീകരിക്കുക.
ഇതോടെ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷ നടത്തുന്നതില്‍ നിന്നു സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ (സിബിഎസ്ഇ) ഒഴിവാകും. 40 ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്കു ഗുണകരമാകുന്നതാണ് ഈ ഏജന്‍സിയെന്ന് മാനവ വിഭവശേഷി വികസന മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.
പുതിയ ഏജന്‍സി നിലവില്‍ വരുന്നതോടെ ബോര്‍ഡ് പരീക്ഷകള്‍ മാത്രമായിരിക്കും സിബിഎസ്ഇയുടെ ചുമതലയിലുണ്ടാകുക. ദേശീയ പ്രവേശന പരീക്ഷാ നടത്തിപ്പു ചുമതലയില്‍ നിന്നു സിബിഎസ്ഇ ഒഴിവാകുന്നതോടെ അവര്‍ക്കു പഠനകാര്യങ്ങളില്‍ മാത്രം ശ്രദ്ധ പതിപ്പിക്കാനാവും. ഏജന്‍സിയുടെ പ്രവര്‍ത്തനത്തിന് 25 കോടി രൂപ പ്രാഥമിക സഹായമായി കേന്ദ്രം നല്‍കും.
ജോയിന്റ് എന്‍ജിനീയറിങ് എന്‍ട്രന്‍സ് (ജെഇഇ), മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ്, യുജിസിയുടെ ദേശീയ യോഗ്യതാ പരീക്ഷ, ദേശീയ അധ്യാപക യോഗ്യതാ പരീക്ഷ, നവോദയ വിദ്യാലയങ്ങളിലേക്കുള്ള പ്രവേശന പരീക്ഷ എന്നിവയാണ് സിബിഎസ്ഇയില്‍ നിന്ന് ഏജന്‍സി ഏറ്റെടുക്കുക. എഐസിടിഇ, ഐഐഎമ്മുകള്‍, ഐഐടികള്‍, മറ്റ് ഏജന്‍സികള്‍ എന്നിവര്‍ നടത്തിവരുന്ന ദേശീയ പരീക്ഷകളെല്ലാം ക്രമേണ ഏജന്‍സിയുടെ നിയന്ത്രണത്തിലാകും.

 

SHARE

LEAVE A REPLY

Please enter your comment!
Please enter your name here