രാജിവെയ്ക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി
സുപ്രീംകോടതിയെ സമീപിക്കാന്‍ ആലോചന
കൊച്ചി (സ്വന്തം ലേഖകന്‍): ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ സംസ്ഥാന ഗതാഗതമന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി തളളി. മന്ത്രി തോമസ് ചാണ്ടിക്കെതിരെ കടുത്ത വിമര്‍ശം സംസ്ഥാനത്തെ പരമോന്നത നീതിപീഠം നടത്തിയിട്ടും രാജിവയ്ക്കില്ലെന്ന നിലപാടിലാണ് അദ്ദേഹം.ഇതേസമയം, സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് മന്ത്രി. രാജി നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണ് ഇതെന്ന് കരുതുന്നു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ലഭ്യമായിട്ടില്ല.
ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കവെയാണ് മന്ത്രിക്കെതിരെ ഹൈക്കോടതിയുടെ കടുത്ത വിമര്‍ശം അഴിച്ചുവിട്ടത്. മന്ത്രിക്ക് മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണോ കോടതിയെ സമീപിച്ചതെന്നു ഹൈക്കോടതി വാക്കാല്‍ ചോദിച്ചു. മന്ത്രിയാണെന്ന് വ്യക്തമാക്കുന്ന ഹര്‍ജിക്കാരന്‍ ചീഫ് സെക്രട്ടറിയെയും സര്‍ക്കാരിനെയും കേസില്‍ ഒന്നും രണ്ടും എതിര്‍കക്ഷികളാക്കിയിട്ടുണ്ട്. ഇത്തരം നടപടി എങ്ങനെ സാധ്യമാകും.
കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ ഏതൊരു പൗരനും ഹര്‍ജി നല്‍കാം. ഇവിടെ ഹര്‍ജിക്കാരന്‍ മന്ത്രിയാണ്. സര്‍ക്കാരിനെതിരെ ഒരു മന്ത്രിക്കെങ്ങനെയാണ് ഹര്‍ജി നല്‍കാനാവുകയെന്നത് പരിശോധിക്കണം. ഇത്തരമൊരു നടപടി ഇന്ത്യയിലൊരു കോടതിയിലുമുണ്ടായിട്ടില്ല. ഇങ്ങനെയാണെങ്കില്‍ മന്ത്രി രാജി വെയ്ക്കുന്നതാണ് നല്ലതെന്നും കോടതി അഭിപ്രായപ്പെട്ടു.
ഹര്‍ജി പിന്‍വലിക്കാന്‍ അവസരം നല്‍കിയിട്ടും അതിനു തയാറാകാത്ത സാഹചര്യത്തില്‍ ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി കടുത്തവിമര്‍ശനമാണ് തോമസ് ചാണ്ടിക്കെതിരെ നടത്തിയത്. സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കി മന്ത്രിക്ക് ഹര്‍ജി നല്‍കാനാവില്ലെന്നു വിലയിരുത്തി ഹൈക്കോടതി ഹര്‍ജി തളളുകയും ചെയ്തു. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടില്‍ ഏതെങ്കിലും തരത്തിലുള്ള അപാകതയുണ്ടെങ്കില്‍ അതു പരിഹരിക്കാന്‍ കലക്ടറെ സമീപിക്കുന്നതിനു തടസമില്ലെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

സാധാരണക്കാരനായി നിയമത്തെ നേരിടണം
മന്ത്രി ദന്തഗോപുരത്തില്‍ നിന്നു താഴെയിറങ്ങി സാധാരണക്കാരനായി നിന്നു നിയമത്തെ നേരിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. മന്ത്രിസ്ഥാനത്തു തുടരുന്നതിനാണോ ഇത്തരം ഹര്‍ജി നല്‍കുന്നത്. ഇത്തരമൊരാവശ്യവുമായി സര്‍ക്കാരിനെ ചോദ്യം ചെയ്തു ഹൈക്കോടതിയില്‍ ഹരജിയുമായി സമീപിക്കുന്ന നടപടി അനുവദിക്കാനാവില്ല. മന്ത്രിസഭയില്‍ നിന്നുള്ള വ്യക്തി തന്നെ ഇത്തരത്തില്‍ ഹര്‍ജി നല്‍കി രക്ഷപെടാന്‍ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ച ഒരു വ്യക്തിക്ക് ഇനി എങ്ങനെ മന്ത്രിസഭയില്‍ ഇരിക്കാനാവും. മന്ത്രിസഭാ തീരുമാനം മന്ത്രിതന്നെ കോടതിയില്‍ ചോദ്യം ചെയ്യുന്നത് കൂട്ടുതരവാദിത്വം നഷ്ടപ്പെടുത്തുന്ന നടപടിയാണെന്നും കോടതി പറഞ്ഞൂ. കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ ഹര്‍ജി നല്‍കുന്നതിനു പകരം ഹര്‍ജിക്കാരന്‍ ഉചിതമായ ഫോറത്തെ സമീപിക്കണം. കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്നില്‍ പരാതി ഉന്നയിക്കാം. എന്നാല്‍ ഇക്കാര്യം കോടതി നിര്‍ദേശിക്കുന്നില്ലെന്നും വിധിന്യായത്തില്‍ പറയുന്നു.
കലക്ടറുടെ റിപ്പോര്‍ട്ടിലെ രണ്ടുവരി പരാമര്‍ശം നീക്കി കളങ്കരഹിതനാകാന്‍ നല്‍കിയ ഹര്‍ജിയാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ മേല്‍ കുറ്റംചാരി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. ഇവിടെ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടാണ് ചോദ്യം ചെയ്യുന്നത്. കലക്ടര്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടിനുമേല്‍ കോടതിക്ക് പ്രവര്‍ത്തിക്കാനാവില്ല. കേസിന്റെ മെറിറ്റിലേക്ക് കടക്കാതെ കോടതി ഹര്‍ജി നിലനില്‍ക്കുമോയെന്നാണ് പരിശോധിക്കുന്നത്. തോമസ് ചാണ്ടിക്ക് മന്ത്രിയെന്ന നിലയില്‍ ഹര്‍ജി നല്‍കാനാവില്ല. എന്നാല്‍ മുന്‍മന്ത്രിയെന്ന നിലയില്‍ സാധ്യമാണെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു.
എന്നാല്‍ മന്ത്രിയെന്ന നിലയിലല്ല വ്യക്തിയെന്ന നിലയിലാണ് ഹര്‍ജിയെന്നു തോമസ് ചാണ്ടിക്കുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകന്‍ വിവേക് തന്‍ഖ വാദിച്ചു. ഈ വാദവും കോടതി തള്ളി. ഒരേ സമയം ഒരാള്‍ക്ക് വ്യക്തിയും മന്ത്രിയുമായി വേറിട്ട് നില്‍ക്കാന്‍ എങ്ങനെയാണ് കഴിയുകയെന്ന് ചോദിച്ച ഹൈക്കോടതി, മന്ത്രിയെന്ന നിലയില്‍ മറ്റൊരു പെരുമാറ്റച്ചട്ടമാണ് ബാധകമാവുകയെന്നും ഓര്‍മ്മിപ്പിച്ചു. മന്ത്രിതന്നെ ഇത്തരത്തില്‍ ഹര്‍ജി നല്‍കിയാല്‍ സര്‍ക്കാര്‍ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ അഭിഭാഷകന്‍ ഈ കേസില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ നിലപാട് സ്വീകരിച്ചാല്‍ സര്‍ക്കാരിന് മന്ത്രിയില്‍ വിശ്വാസം നഷ്ടമായെന്നാണ് അര്‍ഥം. സ്വന്തം സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കുന്നത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണെന്നും ഹൈക്കോടതി വാദത്തിനിടെ പറഞ്ഞു.
മന്ത്രിസഭാ തീരുമാനങ്ങള്‍ പൊതുജനത്തിന് മുന്നില്‍ പിന്തുണയ്ക്കാന്‍ മന്ത്രിമാര്‍ ബാധ്യസ്ഥരാണ്. തീരുമാനങ്ങളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതും വിയോജിപ്പ് മാറ്റിവച്ച് മന്ത്രിസഭയുടെ പൊതുതീരുമാനത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതും കൂട്ടുത്തരവാദിത്വത്തിന്റെ രണ്ട് ഘടകങ്ങളാണ്. കൂട്ടുത്തരവാദിത്വത്തെക്കുറിച്ച് ഭരണഘടനയുടെ 164(2) അനുച്ഛേദത്തില്‍ പറയുന്നതും ഇതാണ്. ഒരു മന്ത്രിക്കെതിരെ അവിശ്വാസം പാസായാല്‍ മന്ത്രിസഭ രാജിവെക്കേണ്ടി വരുന്നത് ഇതിനാലാണ്.

അസാധാരണ സാഹചര്യം
ഈ കേസില്‍ മന്ത്രിതന്നെ ക്യാബിനെറ്റിനെതിരെ ഹര്‍ജി നല്‍കിയ അസാധാരണ സാഹചര്യമാണുള്ളത്. ഇത് അനുചിതമാണ്. ഭൂ സംരക്ഷണ നിയമം, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം എന്നിവ പ്രകാരം നടപടിയെടുക്കുന്നതിനെക്കുറിച്ചാണ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ റിപ്പോര്‍ട്ടില്‍ മന്ത്രിക്കെതിരെ നടപടിയെടുക്കുന്ന കാര്യം പറയുന്നില്ല. റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കുമെന്ന ആശങ്കയിലാണ് മന്ത്രി ഹര്‍ജി നല്‍കിയതെന്നും ഹൈക്കോടതി വിലയിരുത്തി. ഹര്‍ജിയില്‍ രണ്ട് ജഡ്ജിമാരും നിലപാട് പ്രത്യേകം രേഖപ്പെടുത്തി. എന്നാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നും തള്ളുകയാണെന്നും ഇരുവരും വ്യക്തമാക്കി.
ഹര്‍ജി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി ഹര്‍ജി തള്ളുകയാണെന്ന് ഡിവിഷന്‍ ബെഞ്ചിലെ സീനിയര്‍ ജഡ്ജി വിധിന്യായത്തില്‍ വ്യക്തമാക്കിയപ്പോള്‍ ഹര്‍ജി നല്‍കിയ മന്ത്രിയുടെ നടപടി കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമാണെന്നും ഹര്‍ജി നിലനില്‍ക്കില്ലെന്നും ബെഞ്ചിലെ സഹ ജഡ്ജി വിധി ന്യായത്തില്‍ പ്രത്യേകം രേഖപ്പെടുത്തി. ഇരു ജഡ്ജിമാരും ഇത്തരത്തില്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ വിധിയില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.
തോമസ് ചാണ്ടിയുടെ ഹര്‍ജി സര്‍ക്കാരിനെതിരല്ലെന്നാണ് ഹര്‍ജിയില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ സ്‌റ്റേറ്റ് അറ്റോര്‍ണി കെവി സോഹന്‍ ആദ്യം വ്യക്തമാക്കിയത്. എന്നാല്‍ മന്ത്രിക്കെതിരെ ഡിവിഷന്‍ ബെഞ്ച് കടുത്ത നിലപാട് എടുത്തതോടെ മന്ത്രി വ്യക്തിപരമായി ഹര്‍ജി നല്‍കിയതെന്ന വാദം അംഗീകരിക്കാനാവില്ലെന്നും ഹര്‍ജിക്കാരന്റെ വാദത്തെ അനുകൂലിക്കാനാവില്ലെന്നും സര്‍ക്കാര്‍ നിലപാട് എടുക്കുകയായിരുന്നു.
ഹര്‍ജി പരിഗണിക്കവെ കോടതിയുന്നയിക്കുന്ന ചോദ്യങ്ങളും പരാമര്‍ശങ്ങളും നിഗമനങ്ങളായി അടുത്ത ദിവസം പ്രചരിക്കാനിടയുണ്ടെന്ന് വാദത്തിനിടെ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. സംശയങ്ങള്‍ തീര്‍ക്കാനുള്ള ചോദ്യങ്ങളാണിത്. ഇതിനെ നിഗമനം എന്ന നിലയില്‍ കാണേണ്ട. ആരുഷി കേസിലുള്‍പ്പെടെ മാധ്യമ വിചാരണ നടന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

രാജിയില്ലെന്ന് ചാണ്ടി
ഇതേസമയം, കായല്‍ കയ്യേറ്റവിഷയത്തില്‍ ഹൈക്കോടതി വാക്കാല്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ രാജിവയ്ക്കില്ലെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. വിധിയില്‍ തനിക്കെതിരെ വിമര്‍ശനങ്ങളുണ്ടെങ്കില്‍ ആ നിമിഷം രാജിവയ്ക്കും. കോടതിയുടെ പരാമര്‍ശങ്ങളെല്ലാം വിധിന്യായമല്ല. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചശേഷം ഉചിതമായ തീരുമാനമെടുക്കും. ബുധനാഴ്ച വൈകിട്ട് വീണ്ടും മാധ്യമങ്ങളെ കാണുമെന്നും ചാണ്ടി വ്യക്തമാക്കി.
കയ്യേറ്റത്തില്‍ താന്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല. വിധിയോടെ തനിക്കുണ്ടായിരുന്ന 90 ശതമാനം പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടു. താന്‍ ഭൂമി കയ്യേറിയിട്ടില്ലെന്ന് കോടതി ശരിവച്ചു. തനിക്കെതിരായ രണ്ടു ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിട്ടുണ്ട്. റിസോര്‍ട്ട് കേസില്‍ മുന്‍ കലക്ടറുടെ കണ്ടെത്തലുകള്‍ കോടതി ശരിവച്ചുവെന്നും തോമസ് ചാണ്ടി പറഞ്ഞു.
അതേസമയം, ഹൈക്കോടതി വിധിക്കെതിരെ മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. റിട്ട് ഹര്‍ജിയുടെ ഉള്ളടക്കം പരിശോധിക്കാതെ തള്ളിയ നടപടിയടക്കം ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.
അതിനിടെ, വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. തോമസ് ചാണ്ടിയുടെ രാജിയെക്കുറിച്ചും പാര്‍ട്ടിയെടുക്കേണ്ട നിലപാടിനെക്കുറിച്ചും ചര്‍ച്ചയായി. എന്നാല്‍ ഇതു സംബന്ധിച്ച് വ്യക്തമായ മറുപടികളൊന്നും ഉണ്ടായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here