മുംബൈ: ഇതിഹാസ താരം ശശികപൂര്‍ അന്തരിച്ചു. 79 വയസായിരുന്നു. ഇവിടെ കോകിലാബെന്‍ ആശുപത്രിയില്‍ തിങ്കളാഴ്ച വൈകിട്ടയിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖംമൂലം ചികിത്സയിലായിരുന്നു.
ഇന്ത്യന്‍ സിനിമയുടെ രണ്ടാം തലമുറിയില്‍പ്പെട്ട ഈ താരം ഹിന്ദി സിനിമ രംഗഗത്തെ വിഖ്യാത കപൂര്‍ കുടുംബത്തില്‍പ്പെട്ടതാണ്.
രാജ് കപൂര്‍, ഷമ്മി കപൂര്‍ എന്നിവര്‍ക്കു പിന്നാലെ കപൂര്‍ കുടുംബത്തിലെ രണ്ടാം തലമുറ താര നിരയുടെ അന്ത്യമാണ് ശശികപൂറിന്റെ നിര്യാണത്തിലൂടെ സംഭവിച്ചിരിക്കുന്നത്.
1938 മാര്‍ച്ച് 18ന് ജനിച്ച ശശി കപൂര്‍ ഹിന്ദി സിനിമാലോകത്തെ അഭിനയപാടവത്തിന്റെ വേറിട്ട കാഴ്ചയായിരുന്നു. 2011ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. 2014ല്‍ ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹബ് ഫാല്‍ക്കെ പുരസ്‌കാരം നേടി.
അച്ഛന്‍ പൃഥ്വിരാജ് കപൂറിര്‍ സംവിധാനം ചെയ്തു നിര്‍മിച്ച നാടകങ്ങളിലൂടെയാണ് ശശി കപൂര്‍ അഭിനയലോകത്തേക്കെത്തുന്നത്. നാലാം വയസില്‍ ബാലതാരമായിട്ടായിരുന്നു തുടക്കം. 1961ല്‍ പുറത്തിറങ്ങിയ ധര്‍മപുത്രയാണ് ശശി കപൂര്‍ പ്രധാന വേഷത്തിലെത്തിയ ആദ്യചിത്രം. നൂറിലേറെ ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചു. അതില്‍ അറുപതോളം ചിത്രങ്ങളില്‍ നായക കഥാപാത്രമായിരുന്നു. അറുപതുകളില്‍ തുടങ്ങി എണ്‍പതുകളുടെ അവസാനം വരെ ബോളിവുഡിന്റെ തിരശീലയിലെ നിറസാന്നിധ്യമായിരുന്നു ശശികപൂര്‍.

ശശികപൂര്‍ അമിതാഭ് ബച്ചനൊപ്പം( ഒരു പഴയകാല ചിത്രം.)

ജനപ്രിയ സിനിമകള്‍ക്കൊപ്പം ആര്‍ട്ട് സിനിമകളിലും ഇന്ത്യന്‍ ഇംഗ്ലിഷ് സിനിമകളിലും അഭിനയിച്ചു തന്റെ പ്രതിഭ തെളിയിച്ചു ശശികപൂര്‍. ബോളിവുഡിനൊപ്പം ബ്രിട്ടനിലും അമേരിക്കയിലുമെത്തി അവിടത്തെ സിനിമകളിലും പ്രവര്‍ത്തിച്ചു. സോവിയറ്റ് സംരംഭമായ അജൂബാ സംവിധാനം ചെയ്തു. പലവട്ടം ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ ലഭിച്ചു.
ഷര്‍മിള ടഗോര്‍, സീനത്ത് അമന്‍, രാഖി, ഹേമമാലിനി, നന്ദ എന്നിവര്‍ക്കൊപ്പം അദ്ദേഹം അഭിനയിച്ച ചിത്രങ്ങള്‍ ഹിന്ദി സിനിമയിലെ എക്കാലത്തെയും അനശ്വര പ്രണയചിത്രങ്ങളാണ്. ഹിന്ദിയില്‍ 116 ചിത്രങ്ങള്‍ അഭിനയിച്ച ശശി കപൂര്‍ 61ലും നായകനായിരുന്നു. 55 ബഹുനായക ചിത്രങ്ങളിലും പ്രധാന വേഷത്തിലെത്തി. 12 ഇംഗ്ലിഷ് ചിത്രങ്ങള്‍ അഭിനയിച്ചതില്‍ എട്ടിലും നായകവേഷത്തില്‍. ഹസീന മാന്‍ ജായേഗി, ശങ്കര്‍ ദാദ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഇരട്ടവേഷത്തിലും അഭിനയിച്ചു. ശങ്കര്‍ ദാദായിലെ നൃത്തരംഗത്തെ സ്ത്രീവേഷത്തിന്റെ സൗന്ദര്യം എടുത്തു പറയേണ്ടതാണ്.
ഷേക്സ്പിയര്‍ നാടകങ്ങളുമായി നാടുചുറ്റുന്ന കാലത്ത് ഇംഗ്ലിഷ് തിയറ്ററിലെ നടിയും മാനേജരുമായിരുന്ന ജന്നിഫറിനെയാണ് ശശികപൂര്‍ വിവാഹം കഴിച്ചത്. 1984ല്‍ കാന്‍സര്‍ ബാധിച്ച് അവര്‍ മരിച്ചു. സിനിമാരംഗത്തും പരസ്യരംഗത്തും പ്രശസ്തരായ മൂന്നു മക്കള്‍: കുനല്‍ കപൂര്‍, കരണ്‍ കപൂര്‍, സഞ്ജന കപൂര്‍.

LEAVE A REPLY

Please enter your comment!
Please enter your name here