അഹമ്മദാബാദ്: തെക്കന്‍ തീരങ്ങളില്‍ നാശംവിതച്ച ഓഖി ചുഴലിക്കാറ്റ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ഗുജറാത്ത് തീരത്ത് ആഞ്ഞടിക്കും. ഇതിന്റെ ഫലമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്ത രണ്ടു ദിവസം ശക്തമായ കാറ്റും പേരമാരിയും അനുഭവപ്പെടും.
ഇപ്പോള്‍ സൂററ്റിന്റെ തെക്ക്-തെക്കുപടിഞ്ഞാറ് ഏതാണ്ട് 850 കിലോമീറ്ററില്‍ കേന്ദ്രീകരിച്ചിട്ടുള്ള ഓഖി ഡിസംബര്‍ അഞ്ചിന് അര്‍ധരാത്രിയോടെ സൂററ്റിനു സമീപം തെക്കന്‍ ഗുജറാത്തും സമീപ മഹാരാഷ്ട്ര തീരങ്ങളും കടക്കുമെന്നും അതിന്റെ ഫലമായി കടുത്ത സമ്മര്‍ദ്ദം ഉണ്ടാകുമെന്നും ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഗുജറാത്തിന്റെ തീരദേശത്ത് കനത്ത മുന്‍കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഏത് ആകസ്മിക സാഹചര്യവും നേരിടാനുള്ള തയാറെടുപ്പിലാണ് സംസ്ഥാന ഭരണകൂടം. സൂററ്റ്, നവസാരി, രാജ്‌കോട്ട് എന്നിവിടങ്ങളില്‍ ദേശീയ ദുരന്തനിവാരണ സേനയിലെ രണ്ട് സംഘങ്ങളെ വീതം വിന്യസിച്ചു. കര-നാവിക സേനകള്‍ക്കും, ബിഎസ്എഫിനും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കി. പോയിട്ടുള്ള മത്സ്യത്തൊഴിലാളികളെ തിരികെ കൊണ്ടുവരാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മുഖ്യമന്ത്രി വിജയ് രുപാനി മുതിര്‍ന്ന ഉദ്യോസ്ഥരുടെ അടിയന്തരയോഗം വിളിച്ചുചേര്‍ത്ത് തയാറെടുപ്പുകള്‍ വിലിരുത്തി.
ഓഖി ചുഴലിയില്‍പ്പെട്ട് കേരളത്തില്‍ നിന്നുള്ള 50 ബോട്ടുകള്‍ ഗുജറാത്തിലെ വെരാവല്‍ തീരത്ത് എത്തിയിട്ടുണ്ടെന്ന് യോഗത്തില്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചതായി ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here