ശരത് യാദവിനെ രാജ്യസഭയില്‍ നിന്നും അയോഗ്യനാക്കി

7

ന്യൂഡല്‍ഹി: വിമത ജെഡിയു എംപിമാരായ ശരത് യാദവ്, അലി അന്‍വര്‍ എന്നിവരെ തിങ്കളാഴ്ച രാത്രി രാജ്യസഭയില്‍ നിന്നും അയോഗ്യരാക്കി. സഭാ അധ്യക്ഷന്‍ എം വെങ്കയ്യ നായിഡു ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ഇരുവരും സത്വരം രാജ്യസഭാംഗങ്ങള്‍ അല്ലാതായി തീര്‍ന്നതായി നായിഡുവിന്റെ വിജ്ഞാപനത്തില്‍ പറയുന്നു.
പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ പാട്‌നാ റാലിയില്‍ ഇരുവരും പങ്കെടുത്തതാണ് അയോഗ്യതയ്ക്ക് കാരണമായി ജെഡിയു ചൂണ്ടിക്കാട്ടിയത്. ഇത് സഭാധ്യക്ഷന്‍ അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് യാദവ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2022 വരെ കാലാവധിയുണ്ടായിരുന്നു. അന്‍വറിന്റെ കാലാവധി അടുത്ത വര്‍ഷം ആദ്യം വരെ ഉണ്ടായിരുന്നു.
ജെഡിയു പ്രസിഡന്റും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ മഹാസഖ്യം വിട്ട് ബിജെപിയുമായി കൈകോര്‍ത്തതിനെ തുടര്‍ന്ന് യാദവ് പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്നിരുന്നു.
മുന്‍ ജെഡിയു പ്രസിഡന്റ് ശരത് യാദവിന്റെ പ്രതികരണം ബുധനാഴ്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here