ശ്രീനഗര്‍: ദക്ഷിണ കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് പാകിസ്ഥാനികള്‍ ഉള്‍പ്പെടെയുള്ള മൂന്നു ലഷകര്‍ ഭീകരര്‍ ഈ വര്‍ഷം ജൂലൈയില്‍ അമര്‍നാഥ് തീര്‍ഥാടകരെ ആക്രമിച്ച സംഘത്തില്‍ പെട്ടവരാണെന്ന് പൊലീസ് ഇന്ന് അറിയിച്ചു.
ഏറ്റുമുട്ടല്‍ സ്ഥലത്തുനിന്നും രക്ഷപെട്ട ഒരു ഭീകരനെ ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിലെ പ്രസാവാശുപത്രിയില്‍ നിന്ന് പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
ശ്രീനഗറിലേക്ക് പോകുകയായിരുന്ന സൈനീക വാഹനത്തിനുനേരെ ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലെ ഖ്വസിഗണ്ടില്‍ ഭീകരര്‍ ഇന്നലെ ഉച്ചക്ക് വെടിവയ്പ് നടത്തിയതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഒരു ജവാന്‍ വീരമൃത്യുവരിച്ചിരുന്നു. മറ്റൊരു ജവാന് പരുക്കേറ്റു.
സുരക്ഷാസേന പ്രദേശം വളഞ്ഞ് ഭീകരര്‍ക്കായി തെരച്ചില്‍ തുടങ്ങി. ഈ തെരച്ചില്‍ ഏറ്റുമുട്ടലില്‍ കലാശിക്കുകയും ഇന്ന് വെളുപ്പിന് രണ്ടു മണിവരെ അത് തുടരുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
യാവര്‍ ബസിര്‍ (പ്രാദേശിക ഭീകരന്‍), അബു ഫുര്‍ഖ്വന്‍, അബു മാവ്യ (ഇരുവരും വിദേശ ഭീകരര്‍) എന്നിവരെ തിരിച്ചറിഞ്ഞു. കുല്‍ഗാമിലെ ഹബയ്ഷായിലുള്ള ബസിര്‍ ഒരു പൊലീസുകാരനില്‍ നിന്നും ആയുധം പിടിച്ചുപറിച്ചശേഷം ഈ വര്‍ഷം ഫെബ്രുവരിയിലാണ് ലഷ്‌കര്‍-ഇ-തായ്ബായില്‍ ചേര്‍ന്നത്.
ഫുര്‍ഖ്വന്‍ ലഷ്‌കര്‍-ഇ-തായ്ബയുടെ ദക്ഷിണ കശ്മീരിലെ മേധാവിയാണ്. ഈ വര്‍ഷം ജൂലൈയില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേരെയുള്ള ആക്രമണത്തിന് നേതൃത്വം നല്‍കിയ അബു ഇസ്മായിലിന്റെ മരണത്തെ തുടര്‍ന്നാണ് ഫുര്‍ഖ്വന്‍ ലഷ്‌കര്‍ മേധാവിയായത്.
വധിക്കപ്പെട്ട മൂന്നു ഭീകരരും ജൂലൈ 10 ന് തീര്‍ഥാടകരെ ആക്രമിച്ച സംഘത്തില്‍പ്പെട്ടവരാണെന്ന് പൊലീസ് അറിയിച്ചു. ആ ആക്രമണത്തില്‍ എട്ട് തീര്‍ഥാടകര്‍ മരിക്കുകയും 19 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
അനന്ത്‌നാഗ്, കുല്‍ഗാം മേഖലകളില്‍ നടന്നിട്ടുള്ള ഭീകര കുറ്റകൃത്യ പരമ്പരയില്‍ ഫുര്‍ഖ്വാന്‍ നേതൃത്വം നല്‍കുന്ന സംഘം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഹംസപോറ സംഗം ബിജിബെഹേറയില്‍ നിന്നുള്ള റഷീദ് അഹമദ് അല്ലായി ആണ് അസ്റ്റിലായത്. ജങ്കല്‍ത്മണ്ഡി പ്രസാവാശുപത്രിയില്‍ നിന്നും പിടികൂടിയ ഇയാളില്‍ നിന്നും ഒരു ചൈനീസ് നിര്‍മ്മിത കൈകത്തോക്കും വെടിക്കോപ്പുകളും പിടിച്ചെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here