തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സിപിഐയ്ക്ക് തൃപ്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കാനും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ സിപിഐ സംസ്ഥാന കൗണ്‍സില്‍ സ്വാഗതം ചെയ്തു.
ഏതു കാര്യത്തിലും വിമര്‍ശനമുണ്ടാകാം. ഇപ്പോള്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. തീരദേശ മേഖലയില്‍ ആശ്വാസമെത്തിച്ചതായി സംസ്ഥാന കൗണ്‍സില്‍ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മറ്റേതൊരു ദുരന്തകാലത്തും ചെയ്തതിനേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഇനിയും ധാരാളം പ്രശ്‌നങ്ങളുണ്ട്. പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒരുമയോടെ പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന കൗണ്‍സില്‍ അഭ്യര്‍ഥിച്ചു.
ഓഖി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു.
ദുരിതബാധിതരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനായി ഒരു സ്‌പെഷ്യല്‍ പാക്കേജ് പ്രഖ്യാപിക്കണമെന്ന് എം എന്‍ സ്മാരകത്തില്‍ ഇന്നു സമാപിച്ച സംസ്ഥാന കൗണ്‍സില്‍ യോഗം അഭ്യര്‍ഥിച്ചതായി സംസ്ഥാന സെക്രട്ടറി കാനം അറിയിച്ചു.
കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിനാണ് നാം സാക്ഷ്യം വഹിച്ചത്. നിരവധി ജീവിതങ്ങള്‍ നഷ്ടപ്പെട്ടു. വമ്പിച്ച നാശനഷ്ടങ്ങളുണ്ടായി. മത്സ്യത്തൊഴിലാളികള്‍ക്ക് വീണ്ടും തൊഴിലിനു പോകാന്‍ കഴിയാത്ത അവസ്ഥയാണ്. നാശനഷ്ടങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കി വരികയാണ്. 33 ജീവനുകളാണ് ഇതിനോടകം പൊലിഞ്ഞത്. അതില്‍ 10 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. പുറംകടലില്‍ പോയി തിരിച്ചു വരാത്ത നിരവധി ആളുകളുണ്ട്. 2000 ഹെക്ടറിലെ കൃഷി നശിച്ചു. 40 കോടിയിലധികം രൂപയുടെ നഷ്ടം കാര്‍ഷിക മേഖലയിലുണ്ടായി എന്നാണ് പ്രാഥമിക കണക്ക്. 206 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 3386 വീടുകള്‍ ഭാഗികമായി തകര്‍ന്നു.

വിശാല പൊതുവേദിവേണം
ഫാസിസത്തിനും ഏകാധിപത്യത്തിനുമെതിരെ വിശാലമായ ജനാധിപത്യ മതേതര
ഇടതുപക്ഷ പൊതുവേദി ഉയര്‍ന്നുവരണമെന്നാണ് സിപിഐയുടെ അഭിപ്രായമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.
ബിജെപിയ്ക്ക് എതിരെയുള്ള ചെറുത്തു നില്‍പ്പിന്റെ പൊതുവേദിയാണിത്. ഇതിനെ രാഷ്ട്രീയ സഖ്യമോ തെരഞ്ഞെടുപ്പ് മുന്നണിയായോ ചിത്രീകരിക്കേണ്ടതില്ല. തെരഞ്ഞെടുപ്പ് മുന്നണിയും ഫാസിസത്തിന് എതിരായ പൊതുവേദിയും രണ്ടാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകള്‍ വിശദീകരിക്കുന്ന കരട് രാഷ്ട്രീയ പ്രമേയം ജനുവരി 8,9,10 തീയതികളില്‍ വിജയവാഡയില്‍ നടക്കുന്ന ദേശീയ എക്‌സിക്യൂട്ടീവും ദേശീയ കൗണ്‍സിലിലും മാത്രമേ ചര്‍ച്ചചെയ്യുകയുള്ളു. കരട് രാഷ്ട്രീയ പ്രമേയത്തെപ്പറ്റി പ്രാഥമിക ചര്‍ച്ചമാത്രമാണ് ഡല്‍ഹിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ നടന്നത്.
കോണ്‍ഗ്രസുമായി ഐക്യം വേണമെന്ന് ചര്‍ച്ച പാര്‍ട്ടിയില്‍ നടക്കുന്നുവെന്ന പ്രചരണം അടിസ്ഥാന രഹിതമാണ്. ഫാസിസത്തിനും ഏകാധിപത്യത്തിനും എതിരായ പൊതുവേദിയെന്നാല്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രം ഉള്‍ക്കൊള്ളുന്നതല്ല. മതേതരത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരും ഉള്‍ക്കൊള്ളുന്നതാണ്.
തെരഞ്ഞെടുപ്പ് സഖ്യം ഓരോ പാര്‍ട്ടിയും സ്വീകരിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക നയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. വിശാലമായ ഐക്യവേദി രൂപപ്പെടുത്തുമ്പോള്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യം അതില്‍ ഏറ്റവും പ്രധാനമാണ്. ഇതിനാണ് സിപിഐ മുന്‍തൂക്കം നല്‍കുന്നത്.
സിപിഐയുടെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മണ്ഡലം സമ്മേളനങ്ങള്‍ക്ക് തുടക്കമായി. ആദ്യ ജില്ലാ സമ്മേളനം ഡിസംബര്‍ 16, 17 തീയതികളില്‍ മലപ്പുറത്ത് നടക്കും. ജനുവരി-ഫെബ്രുവരി മാസങ്ങളിലായി ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാകും. മാര്‍ച്ച് 1-4 തീയതികളില്‍ മലപ്പുറത്ത് സംസ്ഥാന സമ്മേളനം നടക്കും. ഏപ്രില്‍ 25 മുതല്‍ 29 വരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് കൊല്ലത്ത് നടക്കുക. ഈ സമ്മേളനങ്ങളുടെ മുന്നൊരുക്കങ്ങള്‍ സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ചചെയ്തു.
്‌സംസ്ഥാന കൗണ്‍സില്‍ ബുധനാഴ്ച ചര്‍ച്ച ചെയ്ത ഒരു വിഷയം ചൊവ്വാഴ്ചതന്നെ ചര്‍ച്ചചെയ്‌തെന്ന വാര്‍ത്ത സൃഷ്ടിച്ച മാധ്യമങ്ങളെ അഭിന്ദിക്കാതെവയ്യ. വാര്‍ത്ത നല്‍കും മുന്‍പ് ഒരിക്കല്‍ക്കൂടി അതിന്റെ സത്യാവസ്ഥ പരിശോധിക്കണമെന്നാണ് തനിക്കുള്ള അഭ്യര്‍ഥനയെന്ന് കാനം പറഞ്ഞു.
കൗണ്‍സില്‍ യോഗത്തില്‍ ആര്‍ രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ ദേശീയ എക്‌സിക്യൂട്ടീവ് തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദേശീയ എക്‌സിക്യൂട്ടീവ് തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിന് ഡിസംബര്‍ 12,13,14 തീയതികളിലായി മേഖല യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു. പാര്‍ട്ടി സംസ്ഥാന ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍, മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ് ബാബു, സത്യന്‍മൊകേരി എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here