ചെസ് അസോസിയേഷന്‍ അംഗീകാരം റദ്ദാക്കിയത് തടഞ്ഞു

5

കൊച്ചി: സംസ്ഥാന ചെസ് അസോസിയേഷന്റെ അംഗീകാരം സസ്‌പെന്‍ഡ് ചെയ്ത കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. എറണാകുളം ചെസ് അസോസിയേഷന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് തങ്ങളുടെ അംഗീകാരം സസ്‌പെന്‍ഡ് ചെയ്തതിനെതിരെ സംസ്ഥാന ചെസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍ രാജേഷ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ചെസ് അസോസിയേഷന്റെ അംഗീകാരം സസ്‌പെന്‍ഡ് ചെയ്യാന്‍ അധികാരമുണ്ടെങ്കിലും ഇതിനുള്ള കാരണങ്ങളും ആരോപണങ്ങളിലെ അന്വേഷണ വിവരങ്ങളും വ്യക്തമാക്കാനും കഴിയണം. ഇവിടെ തീരുമാനം തിടുക്കത്തിലെടുത്തതാണ്-കോടതി പറഞ്ഞു.
ജില്ലാ ചെസ് അസോസിയേഷന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ തര്‍ക്ക പരിഹാരത്തിന് നിയോഗിച്ച ഉപ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഇത്തരമൊരു നടപടി പാടില്ല. കളിയെയും കളിക്കാരെയും ബാധിക്കുന്ന തീരുമാനമാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്വീകരിച്ചത്. സംഘടനകള്‍ തമ്മിലുള്ള തര്‍ക്കം കായിക മേഖലയുടെ ശാപമാണ്. എറണാകുളം ജില്ലാ ചെസ് അസോസിയേഷന്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാന ചെസ് അസോസിയേഷന് നല്‍കണം. തുടര്‍ന്ന് മറുപടിക്കായി രണ്ടാഴ്ച സമയം അനുവദിക്കണം. തുടര്‍ന്ന് വിശദീകരണമടക്കമുള്ളവ പരിഗണിച്ച് അന്വേഷണം നടത്താന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒരു സബ് കമ്മിറ്റിക്ക് രൂപം നല്‍കണമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. എറണാകുളം ചെസ് അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ സംസ്ഥാന സമിതിയുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒരു സബ് കമ്മിറ്റിക്ക് രൂപം നല്‍കിയിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ റിപ്പോര്‍ട്ട് സംസ്ഥാന ചെസ് അസോസിയേഷന് നല്‍കിയിട്ടില്ലെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here