വാഷിങ്ടണ്‍: ഇസ്രായേല്‍ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന്റെ വെളിച്ചത്തില്‍ ഐക്യരാഷ്ട്ര രക്ഷാസമിതി വെള്ളിയാഴ്ച യോഗം ചേരും.
സുരക്ഷാസമിതിയിലെ 15 അംഗങ്ങളില്‍ ബ്രിട്ടന്‍, ഫ്രാന്‍സ് ഉള്‍പ്പെടെ കുറഞ്ഞത് എട്ടുപേര്‍ അടിയന്തരമായി യോഗം വിളിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ബൊളീവിയ, ഈജിപ്റ്റ്, ഇറ്റലി, സെനേഗള്‍, സ്വീഡാന്‍, ഉറുഗ്വ തുടങ്ങിയ സ്ഥിരമല്ലാത്ത അംഗങ്ങളും പ്രത്യേക സമ്മേളന ആവശ്യം ഉന്നയിച്ചിരുന്നു.
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റ് നിയോ ഗുട്‌റസ് സമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്ന് കരുതുന്നു.
ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടും, ടെല്‍ അവീവിലുള്ള യുഎസ് എംബസി ജറുസലേമിലേക്കു മാറ്റിസ്ഥാപിക്കാന്‍ തീരുമാനിച്ചുകൊണ്ടും ഉള്ള ട്രംപിന്റെ പ്രഖ്യാപനം വൈറ്റ്ഹൗസില്‍ ഇന്ത്യന്‍ സമയം ബുധനാഴ്ച അര്‍ധരാത്രിയോടെയായിരുന്നു. മധ്യപൂര്‍വേഷ്യയില്‍ വ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നതും ഇസ്രായേല്‍-പലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ സ്തംഭിപ്പിക്കുന്നതുമാണു യുഎസിന്റെ നയം മാറ്റം.
ട്രംപിന്റെ തീരുമാനത്തില്‍ നിരവധി രാജ്യങ്ങള്‍ പ്രതിഷേധിച്ചു. വിവാദപരമായ ഈ തീരുമാനത്തിനെതിരെ അമേരിക്കന്‍ സഖ്യകക്ഷികളും പങ്കാളികളും വിമര്‍ശനവുമായി രംഗത്തുവന്നു. യൂറോപ്യന്‍ യൂണിയനും ഫ്രാന്‍സിസ് മാര്‍പാപ്പയും യുഎസ് നീക്കത്തെ അപലപിച്ചു.

 

ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കുന്ന ഉത്തരവില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വാഷിങ്ടണില്‍ വൈറ്റ്ഹൗസില്‍ ഒപ്പുവയ്ക്കുന്നു

1948ല്‍ പടിഞ്ഞാറന്‍ ജറുസലമിന്റെ നിയന്ത്രണമേറ്റെടുത്ത ഇസ്രായേല്‍ 1967ല്‍ യുദ്ധത്തിലൂടെയാണ് ജോര്‍ദാന്റെ അധീനതയിലുണ്ടായിരുന്ന കിഴക്കന്‍ ജറുസലേം കൈവശപ്പെടുത്തുന്നത്. അന്നുമുതല്‍ ഇസ്രായേല്‍ പലസ്തീന്‍ തര്‍ക്കത്തിന്റെ കേന്ദ്രമായി തുടരുന്നു കിഴക്കന്‍ ജറുസലേം. 1980ല്‍ ഐക്യ ജറുസലേമിനെ രാജ്യതലസ്ഥാനമായി പ്രഖ്യാപിച്ച് ഇസ്രയേല്‍ നിയമം പാസാക്കിയെങ്കിലും യുഎന്‍ രക്ഷാസമിതി ഇതു തള്ളിക്കളഞ്ഞു. രാജ്യാന്തര സമൂഹവും കിഴക്കന്‍ ജറുസലമിനെ ഇസ്രായേലിന്റെ ഭാഗമായി അംഗീകരിച്ചിട്ടില്ല. പടിഞ്ഞാറന്‍ ജറുസലമിനെ തലസ്ഥാനമായി റഷ്യ ഈ വര്‍ഷം ആദ്യം അംഗീകരിച്ചിരുന്നു. ഇസ്രായേലിന്റെ ഭരണകേന്ദ്രം ജറുസലം ആണെങ്കിലും യുഎസ് ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളുടെയും എംബസികള്‍ ടെല്‍ അവീവിലാണു പ്രവര്‍ത്തിക്കുന്നത്. ഇതിനാണു ട്രംപ് മാറ്റം വരുത്തുന്നത്.
ഇസ്ലാം, ജൂത, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് ഒരുപോലെ പുണ്യനഗരമാണ് ജറുസലേം. ജൂതന്മാര്‍ അവരുടെ പുണ്യസ്ഥലമായി കാണുന്ന ടെംപിള്‍ മൗണ്ടും ഇസ്ലാമിലെ മൂന്നാമതു പുണ്യസ്ഥലമായ അല്‍ അഖ്‌സ മസ്ജിദും കിഴക്കന്‍ ജറുസലമിലാണ്.
പലസ്തീന്‍കാര്‍ക്ക് ഒരു രാജ്യത്തിന്റെയും പൂര്‍ണപൗരത്വമില്ല. പകരമുള്ളത് ഇസ്രയേല്‍ റസിഡന്‍സി പെര്‍മിറ്റുകള്‍ മാത്രം. ജോര്‍ദാന്‍ പാസ്‌പോര്‍ട്ട് ഉണ്ടെങ്കിലും അതില്‍ ദേശീയ പൗരത്വ നമ്പറില്ല.

.

LEAVE A REPLY

Please enter your comment!
Please enter your name here