ഇന്ത്യയുടെ ഇലക്ട്രിക്ക് വാഹന വിപ്ലവത്തില്‍ ‘ടൈഗറു’മായി ടാറ്റയും

20

മുംബൈ: എയര്‍ ഇന്ത്യ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പാണ് ഇന്ത്യക്കു ചിറകുകള്‍ നല്‍കിയത്. 85 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയിലെ സഞ്ചാരത്തിനായി പുതിയ തലമുറയില്‍പ്പെട്ട വാഹനം നിരത്തിലിറക്കിയിരിക്കുകയാണ് ടാറ്റ. ഗുജറാത്തിലെ സനാനദിലുള്ള ഫാക്ടറിയില്‍ നിന്നും ആദ്യ ബാച്ചില്‍പ്പെട്ട ടൈഗര്‍ ഇലക്ട്രിക്ക് കാറുകള്‍ ടാറ്റ നിരത്തിലിറക്കി.
ഇലക്ട്രിക്ക് വാഹനം പുറത്തിറക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയല്ല ടാറ്റ മോട്ടോഴ്‌സ്. 2001ല്‍ രേവ എന്ന ഇലക്ട്രിക്ക് കാര്‍ നിരത്തിലിറക്കിയ ചേതന്‍ മൈനിക്കാണ് ആ ബഹുമതി. 2010 മേയില്‍ മഹിന്ദ്ര & മഹിന്ദ്ര രേവ ഏറ്റെടുത്തു.അതിനുശേഷം 2013 ല്‍ പിന്‍വശത്തു ഡോറുള്ള (ഹാച്ച്ബാക്ക്)ഇ 2 ഒ ഇലക്ട്രിക്ക് കാര്‍ പുറത്തിറക്കി.ഇപ്പോള്‍ നാലുഡോറുകളുള്ള കാറുകളും ഇപ്പോള്‍ വാണിജ്യാവശ്യങ്ങള്‍ക്കും ചരക്കു ഗതാഗതത്തിനുമുള്‍പ്പടെ എല്ലാ വിഭാഗങ്ങളിലും ഇലക്ട്രിക്ക് വാഹനങ്ങള്‍ മഹിന്ദ്ര പുറത്തിറക്കുന്നുണ്ട്. എന്നാല്‍ ടാറ്റായുടെ ടൈഗര്‍ പുറത്തിറങ്ങുന്നത് ഒരു ചരിത്ര മുഹൂര്‍ത്തംകൂടി കുറിച്ചുകൊണ്ടാണ്. ഈ കാറുകള്‍ ഗവണ്മെന്റിന്റെ ഉപയോഗത്തിനുള്ളതാണ്. 10000 ഇലക്ട്രിക്ക് കാറുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് എനര്‍ജി എഫിഷ്യന്‍സിസര്‍വീസസ് ലിമിറ്റഡ് (ഇഇ എസ്എല്‍) കരാര്‍ നല്‍കിയിട്ടുണ്ട്. അന്ന് കരാര്‍ നേടാന്‍ കഴിയാതെപോയ മഹിന്ദ്രക്ക് ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കുന്ന കാറിന്റെ വിലക്കുതന്നെ 150 ഇ-വെരിറ്റോ ഇലക്ട്രിക്ക് കാറുകള്‍ ഇ ഇ എസ്എലിനു നല്‍കാന്‍ കരാര്‍ ലഭിച്ചു.
ഇതുവരെയും ഹൈബ്രിഡ് കാറുകളുടെ നിര്‍ണമാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കള്‍ പുതിയ സാങ്കേതിക വിദ്യയിലേക്കു ആകൃഷ്ടരാകുന്നതിന്റെ ഒരു സൂചനകൂടിയാണ് ടാറ്റയുടെ ടൈഗര്‍. പുതിയ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിനായി ഗവണ്മെന്റും സ്വകാര്യ മേഖലയും കൈകോര്‍ത്തു നീങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്.പഴയ നയങ്ങള്‍ മുറുകെപ്പിടിക്കുന്ന വികസ്വര രാഷ്ട്രങ്ങളില്‍ നയത്തിന്റെ കാര്യത്തില്‍ സ്മൂഅലമായുണ്ടാകുന്ന ഇത്തരമൊരു മാറ്റത്തിന് പലപ്പോഴും എതിര്‍പ്പുകള്‍ ഉയരാറുണ്ട്.
ഇന്ത്യയുടെ ഇലക്ട്രിക്ക് വാഹന സ്വപ്‌നത്തിലേക്ക് അതിവേഗതയിലുള്ള മുന്നേറ്റത്തെക്കൂടിയാണ് ടാറ്റായുടെ ടൈഗര്‍ സൂചിപ്പിക്കുന്നത്. 2030 ആകുമ്പോഴേക്കും ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക്ക് കാറുകള്‍ മാത്രമോടുകയെന്ന വലിയ സ്വപ്‌നമാണ് ഇന്ത്യക്കുള്ളത്.
എങ്കിലും ഇലക്ട്രിക്ക് വാഹന നിര്‍മ്മാണ രംഗത്തേക്ക് ഇന്ത്യയില്‍ ആദ്യം കടന്നുവന്ന കമ്പനിയെന്ന നിലയില്‍ മഹീന്ദ്രക്കു മറ്റുള്ളവരെക്കാള്‍ ഒരു മുന്‍തൂക്കമുണ്ട്. ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള മൂന്നു പുതിയ മോഡലുകള്‍ 2019 -20 ല്‍ പുറത്തിറക്കുമെന്ന് ടൈഗര്‍ വിപണിയിലിറക്കിയതിനു പിന്നാലെ മഹിന്ദ്ര പ്രഖ്യാപിച്ചു. മണിക്കൂറില്‍ 186 കിലോ മീറ്റര്‍ വേഗതയില്‍ പോകാവുന്നതും 9 സെക്കന്‍ഡുകള്‍ക്കുള്ളില്‍ 100 കിലോ മീറ്റര്‍ വേഗം കൈവരിക്കാവുന്നതുമായതായിരിക്കും ഒരു മോഡല്‍. 150 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാവുന്ന മോഡല്‍ 11 സെക്കന്‍ഡുകള്‍ക്കുള്ളില്‍ 100 കിലോ മീറ്റര്‍ വേഗം കൈവരിക്കും. 190 കിലോമീറ്റര്‍ വേഗതയില്‍ പോകാവുന്ന കാറിനു 8സെക്കന്‍ഡുകള്‍ക്കുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും.ഈ കാറുകള്‍ക്ക് ഒരുതവണ ബാറ്ററി ചാര്‍ജ് ചെയ്താല്‍ യഥാക്രമം 350 , 250 , 300 കിലോമീറ്ററുകള്‍ ദൂരം സഞ്ചരിക്കാനും കഴിയും. സാവധാനത്തില്‍ മാത്രം സഞ്ചരിച്ചിരുന്നതും ഹൃസ്വദൂരം മാത്രം പോകാന്‍ കഴിയുമായിരുന്നതുമായ രേവ കാറുകളില്‍ നിന്നും മഹിന്ദ്ര ബഹുദൂരം മുന്നേറിയിരിക്കുന്നു.
ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക്ക് കാറുകളുടെ പദ്ധതിയുമായി ഗവണ്മെന്റ് അതിവേഗം മുന്നേറുമെന്നു കേന്ദ്ര ഗതാഗത മന്ത്രി നിഥിന്‍ ഗഡ്കരി ഏതാനും മാസങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താല്‍ ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക്ക് കാറുകള്‍ക്ക് പ്രചാരം ലഭിക്കില്ലെന്നായിരുന്നു മാരുതി സുസുക്കി ആര്‍ സി ഭാര്‍ഗ്ഗവയും മറ്റും പറഞ്ഞത്. ആള്‍ക്കാര്‍ക്ക് വേഗത്തില്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യം ലഭിക്കില്ലെന്നും അതിനാല്‍ ഹൈബ്രിഡ് വാഹനങ്ങള്‍ തന്നെയായിരിക്കും അവര്‍ ഇഷ്ടപ്പെടുകയെന്നും ഭാര്‍ഗവ പറഞ്ഞു.
ഇലക്ട്രിക്ക് വാഹനങ്ങള്‍ ഇന്ത്യന്‍ വിപണി സ്വീകരിക്കുമോയെന്ന സംശയങ്ങള്‍ക്ക് അറുതിവരുത്തിക്കൊണ്ടാണ് ടാറ്റായുടെ ടൈഗര്‍ നിരത്തിലിറങ്ങുന്നത്. ഗവണ്മെന്റ് നല്‍കുന്ന പ്രോത്സാഹനം ഇലക്ട്രിക്ക് വാഹന നിര്‍മ്മാണ രംഗത്തേക്ക് തിരിയാന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് പ്രോത്സാഹനമേകും. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുംവിധം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും പുതിയ നയങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനുമുള്ള ശ്രമങ്ങളിലാണ് ഗവണ്മെന്റ്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here