വാജിബിനുള്ള പുരസ്‌കാരം മന്ത്രി ഡോ. തോമസ് ഐസക്കില്‍ നിന്നും നടി മാരിയ ഷ്രെക് ഏറ്റുവാങ്ങുന്നു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും നെറ്റ്പാക് പുരസ്‌കാരം നേടി
തിരുവനന്തപുരം: എട്ട് രാപ്പകലുകളെ ദൃശ്യസമ്പന്നമാക്കിയ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. നിശാഗന്ധിയിലെ സമാപന ചടങ്ങുകളോടെയാണ് മേളയ്ക്ക് തിരശ്ശീല വീണത്. മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ആന്‍ മേരി ജസീര്‍ സംവിധാനം ചെയ്ത ഫലസ്തീനിയന്‍ ചിത്രം വാജിബിന് ലഭിച്ചു. മേളയിലെ മികച്ച നവാഗത സംവിധായകനുള്ള രജതചകോരം പുരസ്‌കാരത്തിന് മലയാളിയായ സഞ്ജു സുരേന്ദ്രന്‍ അര്‍ഹനായി. ചിത്രം ഏദന്‍. ഈ ചിത്രം മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും സ്വന്തമാക്കി.
മികച്ച സംവിധായകനുള്ള രജതചകോരം പുരസ്‌കാരത്തിന് മലില ദ ഫെയര്‍വെല്‍ ഫ്‌ളവര്‍ എ തായ് ചിത്രം സംവിധാനം ചെയ്ത അനൂച ബൂന്യവതന അര്‍ഹയായി. ജോണി ഹെന്റിക്‌സ് സംവിധാനം ചെയ്ത കൊളംബിയന്‍ ചിത്രം കാന്‍ഡലേറിയ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്, ഫിപ്രസി പുരസ്‌കാരങ്ങള്‍ ന്യൂട്ടന്‍ എന്ന ഇന്ത്യന്‍ ചിത്രം നേടി. (സംവിധായകന്‍ അമിത് മസൂര്‍ക്കര്‍). സജീവ് പാഴൂരിന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് നെറ്റ്പാക് പുരസ്‌കാരത്തിന് അര്‍ഹമായ മലയാള ചിത്രം.

 

മാധ്യമ പുരസ്‌കാരങ്ങള്‍
22-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ റിപ്പോര്‍ട്ടിങിനുള്ള മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അച്ചടി മാധ്യമങ്ങളില്‍ നിന്ന് കേരള കൗമുദിയിലെ ഐ വി രൂപശ്രീയും ദൃശ്യ മാധ്യമങ്ങളില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസിലെ വി പി വിനീതയും അര്‍ഹരായി. ദൃശ്യമാധ്യമ വിഭാഗത്തില്‍ മീഡിയ വണ്ണിലെ അഞ്ജിത അശോകിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.
ഓലൈന്‍ മാധ്യമങ്ങളിലെ മികച്ച കവറേജിനുള്ള പുരസ്‌കാരം മനോരമ ഓലൈനിനാണ്. മാതൃഭൂമി ഓലൈന്‍ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹരായി. ശ്രവ്യ മാധ്യമങ്ങളിലെ മികച്ച കവറേജിനുള്ള പുരസ്‌കാരം ഓള്‍ ഇന്ത്യാ റേഡിയോയും പ്രവാസി ഭാരതി 810 എ.എമ്മും പങ്കിട്ടു. മികച്ച തീയറ്റര്‍ (ടെക്‌നിക്കല്‍) പുരസ്‌കാരം ശ്രീപത്മനാഭയും, മികച്ച തീയറ്റര്‍ (സൗകര്യങ്ങള്‍) പുരസ്‌കാരം എസ്.പി.ഐ കൃപയും നേടി.
സമാപന സമ്മേളനം ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക രംഗത്തിന് പതിവില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ തുക സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 100 പുതിയ തീയറ്ററുകള്‍ സര്‍ക്കാരിന്റേതായി കേരളമെമ്പാടും ഉടന്‍ ഉയരുമ്പോള്‍ സമാന്തര സിനിമാ പ്രദര്‍ശനത്തിന് കൂടുതല്‍ അവസരമൊരുങ്ങും. ഡിജിറ്റല്‍കാലത്ത് സിനിമാ നിര്‍മാണം കൂടുതല്‍ ജനാധിപത്യപരമാകുകയാണ്. സംസ്ഥാനത്ത് ഭയമില്ലാതെ വിയോജിപ്പിനും സംവാദത്തിനുമുള്ള അവസരം എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സെകുറോവിന് മന്ത്രി എ കെ ബാലന്‍ സമ്മാനിക്കുന്നു.

ഫെസ്റ്റിവല്‍ കോംപ്ലക്‌സ്
ചലച്ചിത്രമേളയ്ക്ക് എല്ലാ സൗകര്യങ്ങളുമുള്ള ഫെസ്റ്റിവല്‍ കോംപ്ലക്‌സ് നിര്‍മാണം അടുത്ത ഏപ്രിലില്‍ ആരംഭിക്കുമെന്ന് സാംസ്‌കാരികമന്ത്രി എ കെ ബാലന്‍ അധ്യക്ഷ പ്രസംഗത്തില്‍ അറിയിച്ചു. മൂന്നുവര്‍ഷം കൊണ്ട് കോംപ്ലക്‌സ് നിര്‍മാണം പൂര്‍ത്തിയാക്കുന്ന വിധമാണ് നടപടികള്‍ പുരോഗമിക്കുന്നത്. 25 ാമത് ചലച്ചിത്രമേള പുതിയ കോംപ്ലക്‌സില്‍ നടത്താനുള്ള ആസൂത്രണവുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
2000 പേര്‍ക്കിരിക്കാവുന്ന ഓപ്പണ്‍ തീയറ്റര്‍, 2500 പേര്‍ക്കിരിക്കാവുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍, ഫെസ്റ്റിവലിനുള്ള തീയറ്ററുകള്‍, സെമിനാര്‍ ഹാളുകള്‍, പ്രിവ്യൂ റൂം, ചലച്ചിത്ര അക്കാദമിയുടെ ഓഫീസ് തുടങ്ങിയവ അടങ്ങുന്നതായിരിക്കും പുതിയ കോംപ്ലക്‌സ്. ചിത്രാജ്ഞലി സ്റ്റുഡിയോ കോംപ്ലക്‌സില്‍ നിര്‍മിക്കുന്ന ഫിലിം സിറ്റിയിലെ പത്ത് ഏക്കറിലാണ് ഫെസ്റ്റിവല്‍ കോംപ്ലക്‌സ് ഒരുങ്ങുന്നത്. കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കില്‍ നിര്‍മാണം പുരോഗമിക്കുന്ന ഫിലിം ആര്‍ക്കൈവ്‌സ്, ഡിജിറ്റല്‍ ലൈബ്രറി എന്നിവ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം റഷ്യന്‍ സംവിധായകന്‍ അലക്സാണ്ടര്‍ സൊകുറോവിന് മന്ത്രി ബാലന്‍ സമ്മാനിച്ചു. മേയര്‍ വി കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, ജൂറി ചെയര്‍മാന്‍ മാര്‍ക്കോ മുള്ളര്‍ എന്നിവര്‍ പങ്കെടുത്തു. സമാപന ചടങ്ങിന് ശേഷം സുവര്‍ണ്ണചകോരത്തിന് അര്‍ഹമായ ‘വാജിബ്’ പ്രദര്‍ശിപ്പിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here