.പാലക്കാട്: എകെജിയെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ വി ടി ബല്‍റാം എംഎല്‍എയെ തടയാന്‍ ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ ശ്രമം സംഘര്‍ഷത്തിലും പൊലീസ് ലാത്തിചാര്‍ജിലും കലാശിച്ചു. തൃത്താല മണ്ഡലത്തിലെ കപ്പൂര്‍ പഞ്ചായത്തിലെ കാഞ്ഞിരത്താണിയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ ബല്‍റാം എത്തിയപ്പോഴാണ് സഭവം.
എകെജി വിവാദത്തിനുശേഷം വി ടി ബല്‍റാം പങ്കെടുത്ത ആദ്യ പൊതുപരിപാടയാണിത്. ബല്‍റാമിനു സംരക്ഷണം നല്‍കാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. പൊലീസുകാര്‍ക്കടക്കം നിരവധിപ്പേര്‍ക്കു പരുക്കേറ്റു.
ആക്രമണത്തില്‍ പ്രതിഷേധിച്ച് തൃത്താല മണ്ഡലത്തില്‍ വ്യാഴാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
എകെജി സുശീല പ്രണയത്തെപ്പറ്റിയുള്ള ബല്‍റാമിന്റെ ഫെയ്‌സ്ബുക് പോസ്റ്റാണ് വിവാദമായത്. ബല്‍റാമിനെതിരെ സമൂഹമാധ്യമത്തിലും പുറത്തും വലിയ പ്രതിഷേധമാണ് ഉയരുന്നത്. എംഎല്‍എയെ ബഹിഷ്‌കരിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.
കോണ്‍ഗ്രസ് നേതൃത്വം ബല്‍റാമിന്റെ പ്രസ്താവനയെ തള്ളി. എന്നാല്‍ കെ.എം ഷാജി എംഎല്‍എ, കെ.സുധാകരന്‍, എ പി അബ്ദുല്ലക്കുട്ടി, കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ ബല്‍റാമിന് പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, ബല്‍റാമിനെതിരായ അക്രമം തുടര്‍ന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ വഴിയില്‍ തടയുമെന്ന മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി.
ഇതേസമയം, ഗോപാലസേനയ്ക്ക് കീഴടങ്ങില്ലെന്ന പ്രഖ്യാപനവുമായി വി ടി ബല്‍റാം വീണ്ടും സമൂഹമാധ്യമത്തിലെ ലഘു കുറിപ്പിലൂടെ രംഗത്തുവന്നു.

ഹസനും സുധീരനും പ്രതിഷേധിച്ചു
വി ടി ബല്‍റാമിനെതിരേ സിപിഎം പ്രവര്‍ത്തകര്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ കെപിസിസി പ്രസിഡന്റ് എം എം. ഹസനും മുതിര്‍ന്ന കോണ്‍ന്‍ഗ്രസ് നേതാവ് വി എം സുധീരനും പ്രതിഷേധിച്ചു.
പൊലീസിനെ വിവരം നേരത്തേ അറിയിച്ചിരുന്നെങ്കിലും എംഎല്‍എ.യ്ക്ക് സംരക്ഷണം ലഭിച്ചില്ല. പൊലീസിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും അഴിഞ്ഞാട്ടമാണ് അവിടെ ഉണ്ടായത്. അഭിപ്രായ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും ഉള്ള രാജ്യത്താണ് നാം ജീവിക്കുന്നതെന്ന് എല്ലാവരും ഓര്‍ത്തിരിക്കുന്നതു നല്ലതാണെന്ന് ഹസന്‍ ചൂണ്ടിക്കാട്ടി.
അഭിപ്രായം പറയുന്നവരെ ആക്രമിച്ച് നിശബ്ദരാക്കാനുള്ള സിപിഎമ്മിന്റെ ഫാസിസ്റ്റ് ശൈലിയാണ്. ഈ ഹീനശ്രമത്തിലൂടെ പ്രകടമാകുന്നതെന്ന് വി എം സുധീരന്‍ ഫേസ്ബുക്ക് പോസറ്റില്‍ കുറിച്ചു. ഇത് അവസാനിപ്പിക്കാന്‍ അവര്‍ തയാറാകണം. ഇല്ലെങ്കില്‍ ഭരണരംഗത്ത് തീര്‍ത്തും പരാജയപ്പെട്ട സിപിഎം ജനങ്ങളില്‍നിന്നും കൂടുതല്‍ ഒറ്റപ്പെടുമെന്ന് സുധീരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here