.ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപബാധിതര്‍ക്ക് ആശ്വാസമെന്നവണ്ണം കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൂടുതലായി അന്വേഷിക്കാത്ത 186 കേസുകള്‍ സുപ്രീംകോടതി നേരിട്ട് അന്വേഷിക്കുന്നു. ഇതിനായി സ്വന്തം മൂന്നംഗ എസ്‌ഐടിയെ നിയോഗിക്കാന്‍ സുപ്രീംകോടതി ബുധനാഴ്ച തീരുമാനിച്ചു.
3,325 പേരുടെ മരണത്തിന് ഇടയാക്കിയ 1984ലെ കലാപവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് 186 കേസുകള്‍. ഒരു മുന്‍ ഹൈക്കോടതി ജഡ്ജി, ഐജി റാങ്കില്‍ കുറയാത്ത ഒരു മുന്‍ ഐപിഎസ് ഓഫീസര്‍, സര്‍വീസിലുള്ള ഒരു ഐപിഎസ് ഓഫീസര്‍ എന്നിവരാകും എസ്‌ഐടിയിലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഇവരൊക്കെ ഡല്‍ഹിയില്‍ ഉള്ളവരാകും.
സര്‍ക്കാരിന്റെ ആവശ്യപ്രകാരം വിഷയം ബെഞ്ച് നാളെ പരിഗണിക്കാനായി മാറ്റി. പുതിയ എസ്എടി അംഗങ്ങളുടെ പേര് നിര്‍ദ്ദേശിക്കാനായിട്ടാണ് ഇത്.
സുപ്രീംകോടതി നിയോഗിച്ച മുന്‍ സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍, ജസ്റ്റിസ് ജെ എം പഞ്ചല്‍ എന്നിവര്‍ 2017 ഡിസംബര്‍ 11 ന് സമര്‍പ്പിച്ച രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ എസ്എടി രൂപീകരിക്കാനുള്ള തീരുമാനം.
1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ മരിച്ച 3,325 പേരില്‍ 2,733 മരണവും ഡല്‍ഹിയില്‍ മാത്രമാണ്. ശേഷിക്കുന്നവ ഉത്തര്‍ പ്രദേശ്, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലും.

LEAVE A REPLY

Please enter your comment!
Please enter your name here