ശ്രീദേവി വിടപറഞ്ഞു

9

ദുബായ്: പ്രശസ്ത ഹിന്ദി സിനിമാ താരം ശ്രീദേവി അന്തരിച്ചു. ദുബായില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 54 വയസ്സായിരുന്നു. രാത്രി 11.30ഓടെയാണ് മരണം സംഭവിച്ചതെന്ന് അടുത്ത കുടുംബവൃത്തങ്ങള്‍ അറിയിച്ചു.
ബോളിവുഡ് താരമായ മോഹിത് മാര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടി കുടുംബസമേതം ദുബായില്‍ എത്തിയതായിരുന്നു ശ്രീദേവി. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും ഒപ്പമുണ്ടായിരുന്നു. ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂറാണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്.
നാലാം വയസില്‍ ബാലതാരമായാണ് ശ്രീദേവിയുടെ അരങ്ങേറ്റം. മലയാളം, ഹിന്ദി, തമിഴ്, കന്നടയിലടക്കം നൂറിലധികം ചിത്രങ്ങളില്‍ ശ്രീദേവി അഭിനയിച്ചു. കുമാരസംഭവം, പൂമ്പാറ്റ, ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്‍, സത്യവാന്‍ സാവിത്രി, ദേവരാഗം ഉള്‍പ്പെടെ 26 ഓളം മലയാള ചിത്രങ്ങളില്‍ ശ്രീദേവി അഭിനയിച്ചു. 1963 ഓഗസ്റ്റ് 13 ന് തമിഴ്‌നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. അച്ഛന്‍ അയ്യപ്പന്‍ അഭിഭാഷകനായിരുന്നു. അമ്മ രാജേശ്വരി. തുണൈവന്‍ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സില്‍ ബാലതാരമായാണ് ശ്രീദേവി അഭിനയരംഗത്തെത്തിയത്. ‘പൂമ്പാറ്റ’യിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
1976 ല്‍ പതിമൂന്നാം വയസ്സില്‍, കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത ‘മൂണ്‍ട്ര് മുടിച്ച്’ എന്ന ചിത്രത്തില്‍ കമല്‍ഹാസനും രജനീകാന്തിനുമൊപ്പം നായികയായി അരങ്ങേറി. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിലഭിനയിച്ച ശ്രീദേവി ബോളിവുഡിലെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാര്‍ എന്നാണ് അറിയപ്പട്ടത്. 2013 ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചു. 1981 ല്‍ മൂന്നാംപിറയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു.
മൂണ്‍ട്ര് മുടിച്ച്, പതിനാറു വയതിനിലേ, സിഗപ്പ് റോജാക്കള്‍, മൂന്നാം പിറ, മിസ്റ്റര്‍ ഇന്ത്യ, നാഗിന, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഈ വര്‍ഷം പുറത്തിറങ്ങാന്‍ ഇരിക്കുന്ന ഷാറൂഖ് ഖാന്‍ ചിത്രമായ സീറോയില്‍ അതിഥി താരമായി ശ്രീദേവി അഭിനയിച്ചിരുന്നു. മക്കള്‍: ജാന്‍വി, ഖുഷി.

 

SHARE

LEAVE A REPLY

Please enter your comment!
Please enter your name here