തിരുവനന്തപുരം: അംഗന്‍വാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ഓണറേറിയം മുഴുവന്‍ കുടിശിക സഹിതം ലഭ്യമാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അംഗന്‍വാടി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കേണ്ടിയിരുന്ന 1000 രൂപ ചില പഞ്ചായത്തുകള്‍ കുടിശിക വരുത്തിയത് കാരണം വര്‍ധിപ്പിച്ച മുഴുവന്‍ ഓണറേറിയം തുകയും ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. 2017-18ലെ മൂന്നാം ഗഡു അനുവദിച്ചു കൊണ്ടുള്ള ധനകാര്യ വകുപ്പിന്റെ ഉത്തരവില്‍ പ്രാദേശിക സര്‍ക്കാരുകള്‍ കുടിശിക വരുത്തിയ തുക സാമൂഹ്യനീതി വകുപ്പിന്റെ ഹെഡ് ഓഫ് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്തതിന് ശേഷം മാത്രമേ വികസന ഫണ്ട് അനുവദിക്കുകയുള്ളൂവെന്ന് ഉത്തരവായിട്ടുണ്ട്. ഇതിന് അനുസൃതമായി ഡി.ഡി.ഒ.മാര്‍ ഒരു സാക്ഷപത്രം അടുത്ത ബില്ലിനോടൊപ്പം വയ്ക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 2018-19 വര്‍ഷം മുതല്‍ ബജറ്റില്‍ തന്നെ ഓണറേറിയം നല്‍കുന്നതിനായി 144 കോടി രൂപ വകയിരുത്തിയതിനാല്‍ ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെടുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
അംഗന്‍വാടി വര്‍ക്കര്‍മാരുടെ 2006ലേയും 2010ലേയും സീനിയോറിറ്റി ലിസ്റ്റ് 2015ല്‍ സംയോജിപ്പിച്ചുകൊണ്ട് 2015ല്‍ ലിസ്റ്റ് തയ്യാറാക്കിയപ്പോള്‍ ഉണ്ടായിട്ടുള്ള അപാകതകള്‍ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. പഞ്ചായത്തിലെ അംഗന്‍വാടി വര്‍ക്കര്‍മാരുടെ 25 ശതമാനം ഒഴിവുകള്‍ അംഗന്‍വാടി ഹെല്‍പര്‍മാരുടെ പ്രമോഷനായി നീക്കിവയ്ക്കുന്ന കാര്യത്തിലുണ്ടായിരുന്ന അപാകതകള്‍ പരിഹരിക്കും.
ഐസിഡിഎസ് പദ്ധതിയുടെ കേന്ദ്രവിഹിതം വെട്ടിക്കുറച്ചതില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ 1.12.2017 മുതല്‍ 60:40 ശതമാനത്തില്‍ നിന്നും 25:75 ആക്കി മാറ്റിയതോടെ സംസ്ഥാനത്തിന് 2017-18ല്‍ മാത്രം 22.17 കോടി രൂപയുടെ അധിക ബാധ്യത വന്നിരിക്കുകയാണ്. 2018-19 മുതല്‍ ഓരോ വര്‍ഷവും 27 കോടി രൂപ അധികമായി കണ്ടെത്തേണ്ടിയിരിക്കുന്നു. 258 ഐസിഡിഎസ് പ്രോജക്ട് ഓഫീസുകളിലും 14 ഐസിഡിഎസ് സെല്ലുകളിലും ഡയറക്ടറേറ്റിലും ഉണ്ടായിരുന്ന 2755 സ്ഥിരം ജീവനക്കാരില്‍ 1904 ജീവനക്കാര്‍ക്ക് മാത്രമാണ് 25:75 അനുപാതത്തില്‍ കേന്ദ്ര വിഹിതം അനുവദിക്കാന്‍ തയ്യാറായിട്ടുള്ളത്. 851 മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ മുഴുവന്‍ ശമ്പളവും സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സംഘടനാ പ്രതിനിധികളായ കാര്‍ത്തിയായനി വി സി, മേരി ജോബ് (അംഗന്‍വാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് അസോസിയേഷന്‍), കവിത സതീഷ്, പി വിജയമ്മ (അംഗന്‍വാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് യൂണിയന്‍), അന്ന എബ്രഹാം, ആര്‍ നാരായണന്‍ (ഇന്റര്‍നാഷണല്‍ അംഗന്‍വാടി എംപ്ലോയിസ് ഫെഡറേഷന്‍) കെ എസ് രമേശ് ബാബു, അന്നമ്മ ജോര്‍ജ് (അംഗന്‍വാടി സ്റ്റാഫ് അസോസിയേഷന്‍), യു പോക്കര്‍, റഹിയാത്ത് ബീവി ടി പി (എഡബ്ലിയുഎച്ച്ഒ) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here