വില്‍ഹെം ഷ്മിഡും ബാബു തളിയത്തും

ജര്‍മന്‍ പുസ്തകത്തിന്റെ കര്‍ത്താവ് കൃതി സാഹിത്യോത്സവ വേദിയില്‍
കൊച്ചി (സ്വന്തം ലേഖകന്‍): മരണത്തെ നേരിടേണ്ടതനെ കുറിച്ച് ജര്‍മ്മന്‍ ചിന്തകന്റെ അഭിപ്രായമിതാ-ശീലങ്ങളാണ് ജീവിതത്തെ ലളിതമാക്കുന്നത്, സന്തോഷങ്ങള്‍ ആസ്വദിക്കണം, അനുഭവങ്ങള്‍ സ്വീകരിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കണം, സ്പര്‍ശത്തിനു വേണ്ടി ഉറ്റുനോക്കണം, സ്നേഹവും സുഹൃദ്ബന്ധങ്ങളും വളര്‍ത്തിയെടുക്കണം, ജീവിതത്തിനപ്പുറമുള്ള ദാര്‍ശനികമാനത്തിനും ഊര്‍ജം നശിക്കുന്നില്ലെന്നും ജീവിതം അവസാനമല്ലെന്നുമുള്ള സത്യത്തിലും വിശ്വസിക്കണം-ഇതാണ് കാള്‍ മാര്‍ക്‌സിന്റെ നാട്ടില്‍ നിന്നുള്ള ചിന്തകന്‍ ഷ്‌വില്‍ഹെം ഷ്മിഡ് പറയുന്ന ദര്‍ശനത്തിന്റെ ആറു പടികള്‍.
5 ലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞ ‘വയസ്സാകുമ്പോള്‍ നാം നേടുന്നത്’ എന്ന ജര്‍മന്‍ പുസ്തകത്തിന്റെ കര്‍ത്താവ് കൃതി സാഹിത്യോത്സവ വേദിയില്‍ എത്തി. പുസ്തകത്തിന്റെ പേരു സൂചിപ്പിക്കുന്നതു പോലെ മധ്യവയസ്സില്‍ നിന്ന് വാര്‍ധക്യത്തിലേയ്ക്കു കടക്കുന്നവര്‍ക്ക് അതിരുകളില്ലാത്ത ശാന്തത പകരാന്‍ കെല്‍പ്പുള്ളതാണ് ഈ ചിന്തകള്‍.
വാര്‍ധക്യത്തെയും മരണത്തെയും നേരിടാനുള്ള ലളിതമായ ദര്‍ശനങ്ങളാണ് ഷ്മിഡ് മുന്നോട്ടുവെയ്ക്കുന്നത്. അതേസമയം സാധാരണ സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങളുമായി താരതമ്യം ചെയ്യാനാവാത്ത ദാര്‍ശനിക ഉയരവും ലാളിത്യവുമാണ് ഈ പുസ്തകത്തെ പ്രസക്തമാക്കുന്നത്.
ശീലങ്ങളെ വിരസങ്ങളായി കാണരുതെന്ന് ഷ്മിഡ് പറയുന്നു. പരിചിതമായ ദിനചര്യകളാണ് ഏറ്റവും ശാന്തത പകരുക. അവയെ വിശ്വസിക്കാം. ആധുനിക മനുഷ്യന്‍ ഇത് സമ്മതിച്ചെന്നു വരില്ല. അതിനു പകരം സാഹസികമായ എടുത്തുചാട്ടങ്ങള്‍ നടത്തി അവന്‍ പ്രശ്നങ്ങളെ വരിക്കുന്നു. ശാരീരികവും മാനസികവുമായ സന്തോഷങ്ങള്‍ ആസ്വദിക്കുകയെന്നതും പ്രധാനമാണ്. ഇ്ന്ദ്രിയങ്ങളാണ് പ്രാഥമികം. അവയ്ക്ക് ആത്മാവിലും സ്വാധീനങ്ങളുണ്ട്. ഉദാഹരണത്തിന് പ്രായം ചെല്ലുന്തോറും രസമേറുന്ന കാര്യമാണ് ആളുകളോട് വര്‍ത്തമാനം പറഞ്ഞിരിക്കല്‍. നിര്‍ഭാഗ്യങ്ങളേയും സൗഭാഗ്യങ്ങളേയും ഒരുപോലെ സ്വീകരിക്കണം. സ്പര്‍ശം ഏറെ പ്രധാനമാണ്. അതാണ് ബന്ധങ്ങളുടെ കാതല്‍.
ജര്‍മന്‍ ചിന്തകന്മാരെപ്പറ്റി മലയാളികളോട് ഏറെപ്പറയേണ്ട. ആശയതലത്തില്‍ എന്ത് വിയോജിപ്പുണ്ടായാലും കേരളത്തെ ഏറ്റവും സ്വാധീനിച്ച നാലഞ്ച് വ്യക്തികളുടെ പേരുകള്‍ പറയാന്‍ പറഞ്ഞാല്‍ അതില്‍ ഒരാള്‍ കാള്‍ മാര്‍ക്സ് ആയിരിക്കുമല്ലോ. കാന്റ്, ഹെഗല്‍, നീച്ചെ, ഷോപ്പനോവര്‍.. മലയാളികള്‍ക്ക് സുപരിചിതരായ ജര്‍മന്‍ ചിന്തകര്‍ ഏറെ.
ഷ്മിഡ് പക്ഷേ മറ്റു ജര്‍മന്‍ ചിന്തകരില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തനാണ്. ഉദാഹരണത്തിന് ഷോപ്പനോവറെ ഉപനിഷത്തുകളും മാര്‍ക്സിനെ ഹെഗലുമൊക്കെ സ്വാധീനിച്ചെങ്കില്‍ വില്‍ഹെം ഷ്മിഡ് എന്ന ഈ ദാര്‍ശനികന് പൂര്‍വസൂരികളില്ലെന്നു പറയാം. മറ്റൊന്നു കൂടി-ഇരുപതിലേറെ ഭാഷയിലായി ചുരുങ്ങിയ കാലം കൊണ്ട് വയസ്സാകുമ്പോള്‍ നാം നേരിടുന്ന്ത് അഞ്ചു ലക്ഷം കോപ്പികളാണ് ഇതിനകം വിറ്റുപോയിരിക്കുന്നത്.
കൃതി സാഹിത്യ-വിജ്ഞാനോത്സവത്തില്‍ തന്റെ ദര്‍ശനത്തെപ്പറ്റി അദ്ദേഹം വിശദീകരിക്കാനെത്തി. ജെഎന്‍യുവിലെ പ്രൊഫസറും ജര്‍മന്‍ ഭാഷാ വിദഗ്ധനും മുന്‍കാല താരം മിസ് കുമാരിയുടെ മകനുമായ ബാബു തളിയത്താണ് ഷ്മിഡുമായി സംസാരിച്ചത്.
ചടങ്ങില്‍ പത്രപ്രവര്‍ത്തകനും നോവലിസ്റ്റുമായ രാമചന്ദ്രന്‍ പരിഭാഷപ്പെടുത്തി എസ്പിസിഎസ് പ്രസിദ്ധീകരിച്ച വയസാകുമ്പോള്‍ നാം നേരിടുന്നതിന്റെ പ്രകാശനവും നടന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here