സികെ ഓമന അന്തരിച്ചു

11

കോട്ടയം: സ്വാതന്ത്ര്യസമര സേനാനി സി കെ ഓമന(84) അന്തരിച്ചു. മുന്‍ വൈക്കം എംഎല്‍എയും കമ്മ്യൂണിസ്റ്റ് നേതാവുമായ സികെ വിശ്വനാഥന്റെ ഭാര്യയുമാണ് മഹിളാസംഘം നേതാവുമായിരുന്ന ഓമന. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വത്തിന്റെ മാതാവാണ്.
സിപിഐക്ക് വേണ്ടി ഉഴിഞ്ഞുവച്ചതായിരുന്നു ജീവിതം. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് തുടക്കം. സാമൂഹിക പരിഷ്‌ക്കര്‍ത്താവും കോണ്‍ഗ്രസ് നേതാവും എഴുത്തുകാരനുമായിരുന്ന വൈക്കം ചേലക്കാട്ട് മാളികയില്‍ ഇ മാധവന്റെയും കൗസല്യയുടെയും മകളായി 1934 ആഗസ്റ്റ് 9 ന് വൈക്കത്ത് ജനിച്ചു. മാതാവ് കൗസല്യ അധ്യാപികയായിരുന്നു.
വിദ്യാര്‍ഥിയായിരിക്കെ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. വിദ്യാര്‍ഥി ഫെഡറേഷന്‍ നിരോധിക്കപ്പെട്ടപ്പോള്‍ വിദ്യാഭ്യാസ അവകാശ സമ്പാദന സമിതിയുടെയും മുന്‍നിര നേതാവായി. വിദ്യാര്‍ഥി ഫെഡറേഷന്റെ സംസ്ഥാന നേതാക്കളിലൊരാളായിരുന്നു ഓമന. കയര്‍, കര്‍ഷക, ചെത്തു തൊഴിലാളികളുടെ സമരങ്ങളില്‍ സജീവമായി പങ്കെടുത്തു.
സിപിഐ പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് വെള്ളൂരിലെ വീട്ടില്‍ ഒളിവില്‍ക്കഴിഞ്ഞ പി കൃഷ്ണപിള്ള, എം എന്‍ ഗോവിന്ദന്‍ നായര്‍, സി അച്യുതമേനോന്‍, പി ടി പുന്നൂസ്, കെ വി പത്രോസ്, സി ജി സദാശിവന്‍, കോട്ടയം ഭാസി തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കളുടെ രാഷ്ട്രീയ ശിക്ഷണത്തിലൂടെ ഉറച്ച കമ്മൂണിസ്റ്റായി. വിദ്യാര്‍ഥി ജീവിതകാലത്തു തന്നെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.
1952ല്‍ കമ്മ്യൂണിസ്റ്റ് നേതാവും വൈക്കം എംഎല്‍എയുമായ സി കെ വിശ്വനാഥനുമായി വിവാഹിതയായി. 1957 ല്‍ ഖാദി ബോര്‍ഡ് അംഗമായിരുന്നു.1962 ല്‍ എല്‍ഐസി ഡെവലപ്‌മെന്റ് ഓഫീസറായി ജോലിയില്‍ പ്രവേശിച്ച ഓമന, ഡെവലപ്‌മെന്റ് ഓഫീസര്‍മാരുടെ ഫെഡറേഷന്റെ ദേശീയ നേതാക്കളിലൊരാളായിരുന്നു.
മക്കള്‍: ബീന കോമളന്‍, ബിനോയ് വിശ്വം, പരേതനായ ബിനോദ് വിശ്വം. മരുമക്കള്‍: കെ ജി കോമളന്‍, ഷൈല സി ജോര്‍ജ്, നജി കെ. സഹോദരങ്ങള്‍: സി എം തങ്കപ്പന്‍, സി കെ തുളസി, സി കെ ലില്ലി, സി കെ സാലി, സി എം ബേബി, സി എം ജോയ്.

കാനത്തിന്റെ അനുശോചനം
തിരുവനന്തപുരം: ആദ്യകാല വിദ്യാര്‍ഥി-മഹിളാ നേതാവായിരുന്ന സി കെ ഓമനയുടെ നിര്യാണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അനുശോചിച്ചു.
വിദ്യാര്‍ഥി ഫെഡറേഷനിലൂടെ പൊതുരംഗത്തു വന്ന ഓമന പിന്നീട് മഹിളാസംഘം പ്രവര്‍ത്തനങ്ങളിലും മഹിളാസംഘം നേതൃനിരയിലും പ്രവര്‍ത്തിച്ചു. സി കെ ഓമനയുടെ കുടുംബം ഒരു കമ്മ്യൂണിസ്റ്റ് കുടുംബമായിരുന്നു.
ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങള്‍ കൃത്യമായും സത്യസന്ധമായും നിറവേറ്റുന്നതില്‍ അവര്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നു എന്ന് കാനം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സി കെ ഓമനയുടെ നിര്യാണത്തില്‍ സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, എ ഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ എന്നിവരും അനുശോചിച്ചു

SHARE

LEAVE A REPLY

Please enter your comment!
Please enter your name here