മഹാരാഷ്ട്രയില്‍ പതിനായിരങ്ങളുടെ കര്‍ഷക റാലി

13

മുംബൈ: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ വിറപ്പിച്ച് മഹാരാഷ്ട്രയില്‍ പതിനായിരങ്ങള്‍ അണിനിരക്കുന്ന കര്‍ഷക പ്രക്ഷോഭം ഇന്ന് സെക്രട്ടറിയേറ്റിനു മുന്നിലെത്തും. മുംബൈ-താനെ അതിര്‍ത്തിയിലെത്തിയ ബഹുജനമാര്‍ച്ച് ഉച്ചയ്ക്ക് ശേഷം മുംബൈ നഗരത്തിലേക്ക് പ്രവേശിക്കും.
സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിക്കുന്നില്ലെങ്കില്‍ ഇന്നു മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നാണ് കര്‍ഷകര്‍ അറിയിച്ചിട്ടുള്ളത്. കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടിയും കര്‍ഷകരുടെ കടങ്ങള്‍ പൂര്‍ണമായും എഴുതി തള്ളണമെന്നും ആവശ്യപ്പെട്ടാണ് കര്‍ഷകരുടെ പ്രതിഷേധം. വനഭൂമി കൃഷിക്കായി വിട്ടുനല്‍കുക, സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക, വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഏക്കറിന് 40,000 രൂപവീതം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്.
സിപിഎം കര്‍ഷക സംഘടനയായ അഖില ഭാരതീയ കിസാന്‍ സഭയാണ് (എബികെഎസ്) പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. മറ്റ് കര്‍ഷകസംഘടനകളും ആദിവാസി സംഘടനകളും സജീവപാങ്കാളിത്തം നല്‍കുന്നുണ്ട്.
ചൊവ്വാഴ്ച നാസിക്കിലെ സിബിഎസ് ചൗക്കില്‍നിന്നാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. 180 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണ് മാര്‍ച്ച് മുംബൈയിലെത്തുന്നത്. 30,000 പേരുമായി ആരംഭിച്ച മാര്‍ച്ചില്‍ ഇപ്പോള്‍ 60000 ത്തിലധികം പേരാണ് ഇപ്പോള്‍ പങ്കെടുക്കുന്നത്. ശിവസേന നേതാവും മന്ത്രിയുമായ ഏകനാഥ് ഷിന്‍ഡെ പ്രക്ഷോഭകരെ സന്ദര്‍ശിച്ച് പാര്‍ട്ടിയുടെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്‍സിപി, മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ പാര്‍ട്ടി എന്നിവരും കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here