ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഉപദേഷ്ടാവ് വി കെ ജെയിന്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളും കുടുംബ ബാധ്യതകളുമാണ് കാരണമായി പറയുന്നതെങ്കിലും, ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ കയ്യേറ്റം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ജെയിന്റെ രാജി.
രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സമര്‍പ്പിക്കുകയും പകര്‍പ്പ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അയയ്ക്കുകയും ചെയ്തു.
കെജ്രിവാള്‍ ചെയര്‍മാനായിരുന്ന ദല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്‌മെന്റ് ബോര്‍ഡിന്റെ സിഇഒ ആയി വിരമിച്ച് ദിവസങ്ങള്‍ക്കകമാണ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ജെയിനെ ഉപദേഷ്ടാവായി നിയമിച്ചത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ ഫെബ്രുവരി 19ന് വൈകിട്ട് ചേര്‍ന്ന യോഗത്തില്‍ എഎപി എംഎല്‍എമാര്‍ ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ചു എന്നാണ് കേസ്.
കെജ്രിവാളിന്റെ വീട്ടില്‍ എഎപി എംഎല്‍എമാരായ പ്രകാശ് ജര്‍വാള്‍, അമനത്തുള്ള ഖാന്‍ എന്നിവര്‍ ചീഫ് സെക്രട്ടറിയെ വളഞ്ഞ് മര്‍ദ്ദിക്കുന്നതായി കണ്ടു എന്ന് ജെയിന്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായി ഡല്‍ഹി പൊലീസ് കഴിഞ്ഞാഴ്ച കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
ഈ സംഭവത്തിനുശേഷം ജെയിന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നിട്ടില്ല. മെഡിക്കല്‍ ലീവിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here