കൊല്ലം: ചലച്ചിത്ര നടനും സംവിധായനുമായ കൊല്ലം അജിത്(56) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പുലര്‍ച്ചെ 3.40 ഓടെയായിരുന്നു അന്ത്യം.
സ്വദേശമായ കൊല്ലത്തേക്കു മൃതദേഹം എത്തിച്ചു. കടപ്പാക്കടയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം സംസ്‌കാരം വൈകിട്ട് ആറിന് കൊല്ലം പോളയത്തോട് ശ്മശാനത്തില്‍.
റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററായിരുന്ന കോട്ടയം സ്വദേശി പത്മനാഭന്റെയും സരസ്വതിയുടെയും മകനായാണ് അജിത് ജനിച്ചത്. പിതാവ് പത്മനാഭന്‍ കൊല്ലത്താണ് പ്രവര്‍ത്തിച്ചത്. കൊല്ലത്താണ് അജിത് ജനിച്ചു വളര്‍ന്നത്. അതിനാലാണ് കൊല്ലം അജിത് എന്ന പേരുകിട്ടിയത്.
അഞ്ഞൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച അജിത് വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സാന്നിധ്യം അറിയിച്ചു. രണ്ടു സിനിമകള്‍ സംവിധാനം ചെയ്ത് സംവിധായകന്റെ റോളിലും കഴിവ് പ്രകടിപ്പിച്ചു.
സംവിധാനം പഠിക്കാന്‍ പത്മരാജന്റെ അടുത്തെത്തിയ അജിതിന് പത്മരാജന്‍ പിന്നീട് തന്റെ സിനിമയില്‍ വേഷം നല്‍കി. ‘പറന്ന് പറന്ന് പറന്ന്’ എന്ന സിനിമയിലെ വില്ലന്‍ വേഷത്തിലൂടെ അജിത്തിനെ പത്മരാജന്‍ വെള്ളിത്തിരയിലേക്കു കൈപിടിച്ചു കയറ്റി. തുടര്‍ന്ന് കൊല്ലം അജിത് മലയാള സിനിമയിലെ പ്രഖ്യാപിത വില്ലന്‍മാരില്‍ ഒരാളായി.
‘ഒളിംപ്യന്‍ അന്തോണി ആദം’, ‘പ്രജാപതി’, ‘ആറാം തമ്പുരാന്‍’, ‘വല്ല്യേട്ടന്‍’, ‘ബാലേട്ടന്‍’, ‘പൂവിന് പുതിയ പൂന്തെന്നല്‍’, ‘നാടോടിക്കാറ്റ്’, ‘അപരന്‍’, ‘മനു അങ്കിള്‍’, ‘നമ്പര്‍ 20 മദ്രാസ് മെയില്‍’, ‘ലാല്‍ സലാം’, ‘നിര്‍ണയം’ തുടങ്ങിയ ചിത്രങ്ങളിലെ വില്ലന്‍ റോളുകള്‍ ശ്രദ്ധേയമായി.
മലയാളത്തിനു പുറമേ പ്രിയദര്‍ശന്റെ ഹിന്ദി ചിത്രമായ ‘വിരാസത്തി’ലും മൂന്നു തമിഴ് സിനിമകളിലും അഭിനയിച്ചു. 1987 ല്‍ ഇറങ്ങിയ ‘അഗ്‌നിപ്രവേശം’ എന്ന ചിത്രത്തില്‍ നായകനായി. 2012 ല്‍ പുറത്തിറങ്ങിയ ‘ഇവന്‍ അര്‍ധനാരി’യിലാണ് ഒടുവില്‍ അഭിനയിച്ചത്.
വില്ലന്‍ വേഷം കെട്ടുമ്പോഴും സംവിധായകനാവുക എന്ന സ്വപ്നം അജിത്ത് ഉപേക്ഷിച്ചില്ല. സിനിമാ പ്രവേശനത്തിന്റെ മുപ്പതാം വര്‍ഷം ആ സ്വപ്നം സാക്ഷാല്‍ക്കരിച്ചു. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും കൊല്ലം അജിത് എന്ന ടൈറ്റില്‍ കാര്‍ഡുമായെത്തിയ ‘കോളിങ് ബെല്‍’ എന്ന സിനിമയിലൂടെ. ‘പകല്‍ പോലെ’യാണ് അജിത് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം.
ദൂരദര്‍ശനിലെ ആദ്യകാല പരമ്പരകളിലൊന്നായ ‘കൈരളി വിലാസം ലോഡ്ജ്’ ഉള്‍പ്പെടെ നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു. പാവക്കൂത്ത്, വജ്രം, ദേവീമാഹാത്മ്യം, കടമറ്റത്ത് കത്തനാര്‍, സ്വാമി അയ്യപ്പന്‍ തുടങ്ങിയ സീരിയലുകള്‍ ഇതില്‍ ചിലതാണ്. പ്രമീളയാണ് ഭാര്യ. മക്കള്‍: ഗായത്രി, ശ്രീഹരി.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here