ഉന്നാവോ ബലാത്സംഗ കേസ്: ബിജെപി എംഎല്‍എയെ അറസ്റ്റ് ചെയ്‌തേക്കും

4

ലഖ്‌നൗ: ബിജെപി എംഎല്‍എ പ്രതിയായ ഉന്നാവ് ബലാത്സംഗക്കേസും കസ്റ്റഡി മരണവും സിബിഐ അന്വേഷിക്കും. കേസില്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കറിനെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് സിബിഐ ഇന്ന് തീരുമാനമെടുക്കും. എംഎല്‍എക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഒരു വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബലാത്സംഗം നടക്കുന്ന സമയത്ത് പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്നതിനാല്‍ എംഎല്‍എക്കെതിരെ പോക്‌സോ നിയമപ്രകാരവും നടപടി സ്വീകരിക്കും.
ബലാല്‍സംഗം ചെയ്ത ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കറിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് യുവതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നില്‍ ഞായറാഴ്ച ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയേയും പിതാവ് പപ്പു സിംഗിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ പപ്പു സിംഗ് തിങ്കളാഴ്ച മരിച്ചു. എംഎല്‍എയുടെ ആളുകള്‍ മര്‍ദ്ദിച്ച് കൊന്നതാണെന്നാണ് ആരോപണം.
പെണ്‍കുട്ടിയുടെ പരാതിയില്‍ എംഎല്‍എയുടെ സഹോദരന്‍ അതുല്‍ സിംഗ് സെങ്കറിനെയും മറ്റു നാലു പേരെയും പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബലാത്സംഗക്കേസും കസ്റ്റഡി മരണവും സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേസ് ഇന്നലെ നാടകീയമായി സിബിഐക്ക് കൈമാറിയത്.
പെണ്‍കുട്ടിയുടെ പിതാവിന്റെ മരണത്തില്‍ രണ്ട് പൊലീസുകാരെയും മൂന്ന് ഡോക്ടര്‍മാരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച പപ്പു സിംഗിന് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയില്ലെന്ന് കാണിച്ചാണ് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍.

 

SHARE

LEAVE A REPLY

Please enter your comment!
Please enter your name here