തിരുവനന്തപുരം: യഥാര്‍ഥ ‘ഇടതുപക്ഷ ഐക്യം’ പ്രകടമായത് ഹാരിസണ്‍ കേസില്‍ തോറ്റു കൊടുക്കുന്നതിലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്. ഇരുമെയ്യാണെങ്കിലും ഒന്നായി തന്നെ മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും ഇക്കാര്യത്തില്‍ നിലകൊണ്ടു. സിപിഎം, സിപിഐ. കേന്ദ്ര നേതൃത്വങ്ങള്‍ പരാജയപ്പെട്ടിടത്താണ് കേരളത്തില്‍ ഇരുപാര്‍ട്ടി നേതാക്കളേയും യോജിപ്പിക്കാന്‍ ഹാരിസണ്‍ കഴിഞ്ഞതെന്ന് സുധീരന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഹാരിസണിന് വേണ്ടി എത്ര വിദഗ്ധമായിട്ടാണ് ഇടതുപക്ഷ നേതാക്കളും സര്‍ക്കാരും കരുക്കള്‍ നീക്കിയത്. ആദ്യം ചെയ്തത് ഹാരിസണ്‍ ഉള്‍പ്പെടെയുള്ള വന്‍കിടക്കാര്‍ക്ക് എതിരെ ഹൈക്കോടതിയില്‍ കാര്യക്ഷമമായും ഫലപ്രദമായും കേസ് നടത്തിയ അഡ്വ. സുശീല ഭട്ടിനെ സ്പെഷ്യല്‍ ഗവ: പ്ലീഡര്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്യലായിരുന്നു. ഹാരിസണ്‍, ടാറ്റ തുടങ്ങിയ വന്‍കിടക്കാരെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടന്ന ഗൂഢാലോചനയുടെ ഫലമായിട്ടുള്ള ആദ്യ നടപടിയായിരുന്നു അത്.
വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് 7.5.2017ലെ സര്‍വ്വകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞെങ്കിലും പിന്നീട് അതൊക്കെ അട്ടിമറിക്കപ്പെട്ടു. സര്‍ക്കാരിന്റെ കള്ളക്കളികള്‍ക്കെതിരെ ഓരോ ഘട്ടത്തിലും മുഖ്യമന്ത്രിക്ക് നല്കിയ കത്തുകളുടെ പകര്‍പ്പ് താഴെ ചേര്‍ക്കുന്നു. മുഖ്യമന്ത്രിക്ക് നല്‍കിയതിനൊപ്പം തന്നെ റവന്യൂ മന്ത്രി ഉള്‍പ്പടെ മറ്റു ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും കത്ത് നല്‍കിയിരുന്നു.
അതാത് സന്ദര്‍ഭങ്ങളില്‍ തന്നെ സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടു എങ്കിലും ഹാരിസണു മുന്നില്‍ മുട്ടുമടക്കാന്‍ സ്വയം തീരുമാനിച്ചുറപ്പിച്ച ഭരണാധികാരികള്‍ അതൊന്നും ചെവിക്കൊണ്ടില്ല.
വന്‍കിട കൈയേറ്റക്കാരുടെ വക്കാലത്ത് ഏറ്റെടുത്ത വക്കീലിനെ പോലെ അവര്‍ക്ക് വേണ്ടി നിയമ സെക്രട്ടറി തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നേരത്തെ മുതല്‍ തുടര്‍ന്നു വരുന്ന വാദങ്ങള്‍ക്ക് തന്നെ വിരുദ്ധമായിരുന്നു. ഹാരിസണ്‍ നിര്‍ണായകമായ രക്ഷയായത് ഈ റിപ്പോര്‍ട്ടാണ്. ഇത് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും നിയമമന്ത്രിക്കുമൊക്കെ നല്കിയ കത്ത് അവഗണിക്കപ്പെട്ടു.
മുന്‍കൂട്ടി നിശ്ചയിച്ച അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായി ഇതൊക്കെ അധികാരികള്‍ തള്ളിക്കളഞ്ഞു. അതിനു കനത്ത വില നല്‍കേണ്ടി വന്നിരിക്കുകയാണ്. സര്‍ക്കാരിന് അവകാശപ്പെട്ട 5.5 ലക്ഷം ഏക്കര്‍ ഭൂമിയില്‍ വന്‍കിടക്കാര്‍ പിടിമുറുക്കുന്ന അവസ്ഥയിലെത്തിച്ചു. സമാനതകളില്ലാത്ത ജനവഞ്ചനയാണിത്.
ഭരണഘടനാ തത്വങ്ങളില്‍ അടിയുറച്ച് നിന്നുകൊണ്ട് സാമൂഹിക പ്രതിബദ്ധതയോടെ പാവങ്ങള്‍ക്ക് നീതി നല്കിയ നമ്മുടെ അഭിമാനഭാജനമായ ജസ്റ്റിസ് വി ആര് കൃഷ്ണയ്യരുടെ വിധികള്‍ കണ്ട ജനങ്ങള്‍ക്ക് ജനചൂഷകരായ കോര്‍പ്പറേറ്റുകളുടെ പ്രാധാന്യം ഉത്ഘോഷിക്കുന്ന മറ്റൊരു വിധിയും കാണാനുള്ള ദുര്‍വിധിയും ഈ കേസിലുണ്ടായിയെന്ന് സുധീരന് പറഞ്ഞു.