ന്യൂഡല്‍ഹി: പട്ടിക ജാതി, പട്ടിക വര്‍ഗ നിയമവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി രാജ്യത്ത് അനൈക്യം സൃഷ്ടിക്കുകയും വലിയ ഹാനി വരുത്തിവയ്ക്കുകയും ചെയ്തുവെന്ന് കേന്ദ്ര സര്‍ക്കാര്‍. ”ഈ വിധി ഉണ്ടാക്കിയ ആശയക്കുഴപ്പം നീക്കാന്‍ വിധി പുനഃപരിശോധിക്കുകയും, കോടതി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുകയും വേണം.”സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രം പറഞ്ഞു.
ദളിതരെ അപമാനിക്കുകയും പുരുക്കേല്‍പ്പിക്കുകയും ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന ആളെ ഉടനടി അറസ്റ്റുചെയ്യുന്നത് വിലക്കുന്ന സുപ്രീംകോടതി ഉത്തരവ് രാജ്യത്ത് അനൈക്യവും വലിയ ഹാനിയും വരുത്തിയെന്ന് ഏപ്രില്‍ 12ന് സുപ്രീംകോടതിയില്‍ രേഖാമൂലം സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ കേന്ദ്രം ചൂണ്ടിക്കാട്ടി.
മാര്‍ച്ച് 20ലെ വിധി പട്ടികജാതി, പട്ടികവര്‍ഗ നിയമം (അതിക്രമങ്ങള്‍ തടയല്‍) 1989 ആയി നേരിട്ട് ഏറ്റുമുട്ടുന്നതാണെന്നും, അതിനാല്‍ ഇത് സൃഷ്ടിച്ച ആശയകുഴപ്പം തിരുത്തേണ്ടതാണെന്നും കേന്ദ്രം പറഞ്ഞു.
സുപ്രീംകോടതി വിധി കനത്ത പ്രതിഷേധം അക്രമവും ഇളക്കിവിടുകയും ഏപ്രില്‍ രണ്ടിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധിപേര്‍ മരിക്കുകയും ചെയ്തു.
സര്‍ക്കാരിനും, നിയമനിര്‍മ്മാണ സഭയ്ക്കും, ജുഡിഷ്യറിയ്ക്കും ഉള്ള അധികാരങ്ങള്‍ പകുത്തുനല്‍കുന്ന ഭരണഘടന ഉയര്‍ത്തിപ്പിടിക്കാന്‍ സുപ്രീംകോടതിയ്ക്ക് ഉത്തരവാദിത്തം ഉണ്ടെന്ന് കേന്ദ്രം പറഞ്ഞു. ഭരണ നിര്‍വഹണത്തിന്റെ ഈ മൂന്നു കൈകളും അതിന്റെ പരിധിക്കുള്ളില്‍ നില്‍ക്കണം. വിധി ഒരു ജുഡിഷ്യല്‍ നിയമനിര്‍മ്മാണമല്ലാതെ മറ്റൊന്നുമല്ല. സുപ്രീംകോടതി മാര്‍ച്ച് 20ലെ വിധിയിലൂടെ പാര്‍ലമെന്റിനു മാറ്റിവയ്ക്കപ്പെട്ട ഇടത്തേക്ക് കടന്നുകയറുകയും, പാര്‍ലമെന്റ് നിയമപരമായി പാസാക്കിയ നിയമത്തിനു വിരുദ്ധമായ നിയമം കൊണ്ടുവരികയും ചെയ്തിരിക്കുകയാണെന്ന് സത്യാവാങ്മൂലം പറയുന്നു. ”മൊത്തം വിധിയും മലീനസമാണ്.” കേന്ദ്രം ബോധിപ്പിച്ചു.
തങ്ങളുടെ വിധി സസ്‌പെന്റ് ചെയ്യാന്‍ ജസ്റ്റിസുമാരായ എ കെ ഗോയലും യു യു ലളിതും അടങ്ങിയ ബെഞ്ച് ഏപ്രില്‍ മൂന്നിനു വിസമ്മതിച്ചിരുന്നു. നിരപരാധികളെ അറസ്റ്റില്‍ നിന്നും രക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് മാര്‍ച്ച് 20ലെ വിധിയെന്നും അല്ലാതെ, ദളിത് അവകാശങ്ങള്‍ കവരാന്‍ അല്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ”ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്. സമൂഹത്തില്‍ ഭീതി ഉണ്ടാകാന്‍ പാടില്ല…എസ്സി, എസ്ടി വിഭാഗത്തില്‍പ്പെട്ട ഒരു അംഗത്തിന്റെയും അവകാശങ്ങള്‍ പിടിച്ചെടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്ന് മാത്രമാണ് ഞങ്ങളുടെ ആഗ്രഹം.” ജസ്റ്റിസ് ഗോലയല്‍ നിരീക്ഷിച്ചു.
അത്രിക്രമ നിയമം ദുരുപയോഗം ചെയ്യുന്നതായി ആദ്യം സമ്മതിച്ച സര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് മാറ്റി മാര്‍ച്ച് 20ലെ വിധി പുനഃപരിശോധിക്കാന്‍ ഹര്‍ജി നല്‍കിയതിനെയും ബെഞ്ച് വിമര്‍ശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here