കൊച്ചി: മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരായ കേസില്‍ സര്‍ക്കാരിന് മറ്റൊരു തിരിച്ചടി കൂടി. വ്യാജമെഡിക്കല്‍ രേഖയുണ്ടാക്കി ശമ്പളം പറ്റിയെന്ന ആരോപണത്തില്‍ സെന്‍കുമാറിനെതിരായെടുത്ത കേസ് ഹൈക്കോടതി വെള്ളിയാഴ്ച റദ്ദാക്കിയതാണ് സര്‍ക്കാരിനു പ്രഹരമായത്. കേസെടുത്ത പൊലീസിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചു. എസ്‌ഐയെക്കൊണ്ട് നിര്‍ബന്ധിപ്പിച്ചു കേസെടുപ്പിച്ചുവെന്നും കോടതി വിമര്‍ശിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.
ഡിജിപിയായിരിക്കെ പകുതി വേതന അവധിയെടുത്ത ശേഷം തിരുവനന്തപുരം ആയുര്‍വേദ മെഡിക്കല്‍ കോളജിലെ പ്രഫ. ഡോ. വി കെ അജിത് കുമാറില്‍നിന്നു വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അവധി പരിവര്‍ത്തിത അവധിയായി(കമ്യൂട്ടഡ് ലീവ്) മാറ്റാന്‍ അപേക്ഷ നല്‍കിയെന്നാണു സെന്‍കുമാറിനെതിരായ പരാതി. അവധിക്കാലയളവില്‍ മുഴുവന്‍ വേതനവും ലഭിക്കുന്നതിനു വേണ്ടി വ്യാജ രേഖകള്‍ ചമച്ചതായ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ ചട്ടപ്രകാരം കേസ് എടുത്ത് അന്വേഷിക്കാന്‍ അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ ആണ് ഡിജിപിക്കു നിര്‍ദേശം നല്‍കിയത്. കോര്‍പറേഷനിലെ മുന്‍ കൗണ്‍സിലര്‍ എ ജെ സുക്കാര്‍നോ നല്‍കിയ പരാതിയിലായിരുന്നു നടപടി.
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നു നീക്കം ചെയ്തതിനെ തുടര്‍ന്നു 2016 ജൂണ്‍ ഒന്നു മുതല്‍ 2017 ജനുവരി 31 വരെ സെന്‍കുമാര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ അവധിയിലായിരുന്നു. ഇക്കാലയളില്‍ അര്‍ധവേതന അവധിയെടുക്കുന്നതിന് ഒന്‍പത് അപേക്ഷകള്‍ സെന്‍കുമാര്‍ നല്‍കിയതു സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.
പിന്നീട് തന്റെ അര്‍ധവേതന അവധി പരിവര്‍ത്തിത അവധിയായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു 2017 ഫെബ്രുവരി ആറിന് സര്‍ക്കാരിനു കത്തു നല്‍കി. ഗവ. ആയുര്‍വേദ കോളജിലെ ഡോ.വി കെ അജിത് കുമാര്‍ നല്‍കിയ എട്ട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ഒപ്പം ഹാജരാക്കിയിരുന്നു. ഈ രേഖകള്‍ വ്യാജമാണെന്നായിരുന്നു ആരോപണം. ഈ കേസാണ് ഹൈക്കോടതി ഇന്ന് അസാധുവാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here