മോദി സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് പൂര്‍ണ വിശ്വാസം: എം ടി രമേശ്

6

തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാരിനെ ജനങ്ങള്‍ പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. അടല്‍ ബിഹാരി വാജ്പേയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച സംഘടിപ്പിക്കുന്ന ‘സുഷാസന്‍ യുവ മഹോത്സവ്’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികളും ഭരണനേട്ടങ്ങളും സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവമോര്‍ച്ച പരിപാടി സംഘടിപ്പിക്കുന്നത്. വീടുകള്‍ തോറും കയറി മോദി സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വിശദീകരിക്കും. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ സംസ്ഥാനസര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും മുതിര്‍ന്ന നേതാക്കള്‍ കാണിച്ച മാതൃകാപരവും ചിട്ടയായുമുള്ള പ്രവര്‍ത്തനങ്ങള്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇനിയും തുടരണമെന്ന് എം.ടി. രമേശ് പറഞ്ഞു.
ബിജെപിയുടെ സദ്ഭരണം ജനങ്ങളിലേക്കെത്തിക്കാന്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് യുവമോര്‍ച്ച അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എ.ജെ. അനൂപ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം ശുചിയായിരിക്കണം എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത സ്വച്ഛ് ഭാരത് പദ്ധതിയുടെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായി സൈക്കിള്‍ ചവിട്ടുന്ന ടി. ഗോവിന്ദനുണ്ണിക്ക് പരിപാടിയില്‍ സ്വീകരണം നല്‍കി.
ജില്ലാ പ്രസിഡന്റ് ജെ.ആര്‍ അനുരാജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ് സുരേഷ്, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബു, സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ എസ് രാജീവ്, സംസ്ഥാന ട്രഷറര്‍ ആര്‍ എസ് സമ്പത്ത്, രഞ്ജിത്ത് ചന്ദ്രന്‍, ചന്ദ്രകിരണ്‍ എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here