ശ്രീനഗര്‍: എട്ടു വയസുകാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച റാലിയില്‍ പങ്കെടുത്ത രണ്ട് ബിജെപി മന്ത്രിമാരുടെ രാജി ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഞായറാഴ്ച സ്വീകരിച്ചു.
ലാല്‍ സിങ്, ചന്ദര്‍ പ്രകാശ് ഗംഗ എന്നിവരുടെ രാജി ഞായറാഴ്ച രാവിലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സത് ശര്‍മ്മ മുഖ്യമന്ത്രിക്ക് കൈമാറിയത്. രാജി ഉടന്‍ തന്നെ സ്വീകരിച്ച മുഖ്യമന്ത്രി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി ഗവര്‍ണര്‍ എന്‍ എന്‍ വോറയ്ക്ക് അയച്ചുകൊടുത്തു.
ഈ രാജിയോടെ, സംസ്ഥാന സര്‍ക്കാരിലെ മന്ത്രിമാരുടെ എണ്ണം 22 ആയി ചുരുങ്ങി. ഇതില്‍ 9 പേര്‍ ബിജെപി മന്ത്രിമാരാണ്. മെഹബൂബയുടെ പിഡിപി ധനമന്ത്രി ഹസീബ് ദ്രബുവിനെ കഴിഞ്ഞമാസം പുറത്താക്കിയതുകൂടി ചേര്‍ത്താല്‍ മന്ത്രിസഭയിലെ ഒഴിവ് മൂന്നായി.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തതുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭരണക്കാരന്റെ ശേഷകാരനെ ജമ്മുകശ്മീര്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തതിനെ തുടര്‍ന്ന് മാര്‍ച്ച് ഒന്നിന് നടന്ന റാലയിലാണ് ഗംഗയും സിങും പങ്കെടുത്തത്.
അന്വേഷണത്തിനിടയില്‍ ക്ഷേത്ര ഭരണാധികാരിയെ പൊലീസ് അറസ്റ്റുചെയ്തു. സംസ്ഥാനത്തെ കത്വ ജില്ലയിലെ നാടോടി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിന്റെ ബുദ്ധികേന്ദ്രം ഇയാളാണെന്ന് പൊലീസ് പറയുന്നു. നാടോടി വിഭാഗക്കാരെ സംഭീതരാക്കി ഗ്രാമത്തില്‍ നിന്നും ഓടിക്കാന്‍ ഉദ്ദേശിച്ചായിരുന്നു ഇതു ചെയ്തതെന്നാണ് പൊലീസ് അവതാശപ്പെടുന്നത്.
ജനുവരി 10ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെ മൃതദേഹം ജനുവരി 17 ആണ് കണ്ടെത്തിയത്. കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തന്നതിനു മുമ്പ് പെണ്‍കുട്ടിയ്ക്ക് മയക്കുമരുന്നു നല്‍കി തുടര്‍ച്ചയായി പിഡിപ്പിച്ചതായും പൊലീസ് പറയുന്നു.
സ്ഥിതിഗതികളില്‍ അയവുവരുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പ്രകാശിപ്പിച്ച മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ദൗര്‍ഭാഗ്യകരമായ ഈ സംഭവം സംസ്ഥാനത്തെയും രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലെയും ജനങ്ങളെ ഒന്നിച്ചുകൊണ്ടുവന്നു എന്ന് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here