മുംബൈയില്‍ നടത്തിയ പ്രകടനത്തില്‍ ട്വിങ്കിള്‍ഖന്ന. (ചിത്രം. പിടിഐയോട് കടപ്പാട്)

മുംബൈ: രാജ്യവ്യാപകമായി രോഷാഗ്നി പടര്‍ത്തിയ കത്വ, ഉന്നവോ ബലാല്‍സംഗ സംഭവങ്ങളില്‍ ബോളിവുഡിന്റെയും പ്രതിഷേധം. ബോളിവുഡ് താരങ്ങള്‍ ഞായറാഴ്ച വൈകിട്ട് തെരുവിലിറങ്ങി. രാജ്കുമാര്‍ റാവു, ട്വിങ്കിള്‍ ഖന്ന, കല്‍കി കൊയിചിലന്‍ തുടങ്ങിയ താരങ്ങളാണ് ഇരകള്‍ക്ക് നീതിതേടി തെരുവിലിറങ്ങിയത്.
താരങ്ങള്‍ക്കൊപ്പം നൂറുകണക്കിന് മറ്റാളുകളും പ്രതിഷേധത്തില്‍ അണിചേര്‍ന്നു. പ്രതിഷേധകര്‍ നീതി തേടിയുള്ള പ്ലക്കാര്‍ഡുകള്‍ വഹിച്ചിരുന്നു. ”ഈ പ്രസ്ഥാനം മാഞ്ഞുപോകാന്‍ അനുവദിക്കരുത്” എന്ന് എഴുതിയ പ്ലക്കാര്‍ഡുകളും കാണാമായിരുന്നു.
”ഞാന്‍ നാണിക്കുന്നു, ഞാന്‍ ദുഃഖിതയാണ്. എനിക്ക് പറയാന്‍ വാക്കുകളില്ല…അത് ഭയാനകമാണ്. എന്തായിരിക്കും ശിക്ഷ?” പ്രമുഖ നടി ഹെലന്‍ മാധ്യമങ്ങളോട് പറഞ്ഞു.
താരങ്ങളായ അദിതി റാവു ഹൈദാരി, പത്രലേഖാ, സമീറാ റെഡ്ഡി, ഗായകരായ സോണ മോഹപത്ര, അനുഷ്‌ക മഞ്ചാണ്ഡ, സംഗീത സംവിധായകന്‍ വിശാല്‍ ദലാനി തുടങ്ങിയവും സംബന്ധിച്ചു.
ജമ്മുകശ്മീരിലെ കത്വ ജില്ലയില്‍ എട്ടു വയസുകാരിയെയാണ് മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത്. രണ്ട് സെപ്ഷ്യല്‍ പൊലീസ് ഓഫീസറും ഒരു ഹെഡ്‌കോണ്‍സ്റ്റബിളും ഉള്‍പ്പെടെ എട്ടുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തു.
ഉത്തര്‍പ്രദേശിലെ ഉന്നവോയില്‍ പെണ്‍കുട്ടിയെ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെങ്കര്‍ ബലാല്‍സംഗം ചെയ്തു എന്നാണ് ആരോപണം. എംഎല്‍എയെ സിബിഐ അറസ്റ്റുചെയ്തു.
കത്വ, ഉന്നവോ സംഭവങ്ങളിലെ ഇരകള്‍ക്ക് നീതി തേടി ബോളിവുഡ്

LEAVE A REPLY

Please enter your comment!
Please enter your name here