അലിഗഡ്: ജിന്നാ ഛായചിത്രത്തെ ചൊല്ലിയുള്ള വിവാദത്തില്‍ ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്ലീം സര്‍വകലാശാല(എഎംയു) സമരച്ചൂടില്‍ തിളയ്ക്കുന്നു. എഎംയു വിദ്യാര്‍ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ജെഎന്‍യു, ജാമിയ, അലഹബാദ് സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളും രംഗത്തിറങ്ങി. എഎംയു പ്രധാന ഗേറ്റിനു മുന്നില്‍ വിദ്യാര്‍ഥി പ്രതിഷേധം തുടരുകയാണ്.
ബിജെപി എംപി സതീശ് ഗൗതം സര്‍വകലാശാല കാമ്പസിനെ വര്‍ഗീയവത്ക്കരിക്കുന്നു എന്ന് ആരോപിച്ച് അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു.
പാകിസ്ഥാന്‍ സ്ഥാപകന്‍ മുഹമ്മദാലി ജിന്നയുടെ ഛായാചിത്രവുമായി ബന്ധപ്പെട്ട് ഈ ആഴ്ച ആദ്യം മുതല്‍ ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്ലീം സര്‍വകലാശാല(എഎംയു)യില്‍ ഉടലെടുത്ത വിവാദത്തിന്റെയും സംഘര്‍ഷത്തിന്റെയും പശ്ചാത്തലത്തില്‍ അലിഗഡില്‍ വെള്ളിയാഴ്ച നിരോധാനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. എഎംയുവില്‍ ഇന്റര്‍നെറ്റ് സസ്‌പെന്റു ചെയ്തു.
വിദ്യാര്‍ഥി യൂണിയന്‍ ഓഫീസിന്റെ ഭിത്തിയിലാണ് ജിന്നയുടെ ഛായാചിത്രം തൂങ്ങുന്നത്. ദശാബ്ദങ്ങളായി ഈ ചിത്രം ഇവിടെ ഉള്ളതായി വിദ്യാര്‍ഥികള്‍ പറയുന്നു.
പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് അഞ്ചു ദിവസത്തേക്ക് ക്ലാസുകള്‍ ബഹിഷ്‌കരിക്കാന്‍ വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച തീരുമാനിച്ചു. ക്രമസമാധാന പാലനത്തിന് എഎംയുവിന് പുറത്ത് ദ്രുതകര്‍മ്മ സേനയെ വിന്യസിച്ചു.
ജിന്നയുടെ ഛായാചിത്രം വിവാദമായത് 2018 മെയ് ഒന്നിനാണ്. മുഹമ്മദാലി ജിന്നയുടെ ചിത്രം എന്തിനു പ്രദര്‍ശിപ്പിക്കുന്നു എന്ന വിശദീകരിക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി എംപി സതീഷ് ഗൗതം എഎംയു വൈസ് ചെയര്‍മാന് കത്ത് നല്‍കിയാണ് വിവാദം ക്ഷണിച്ചുവരുത്തിയത്.
ജിന്നയുടെ ചിത്രം മാറ്റുന്നതിനോട് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ യോജിച്ചില്ല. സര്‍വകലാശാല യൂണിയന്‍ ജിനയ്ക്ക് ആജീവനന്ത അംഗത്വം നല്‍കിയിട്ടുള്ളതിനാല്‍ ജിന്നാ ചിത്രം സര്‍വകലാശാലയുടെ ചരിത്രത്തിന്റെ ഭാഗമാണെന്നാണ് ഈ വിഭാഗം വാദിക്കുന്നത്.
എംപി കത്തയച്ചിനു പിന്നാലെ ഹിന്ദു യുവ വാഹിനി (എച്ച്‌വൈവി) പ്രവര്‍ത്തകര്‍ ബുധനാഴ്ച എഎംയുവിലേക്ക് ഇരച്ചുകയറുകയും ജിന്നാ ചിത്രത്തിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ഇവരും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് കണ്ണൂര്‍വാതകം പ്രയോഗിച്ചു. 28 വിദ്യാര്‍ഥികളും 13 പൊലീസുകാരും ഉള്‍പ്പെടെ 41 പേര്‍ക്ക് പരുക്കേറ്റു. പൊലീസ് കസ്റ്റഡിയിലെടുത്തവരെ എച്ച്‌വൈവി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറക്കിക്കൊണ്ടുപോയതായി വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച സംഘടനയാണ് എച്ച്‌വൈവി.
കാമ്പസില്‍ കടന്നുകയറിയവര്‍ക്കെതിരെ നടപടിയും തങ്ങള്‍ക്ക് നീതിയും തേടി വിദ്യാര്‍ഥികള്‍ അടുത്ത ദിവസം സമരരംഗത്തിറങ്ങി. അധ്യാപകരും അനധ്യാപകരും ഇതില്‍ അണിചേര്‍ന്നു. വെള്ളിയാഴ്ചയും പ്പതിഷേധം തുടരുന്നു, വിദ്യാര്‍ഥികളും അധ്യാപകരും സമരമുഖത്ത് വെള്ളിയാഴ്ച പ്രാര്‍ഥന നടത്തി.
അലിഗഡ് സമരം ശക്തമാകുന്നു; മറ്റ് വിദ്യാര്‍ഥികളും ചേര്‍ന്നു
അഭിഭാഷകനും രാഷ്ട്രീയക്കാരനുമായ ജിന്ന പാകിസ്ഥാന്റെ സ്ഥാപകനാണ്. 1913 മുതല്‍ അദ്ദേഹം അഖിലേന്ത്യാ മുസ്ലീം ലീഗിന്റെ നേതാവായിരുന്നു. 1947 ഓഗസ്റ്റ് 14ന് പാകിസ്ഥാന്‍ സ്വതന്ത്രമാകും വരെ ആ സ്ഥാനത്ത് ജിന്ന തുടര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here