ശ്രീനഗറില്‍ തിങ്കളാഴ്ച പ്രതിഷേധകര്‍ സുരക്ഷാസേനയ്‌ക്കെതിരെ കല്ലെറിയുന്നു (ചിത്രം. പിടിഐയോട് കടപ്പാട്)

ജമ്മു: ചെന്നൈയില്‍ നിന്നും വിനോദസഞ്ചാരത്തിനെത്തിയ യുവാവ് കല്ലേറില്‍ മരിച്ച സംഭവത്തില്‍ തലകുമ്പിട്ട് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും. ഇരുവരും സംഭവത്തെ കടുത്ത ഭാഷയില്‍ അപലപിച്ചു.
മധ്യ കശ്മീരിലെ ബുഡ്ഗാം ജില്ലയിലെ നര്‍ബല്‍ പ്രദേശത്ത് തിങ്കളാഴ്ചയാണ് സംഭവം. പ്രതിഷേധകരുടെ കല്ലേറില്‍ ബസില്‍ സഞ്ചരിക്കുകയായിരുന്ന രാജവേലിന്റെ മകന്‍ ഇരുപത്തിരണ്ടുകാരനായ ആര്‍ തിരുമണിയാണ് തലയ്ക്ക് ഗുരുതര പരുക്കേറ്റ് മരണപ്പെട്ടത്. സുരക്ഷാസേനയ്ക്ക് എതിരെ താഴ്‌വാരത്ത് സ്ഥിരമായി നടന്നുവരുന്ന കല്ലേറില്‍ ഒരു വിനോദസഞ്ചാരി മരിക്കുന്നത് ഇത് ആദ്യമായിട്ടാണ്.
ശ്രീനഗര്‍-ഗുല്‍മാര്‍ഗ് റോഡില്‍ തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു കല്ലേറ്. ടൂറിസ്റ്റ് ബസാണ് ആക്രമണത്തില്‍പ്പെട്ടത്. തിരുമണിയെ ശ്രീനഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു.

ആര്‍ തിരുമണി

സോഫിയാനില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരരും, ഭീകരരെ വധിച്ചതില്‍ പ്രതിഷേധിച്ച് അക്രമം നടത്തിയവര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവയ്പില്‍ നാട്ടുകാരും കൊല്ലപ്പെട്ടതില്‍ വിഘടവാദികള്‍ ആഹ്വാനം ചെയ്ത ബന്ദിനു ഇടയിലായിരുന്നു ടൂറിസ്റ്റു ബസിനു നേരെ ആക്രമണം. തിരുമണിയുടെ മാതാപിതാക്കളും സഹോദരിയും ബസില്‍ ഉണ്ടായിരുന്നു.
തിരുമണിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ”നാണക്കേട് കൊണ്ട് തന്റെ തല താഴുന്നു” എന്ന് പ്രതികരിച്ചു.
തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരിയായ യുവാവ് കല്ലേറില്‍ മരിച്ച സംഭവത്തെ അപലപിച്ച മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫ്രന്‍സ് വര്‍ക്കിങ് പ്രസിഡന്റുമായ ഒമര്‍ അബ്ദുള്ള, ഒരു അതിഥിയെ കല്ലെറിഞ്ഞുകൊന്നതില്‍ തലകുനിക്കുന്നതായി ട്വീറ്റ് ചെയ്തു. ”കല്ലെറിയുന്നവരെയും അവരുടെ രീതിയെയും നാം മഹത്വവല്‍ക്കരിക്കുമ്പോള്‍, ഒരു ടൂറിസ്റ്റിനെ, ഒരു അതിഥിയെ നാം കല്ലെറിഞ്ഞു കൊന്നു എന്ന യാഥാര്‍ഥ്യത്തിനു മുന്നില്‍ നമുക്ക് തല കുനിയ്ക്കാം.”ഒമര്‍ പറഞ്ഞു. 2014 മുതല്‍ താന്‍ അഭിമാനത്തോടെ പ്രതിനിധാനം ചെയ്യുന്ന പ്രദേശത്താണ് ഇത് സംഭവിച്ചത് എന്നതില് കടുത്ത ദുഃഖമുണ്ടെന്ന് ഒമര്‍ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here