ജമ്മു: ലോകത്തെ ഏറ്റവും ഉയരംകൂടിയ യുദ്ധ ഭൂമിയായ ലദാക്കിലെ സിയാച്ചിന്‍ ഹിമപ്പരപ്പ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് വ്യാഴാഴ്ച സന്ദര്‍ശിക്കുകയും സൈനീകരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. പതിനാല് വര്‍ഷത്തിനു ശേഷം സിയാച്ചിന്‍ സന്ദര്‍ശിക്കുന്ന ആദ്യ രാഷ്ട്രപതിയാണ് രാം നാഥ് കോവിന്ദ്. 2014 ഏപ്രിലില്‍ എപിജെ അബ്ദുല്‍ കാലം സിയാച്ചിന്‍ സന്ദര്‍ശിച്ചിരുന്നു.
തോയിസ് വിമാനത്താവളത്തില്‍ എത്തിയ രാഷ്ട്രപതി ഹിമപ്പരപ്പില്‍ വ്യോമനിരീക്ഷണം നടത്തി. സിയാച്ചിന്‍ ഹിനപ്പരപ്പിലെ ഒരു മുന്നാക്ക പോസ്റ്റിലെ സൈനീകരുമായി സര്‍വസൈന്യാധിപന്‍ കൂടിയായ രാഷ്ട്രപതി ആശയവിനിമയം നടത്തി. ഇതിനുശേഷമാണ് അദ്ദേഹം സിയാച്ചിന്‍ സൈനീകത്താവളത്തിലെത്തിയത്. രാജ്യത്തിനായി ജീവാര്‍പ്പണം ചെയ്ത സൈനീകരുടെ സ്മരണയ്ക്കായുള്ള ഇവിടുത്തെ രക്തസാക്ഷി സ്മാരകത്തില്‍ രാഷ്ട്രപതി പുഷ്പചക്രം സമര്‍പ്പിച്ചു. 1984 ഏപ്രില്‍ 13ന് സിയാച്ചിന്‍ ഹിമപ്പരപ്പില്‍ ഇന്ത്യന്‍ കരസേന ഓപ്പറേഷന്‍ മെഘദൂത് ആരംഭിച്ചശേഷം വീരചരമം പ്രാപിച്ച 11,00 സൈനീകരും ഓഫീസര്‍മാരുടെയും ത്യാഗത്തിന്റെ പ്രതീകമാണ് ഈ യുദ്ധ സ്മാരകം.
സൈനീകരെ അഭിസംബോധന ചെയ്ത രാഷ്ട്രപതി, എല്ലാ ഇന്ത്യക്കാരും സൈനീകരോട് നന്ദിയുള്ളവരും, ഇവര്‍ക്കും ഇവരുടെ കുടുംബത്തിനും ഒപ്പം നിലകൊളളുന്നവരുമാണെന്ന് പ്രസ്താവിച്ചു. കഴിഞ്ഞ 34 വര്‍ഷമായി സിയാച്ചിനില്‍ വിന്യസിച്ചിട്ടുള്ള സൈനീകരുടെ ധൈര്യവും ശൗര്യവും കൊണ്ട് രാജ്യാതിര്‍ത്തികള്‍ ഭദ്രവും സുരക്ഷിതവുമാണെന്ന വിശ്വാസം എല്ലാ ഇന്ത്യക്കാരിലും ഉണ്ടായിട്ടുണ്ടെന്ന് രാഷ്ട്രപതി എടുത്തുകാട്ടി.
തന്ത്രപ്രധാന കുമാര്‍ പോസ്റ്റും രാഷ്ട്രപതി സന്ദര്‍ശിച്ചു. സിയാച്ചിന്‍ ഹിമപ്പരപ്പിലും, സല്‍ട്ടോറോ റേഞ്ചിലും 1978 ആദ്യമായി കടന്നുചെന്ന ഇന്ത്യന്‍ കരസേനയിലെ പര്‍വതാരോഹകനായ കേണല്‍ നരേന്ദ്ര കുമാറിന്റെ സ്മരണാര്‍ഥമാണ് ഇതിന് കുമാര്‍ പോസ്റ്റ് എന്ന് നാമകരണം ചെയ്തത്. കേണല്‍ നരേന്ദ്ര കുമാറിന്റെ പര്‍വതാരോഹണത്തിലാണ് ഈ മേഖലയില്‍ പാകിസ്ഥാന്റെ കടന്നുകയറ്റം സ്ഥിരീകരിക്കപ്പെട്ടത്.
കരസേനാ മേധാവി ജനറല്‍ ബിപിന്‍ റവാത്ത്, വടക്കന്‍ കമാന്‍ഡ് ജനറല്‍ ഓഫീസര്‍ കമാന്‍ഡറുടെ ചുമതലയുള്ള ലെഫ്റ്റനന്റ് ജനറല്‍ ഡി അന്‍ബു എന്നിവര്‍ രാഷ്ട്രപതിയെ അനുഗമിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here