സുഭദ്രാമ്മ തങ്കച്ചിയെ അനുസ്മരിച്ചു

7

തിരുവനന്തുപരം: സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ജോര്‍ജ് ചടയന്‍മുറിയുടെ ഭാര്യയും ആദ്യകാല കമ്മ്യൂണിസ്റ്റ്-മഹിളാ നേതാവുമായിരുന്ന അന്തരിച്ച സുഭദ്രാമ്മ തങ്കച്ചിയെ സ്മരണ പുതുക്കി. സിപിഐ ജില്ലാ കമ്മിറ്റി വ്യാഴാഴ്ച സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.
തിരുവനന്തപുരം പേയാട്ടെ ഇളയ മകന്റെ വസതിയില്‍ കഴിഞ്ഞ വ്യാഴാഴ്ച രാവിലെയായിരുന്നു 93-#ാ#ം വയസില്‍ സുഭദ്രാമ്മ തങ്കച്ചിയുടെ അന്ത്യം.
ആലപ്പുഴ എണ്ണയ്ക്കാട്ട് കൊട്ടാരത്തിലെ രാമവര്‍മ്മ തമ്പുരാന്റെയും പല്ലന പാണ്ഡവത്ത് തങ്കമ്മ കെട്ടിലമ്മയുടെയും പത്ത് മക്കളില്‍ എട്ടാമത്തെ മകളാണ് സുഭദ്രാമ്മ. 1925 സെപ്തംബറിലായിരുന്നു ജനനം. മൂത്ത സഹോദരന്‍ കേരള നിയമസഭയുടെ പ്രഥമ സ്പീക്കര്‍ ആര്‍ ശങ്കരനാരായണന്‍ തമ്പി, സഹോദരങ്ങളായ ആര്‍ രാജശേഖരന്‍ തമ്പി, വേലായുധന്‍ തമ്പി ഇളയ സഹോദരി രാധമ്മ എന്നിവരോടൊപ്പം വിദ്യാര്‍ഥിയായിരിക്കെതന്നെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ സജീവമായി. എണ്ണയ്ക്കാട്ടെ കര്‍ഷക തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്ത് തെരുവിലൂടെ വലിച്ചിഴച്ചപ്പോള്‍ അതിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയത് സുഭദ്രാമ്മയുടെയും രാധമ്മയുടെയും നേതൃത്വത്തിലുള്ള സ്ത്രീകളായിരുന്നു. കര്‍ഷക തൊഴിലാളികളെ മോചിപ്പിച്ച് കൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞു. എണ്ണയ്ക്കാട്ടും പരിസര പ്രദേശങ്ങളിലും പൊലീസിനെ വെല്ലുവിളിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും മഹിളാ പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിന് അവര്‍ മുന്‍നിരയില്‍ നിന്നു.
ഹരിജനങ്ങള്‍ക്കെതിരെ എണ്ണയ്ക്കാട്ടെ മാടമ്പിമാര്‍ അഴിച്ചുവിട്ട എല്ലാ അക്രമങ്ങളെയും ചെറുത്തു തേല്‍പ്പിക്കാന്‍, ഈ സ്ത്രീ നേതൃത്ത്വം മുന്‍ നിരയിലുണ്ടായിരുന്നു. ബിരുദ പഠനത്തിനുശേഷം തിരുവനന്തപുരം ലാ കോളജില്‍ നിന്നും എഫ്എല്‍ ബിരുദവും നേടിയിരുന്നു. വിവാഹത്തിനുശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്ന അവര്‍ വര്‍ഷങ്ങളായി തിരുവനന്തപുരത്ത് ഇളയമകനോടൊപ്പമായിരുന്നു താമസം.
കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായിരുന്ന സി ഉണ്ണിരാജ സുഭദ്രാമ്മയുടെ സഹോദരി ഭര്‍ത്താവാണ്. മക്കള്‍: കല്‍പന, പ്രഭ, ലീനാകുമാരി, പ്രദീപ് ചടയന്‍മുറി, മായാദേവി, പരേതനായ പ്രകാശ്. മരുമക്കള്‍: സുധാകരന്‍ നായര്‍, ലത മീനാക്ഷി, രേണുക ദേവി, ബീന, പ്രഭാകരന്‍, പരേതനായ വിജയരാഘവന്‍.
ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന തലമുറയുടെ പ്രതിനിധി ആയിരുന്നു സുഭദ്രാമ്മ തങ്കച്ചിയെന്ന് കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി. മധ്യ തിരുവിതാംകൂറില്‍ പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുണ്ടാക്കുവാന്‍ പ്രവര്‍ത്തിച്ച ധീരയായ നേതാവായിരുന്നു അവര്‍. വനിതകളെ പൊതു രാഷ്ട്രീയധാരയിലേക്ക് ആകര്‍ഷിക്കുവാന്‍ അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച കുടുംബമായിരുന്നു അവരുടേതെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്തുന്ന മതനിരപേക്ഷത എന്ന ആശയം ചോദ്യം ചെയ്യപ്പെടുകയാണെന്നും പഴയ തലമുറ ത്യാഗപൂര്‍ണ്ണമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യവും അവകാശങ്ങളും ഹനിക്കപ്പെടുമ്പോള്‍ നോക്കി നില്‍ക്കാന്‍ നമുക്കാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹിളാസംഘം ജില്ലാ പ്രസിഡന്റ് ഭാര്‍ഗ്ഗവി തങ്കപ്പന്‍ അധ്യക്ഷയായിരുന്നു. സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ.ജി ആര്‍ അനില്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെപി രാജേന്ദ്രന്‍, എന്‍ രാജന്‍, ടി വി ബാലന്‍, വി പി ഉണ്ണികൃഷ്ണന്‍, സോളമന്‍ വെട്ടുകാട്, അരുണ്‍ കെ എസ്, മീനാങ്കല്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. സുഭദ്രാമ്മ തങ്കച്ചിയുടെ കുടുംബാഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here