ബംഗലൂര്‍/ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 70 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍, ബിജെപിയും കോണ്‍ഗ്രസും കടുത്ത മത്സരം കാഴ്ചവയ്ക്കുന്ന എക്‌സിസ്റ്റ് പോള്‍ പ്രവചനങ്ങളാണ് പുറത്തുവരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 71. 4 ശതമാനമായിരുന്നു പോളിങ്. വോട്ടെണ്ണല്‍ മെയ് 15ന്.
തൂക്കു നിയമസഭാ പ്രവചനങ്ങളാണ് മിക്ക ഫലങ്ങളും നല്‍കുന്നത്. ജനതാദള്‍ (എസ്) നിര്‍ണായക പങ്കുവഹിക്കുമെന്നും സര്‍വെകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ രണ്ട് മുഖ്യ ദേശീയ പാര്‍ട്ടികളില്‍ ഏത് വലിയ കക്ഷിയാകുമെന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമാണ്.
റിപ്പബ്‌ളിക് ടിവി-ജന്‍ കി ബാത് പ്രവചിക്കുന്നത് 95-114 സീറ്റുമായി ബിജെപി വലിയ പാര്‍ട്ടിയാകും എന്നാണ്. എബിപി-സി വോട്ടര്‍ പ്രവചനം അനുസരിച്ച് ബിജെപി തന്നെയാണ് വലിയ കക്ഷിയാകുക; 97-109. കോണ്‍ഗ്രസിന് ഈ സര്‍വെകള്‍ പ്രവചിക്കുന്നത് യഥാക്രമം 73-82, 87-99 സീറ്റാണ്.
എന്നാല്‍ ടൈംസ് നൗ-വിഎംആര്‍, ഇന്ത്യാടുഡെ-ആക്‌സിസ് മൈ ഇന്ത്യ സര്‍വെ കോണ്‍ഗ്രസിന് അനുകൂലമാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോണ്‍ഗ്രസ് മാറുമെന്നാണ് പ്രവചനം. 90-103, 106-118 ആണ് യഥാക്രമം ഇവയുടെ കണക്ക്. ഈ സര്‍വെകള്‍ ബിജെപിക്ക് യഥാക്രമം 80-93, 79-82 സീറ്റുകളാണ് പ്രവചിക്കുന്നത്.
ഇന്ത്യാ ടുഡെ സര്‍വെ കോണ്‍ഗ്രിസിന് ഭൂരിപക്ഷം കിട്ടുമെന്ന് പറയുേമ്പോള്‍, റിപ്പബ്‌ളിക്കന്‍ ടിവിയുടെ കണക്ക് ബിജെപി പകുതിക്ക് മേല്‍ കടക്കുമെന്നാണ്.
ജെഡിഎസിന്റെ കാര്യത്തില്‍ ടൈംസ് നൗ 31-39 ഉം, ഇന്ത്യാ ടുഡെ 22-30 പ്രവചിക്കുന്നു.
ന്യൂസ് എക്‌സിന്റെ പ്രവചനം ബിജെപി 102-110. കോണ്‍ഗ്രസ് 72-78, ജെഡിഎസ് 35-39 എന്നിങ്ങനെയാണ്.
കോണ്‍ഗ്രസിനും ബിജെപിക്കും ഇന്ത്യാ ടുഡെ യഥാക്രമം 39, 35 ശതമാനം വീതം വോട്ട് വിഹിതം കണക്കാക്കുന്നു. അതേസമയം, റിപ്പബ്ലിക് ടിവി കണക്കെടുപ്പനുസരിച്ച് ഇത് യഥാക്രമം 36 ഉം 38.25 ശതമാനവുമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസ് 122 സീറ്റ് നേടിയിരുന്നു. ബിജെപി 40 സീറ്റില്‍ ചുരുങ്ങി. ജെഡിഎസിനും 40 സീറ്റായിരുന്നു.
224 സീറ്റുകളില്‍ 222 എണ്ണത്തിലാണ് ഇന്ന് പോളിങ് നടന്നത്. ഭരണ കോണ്‍ഗ്രസും ബിജെപിയും മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ജെഡിഎസും തമ്മിലുള്ള ത്രികോണ മത്സരമായിരുന്നു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏതൊരു പാര്‍ട്ടിക്കും 113 എംഎല്‍എമാരുടെ പിന്തുണ വേണം.
ആറു മണിക്കുശേഷവും പോളിങ് ബൂത്തുകളില്‍ വോട്ടമാരുടെ നിര ഉണ്ടായിരുന്നതിനാല്‍ ഇത്തവണത്തെ പോളിങ് ശതമാനം അവസാന കണക്കുവരുമ്പോള്‍ 70 ശതമാനത്തില്‍ അധികം ആകാനാണ് സാധ്യത.
2,600 ലേറെ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത് ഉണ്ടായിരുന്നു. ഇതില്‍ 2400 ലേറെ പേര്‍ പുരുഷന്മാരും, 200 ലേറെ പേര്‍ സ്ത്രീകളുമാണ്. മൊത്തം വോട്ടര്‍മാര്‍ 5,06,90,538. പുരുഷവോട്ടര്‍-2,56,75,579. സ്ത്രീവോട്ടര്‍-2,50,09,904. മൂന്നാംലിംഗക്കാര്‍-5,055.

LEAVE A REPLY

Please enter your comment!
Please enter your name here