പാരിപ്പള്ളി കോളജിലെ എംബിബിഎസ് പ്രവേശനം സര്‍ക്കാര്‍ നേട്ടം: അനിരുദ്ധന്‍

6

കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ഈ അദ്ധ്യയനവര്‍ഷം (2018-19) നൂറ് സീറ്റുകള്‍ക്ക് അംഗീകാരം നേടിയെടുത്തതിന് സംസ്ഥാന സര്‍ക്കാരിനെ എല്‍ഡിഎഫ് ജില്ലാകണ്‍വീനര്‍ അഡ്വ. എന്‍ അനിരുദ്ധന്‍ അഭിനന്ദിച്ചു. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു. അതില്‍ സന്തോഷിക്കേണ്ടതിന് പകരം അവിടെയും സര്‍ക്കാരിനെ അടിക്കാന്‍ വടി അന്വേഷിക്കുന്ന യുഡിഎഫ് നേതാക്കളുടെ ശ്രമം പരിഹാസ്യമാണെന്നും അനിരുദ്ധന്‍ പ്രസ്താവനയില്‍ പറഞ്ഞു.
പുതിയ മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിന് മെഡിക്കല്‍ കൗണ്‍സില്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചത് 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ്. അതുവരെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ താളം ചവിട്ടുകയായിരുന്നു. നാലുവര്‍ഷത്തോളം സമയം കിട്ടിയിട്ടും യുഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഉദ്ഘാടന പ്രഹസനം നടത്തി നാട്ടുകാരുടെ കണ്ണില്‍ പൊടിയിടുക മാത്രമാണ് ചെയ്തത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് 2016 നവംബറില്‍ തന്നെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന പൂര്‍ത്തിയാക്കി. അവര്‍ ചൂണ്ടിക്കാട്ടിയ കുറവുകള്‍ പരിഹരിച്ച് 2017 ആദ്യം വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. മതിയായ ഫണ്ട് നല്‍കുമെന്ന് സംസ്ഥാനസര്‍ക്കാര്‍ ഉറപ്പും നല്‍കി. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള അദ്ധ്യാപകരുടെയും അനധ്യാപകരുടെയും നിയമനവും പൂര്‍ത്തിയാക്കി. അതിന്റെ അടിസ്ഥാനത്തില്‍ ആദ്യബാച്ച് 2017-18 അദ്ധ്യയനവര്‍ഷം ആരംഭിച്ചു. നൂറ് വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനാനുമതി ലഭിച്ചത്. അപ്പോഴും യുഡിഎഫ് നേതാക്കളും സ്ഥലം എംപിയും പറഞ്ഞത് മെഡിക്കല്‍ കോളജില്‍ ക്ലാസുകള്‍ നടക്കാന്‍ പോകുന്നില്ലെന്നാണ്. മെഡിക്കല്‍ കോളജ് സാധ്യമാക്കാന്‍ ഒരു ചെറുവിരല്‍ പോലുമനക്കാതെ കേവലം കത്തുകളയച്ച് അതിന്റെ കോപ്പി പത്രങ്ങള്‍ക്ക് നല്‍കി പ്രചാരവേല നടത്തുക മാത്രമായിരുന്നു അന്നുമിന്നും അവര്‍ ചെയ്യുന്നത്.
2017 ഒക്ടോബറില്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ രണ്ടാംഘട്ട പരിശോധന നടന്നു. 2018 ജനുവരിയില്‍ സംസ്ഥാനസര്‍ക്കാരിന്റെ പ്രതിനിധികള്‍ കേന്ദ്രസര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഭരണാധികാരികള്‍ പലവട്ടം കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളെ നേരില്‍കാണുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നൂറ് സീറ്റ് അനുവദിച്ചത്. മെഡിക്കല്‍ കൗണ്‍സില്‍ മുന്നോട്ടുവച്ച നിര്‍ദ്ദിഷ്ട മാനദണ്ഡം പാലിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു സീറ്റ് അനുവദിച്ചതെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. ഇതിന് സര്‍ക്കാരിനെ അഭിനന്ദിക്കുന്നതിന് പകരം വ്യാജപ്രചരണവുമായി യുഡിഎഫ് നേതാക്കള്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ഒരുകാരണവശാലും ഈ വര്‍ഷം പ്രവേശനം നടക്കരുതെന്നതായിരുന്നു അവരുടെ മോഹം. ആ മോഹം നടക്കാതെ പോയതിലെ ജാള്യതയാണ് ഇവരുടെ വ്യാജപ്രചരണങ്ങളിലൂടെ പുറത്തുവരുന്നത്. ഇതിന് രാഷ്ട്രീയ സത്യസന്ധതയുണ്ടെങ്കില്‍ ജനങ്ങളോട് അവര്‍ മാപ്പ് പറയുകയാണ് വേണ്ടതെന്നും അനിരുദ്ധന്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here