ബംഗലൂര്: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം തൂക്കുസഭ പ്രദാനം ചെയ്തപ്പോള്‍, ബിജെപിയെ അധികാരത്തില്‍ നിന്നും ഒഴിവാക്കാന്‍ മൂന്നാം സ്ഥാനത്തുള്ള ജെഡിഎസിന് കോണ്‍ഗ്രസ് നാടകീയമായി പിന്തുണ പ്രഖ്യാപിച്ച് അപ്രതീക്ഷിത രാഷ്ട്രീയ നീക്കം നടത്തി.
224 അംഗ നിയമസഭയില്‍ മെയ് 12ന് വോട്ടെടുപ്പ് നടന്ന 222 സീറ്റില്‍ ബിജെപിക്ക് 104 സീറ്റാണ്. കോണ്‍ഗ്രസിന് 75 ഉം ജെഡിഎസിന് 37 ഉം സീറ്റുകള്‍. മറ്റുള്ളവര്‍ മൂന്നാണ്.
ഇപ്പോള്‍ എല്ലാ കണ്ണുകളും ഗവര്‍ണര്‍ വിജുഭായി വാലയിലാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെയോ അതല്ല, കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണോ എന്നകാര്യം ഗവര്‍ണറാണ് തീരുമാനിക്കേണ്ടത്. അതുകൊണ്ട് ഗവര്‍ണര്‍ ശ്രദ്ധാകേന്ദ്രമാകുന്നു.
ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി എസ് യെദ്യൂരപ്പയും ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമിയും ഗവര്‍ണര്‍ വാലയെ സന്ദര്‍ശിച്ച് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ ബിജെപി വലിയ വിജയം നേടുമെന്ന പ്രതീക്ഷ നല്‍കിയതായിരുന്നു ലീഡ് നില. എന്നാല്‍ വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തില്‍ സ്ഥിതി മാറി. ബിജെപിക്ക് കേവല ഭൂരിപക്ഷം ഇല്ലെന്ന് വന്നു. മന്ത്രിസഭ രൂപീകരിക്കാന്‍ 112 അംഗങ്ങളുടെ പിന്തുണ വേണം.
വലിയ ഒറ്റക്കക്ഷിയായിരുന്നിട്ടും ബിജപിയുടെ തന്ത്രപരമായ നീക്കത്തില്‍ മണിപ്പൂരിലും ഗോവയിലും മന്ത്രിസഭാ രൂപീകരിക്കുന്നതില്‍ പറ്റിയ തിരിച്ചടിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട കോണ്‍ഗ്രസ് ഉണര്‍ന്നു പ്രവര്‍ത്തിച്ച് മുന്‍ പ്രധാനമന്ത്രി എച്ച ്ഡി ദേവഗൗഡയുടെ ജെഡിഎസിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ദോവഗൗഡയുടെ പുത്രന്‍ എച്ച് ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് സമ്മതിച്ചു. കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ കുമാരസ്വാമി മുഖ്യമന്ത്രിയാകാനുള്ള വാഗ്ദാനം താന്‍ സ്വീകരിച്ചതായി ഗവര്‍ണറെ അറിയിച്ചു.
കോണ്‍ഗ്രസിന് 37.9 ശതമാനവും, ബിജെപിക്ക് 36.2 ശതമാനവും, ജെഡിഎസിന് 18.4 ശതമാനവും വോട്ട് ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
തൂക്ക് നിയമസഭയാണെങ്കില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ എറ്റവും വലിയ ഒറ്റക്കക്ഷിയെയോ, തെരഞ്ഞെടുപ്പിനു മുമ്പുള്ള സഖ്യത്തെയോ ഗവര്‍ണര്‍ ക്ഷണിക്കുകയാണ് പതിവ്. സഭയില്‍ ഭൂരിപക്ഷം തെളിയാക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടും.
കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ തെരഞ്ഞെടുപ്പിനു മുമ്പ് സഖ്യം ഇല്ലാതിരുന്നതിനാല്‍ കുമാരസ്വാമിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുമോ എന്നകാര്യം കണ്ടറിയേണ്ടതാണ്.
മുഖ്യമന്ത്രി സിദ്ദരാമയ്യ ബദാമി സീറ്റില്‍ ജയിച്ചപ്പോള്‍, സ്വന്തം മണ്ഡലമായ ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെട്ടു. യെദ്യൂരപ്പ ശികരിപുരയില്‍ 35,000 ത്തിലധികം വോട്ടിനു വിജയം കണ്ടു.
2,655 സ്ഥാനാര്‍ഥികളായിരുന്നു മത്സരരംഗത്ത്. 72.13 ശതമാനമായിരുന്നു പോളിങ്. 1952ലെ കര്‍ണാടക നിയസഭാ തെരഞ്ഞെടുപ്പിനുശേഷമുള്ള ഏറ്റവും വലിയ പോളിങ് ശതമാനം ആയിരുന്നു ഇത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമാണ് പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here