ബംഗലൂര്: മന്ത്രിസഭ രൂപീകരണത്തിനുള്ള അവകാശവാദവുമായി ബിജെപിയും കോണ്‍ഗ്രസ്-ജനതാദള്‍ (സെക്യുലര്‍) കൂട്ടുകെട്ടും എംഎല്‍എമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. നിയമസഭാകക്ഷി നേതാക്കളുടെ തെരഞ്ഞെടുപ്പിനു ശേഷമാണ് ഇരുകൂട്ടരും ഗവര്‍ണറെ കണ്ടത്. ഇതേസമയം, എംഎല്‍എമാരെ രാജ്ഭവനില്‍ അണിനിരത്താനുള്ള കോണ്‍ഗ്രസ്-ജെഡിഎസ് നീക്കം ഗവര്‍ണര്‍ അംഗീകരിച്ചില്ല. എല്ലാ കണ്ണുകളും രാജിഭവനില്‍ ഗവര്‍ണര്‍ വിജുഭായി വാലയിലാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 15 ന് പുറത്തുവന്നപ്പോള്‍ കര്‍ണാടകയില്‍ തൂക്കുസഭയാണ്. ബിജെപി 104, കോണ്‍ഗ്രസ് 78, ജെഡിഎസ് 37 എന്നതാണ് കക്ഷിനില. 224 അംഗ സഭയില്‍ മെയ് 12ന് വോട്ടെടുപ്പ് നടന്ന 222 സീറ്റില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ കോണ്‍ഗ്രസ് പെട്ടെന്നുതന്നെ ജെഡിഎസിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയും ആ പാര്‍ട്ടിയുടെ നേതാവ് എച്ച് ഡി കുമാരസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കുകയും ചെയ്തു. കുമാരസ്വാമി ഈ നിര്‍ദ്ദേശം സ്വീകരിച്ചു. മന്ത്രിസഭ രൂപീകരിക്കാന്‍ 112 അംഗങ്ങളുടെ പിന്തുണ വേണം. രണ്ടു സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.
ബിജെപി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ബി എസ് യെദ്യൂരപ്പ ഗവര്‍ണര്‍ വിജുഭായി വാലയെ സന്ദര്‍ശിച്ച്, ഏറ്റവും വലിയ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. കഴിയും വേഗം അനുയോജ്യ തീരുമാനം എടുക്കുമെന്നായിരുന്നു ഗവര്‍ണര്‍ മറുപടി നല്‍കിയത്. നേരത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന വിശ്വാസം യെദ്യൂരപ്പ പ്രകടിപ്പിച്ചിരുന്നു. ബിജെപിക്ക് പിന്തുണ വാഗ്ദാനം ചെയ്ത് കക്ഷിരഹിതന്‍ ശങ്കര്‍ കത്തുനല്‍കിയതായും യെദ്യൂരപ്പ അറിയിച്ചു. യെദ്യൂരപ്പയുടെ വിശ്വാസം മറ്റ് നേതാക്കളും പങ്കുവച്ചു.
അസ്വഭാവിക സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നതായി കേന്ദ്രമന്ത്രി പ്രകാശ് ജവേദ്കര്‍ ആരോപിച്ചു. ജനങ്ങള്‍ തങ്ങള്‍ക്ക് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്ഭവനില്‍ വൈകിട്ടെത്തിയ കുമാരസ്വാമിയും കെപിസിസി അധ്യക്ഷന്‍ ജി പരമേശ്വറും 117 എംഎല്‍എമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചതായി പിന്നീട് മാധ്യമങ്ങളെ അറിയിച്ചു. നിയമവിദഗ്ദരുടെ അഭിപ്രായം തേടിയ ശേഷം തീരുമാനം അറിയിക്കാമെന്ന് ഗവര്‍ണര്‍ പറഞ്ഞതായി കുമാരസ്വാമി അറിയിച്ചു.
ഇതിനിടെ, രാജ്ഭവന് മുന്നില്‍ ജെഡിഎസ് എംഎല്‍എമാര്‍ പ്രതിഷേധം പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here