ഉമ്മന്‍ചാണ്ടി കേന്ദ്ര നേതൃത്വത്തിലേക്ക്; ജനറല്‍ സെക്രട്ടറി

5

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തില്‍ അഴിച്ചുപണി. കേരളത്തിലെ മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയെ ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. മറ്റൊരു മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങിനെ മാറ്റിയാണ് ഉമ്മന്‍ ചാണ്ടിയെ പ്രതിഷ്ഠിച്ചത്.
പ്രമുഖ നേതാവായിരുന്നിട്ടും പ്രത്യേക പദവിയൊന്നും മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടി വഹിച്ചിരുന്നില്ല. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയുടെ പേരെ നേരത്തെ ഉയര്‍ന്നുവന്നെങ്കിലും അദ്ദേഹം അതിനോട് യോജിച്ചിരുന്നില്ല. അടുത്ത വര്‍ഷം ലോക്‌സഭയ്‌ക്കൊപ്പം നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് ആന്ധ്ര. ഇവിടെ പാര്‍ട്ടിയെ സജ്ജമാക്കുക എന്ന ഭാരിച്ച ചുമതലയാണ് രാഹുല്‍ഗാന്ധി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയിരിക്കുന്നത്.
പശ്ചിമബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ചുമതലയില്‍നിന്ന് സി പി ജോഷിയെയും നീക്കി. ഗൗരവ് ഗൊഗോയ്ക്കാണ് പുതിയ ചുമതല. ഇരുവരും ഉടന്‍ തന്നെ ചുമതലയേല്‍ക്കും.
എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെടുന്നതോടെ ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായി.
കര്‍ണാടകയുടെ ചുമതല നല്‍കി കെ സി വേണുഗോപാലിനെയും പി സി. വിഷ്ണുനാഥിനെയും രാഹുല്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തിയിരുന്നു.

സുധീരന്‍ അഭിനന്ദിച്ചു
തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട ഉമ്മന്‍ചാണ്ടിയെ വി എം സുധീരന്‍ അഭിനന്ദിച്ചു.
ജനസേവന രംഗത്ത് ദീര്‍ഘകാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഉമ്മന്‍ ചാണ്ടിയെ പോലൊരു സമുന്നതനായ നേതാവിന്റെ സജീവ സാന്നിധ്യവും നേതൃത്വവും ദേശീയതലത്തില്‍ കോണ്‍ഗ്രസിന് പുതിയൊരു ഉണര്‍വ് നല്‍കും. ജനാധിപത്യ മതേതര മുന്നേറ്റത്തിന് കളമൊരുക്കുന്ന രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്ന ഉചിതമായ നടപടിയാണിതെന്ന് സുധീരന്‍ പറഞ്ഞു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here