പ്രണാബ് മുഖര്‍ജിയും മോഹന്‍ ഭഗതും

ന്യൂഡല്‍ഹി: രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്) പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം മുന്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി സ്വീകരിച്ചത് വിവാദമാകുന്നു. യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും , മുന്‍ കോണ്‍ഗ്രസ് നേതാവായ പ്രണാബിന്റെ തീരുമാനത്തില്‍ പല കോണ്‍ഗ്രസ് നേതാക്കളും അത്ഭുതം കൂറുന്നുണ്ട്.
നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം ജൂണ്‍ ഏഴിന് പ്രണാബ് മുഖര്‍ജി സന്ദര്‍ശിക്കുമെന്നും, അവിടെ നടക്കുന്ന ത്രിതീയ വര്‍ഷ് വര്‍ഗിനെ അഭിസംബോധന ചെയ്യുമെന്നുമാണ് ആര്‍എസ്എസ് അറിയിക്കുന്നത്. ചടങ്ങിലെ മുഖ്യാതിഥിയാണ് പ്രണാബ് മുഖര്‍ജി. പരിപാടിയില്‍ പങ്കെടുക്കാന്‍ സമ്മതം നല്‍കിയതായി പ്രണാബിന്റെ ഓഫീസും സ്ഥിരീകരിക്കുന്നു. പരിപാടി അനുസരിച്ച് ജൂണ്‍ ഏഴിന് നാഗ്പൂരിലേക്ക് പോകുന്ന പ്രണാബ് ജൂണ്‍ എട്ടിനു മടങ്ങിയെത്തും.
രാജ്യത്ത് എല്ലാവര്‍ഷവും ഇത്തരം ക്യാമ്പുകള്‍ ആര്‍എസ്എസ് സംഘടിപ്പിക്കുന്നുണ്ട്. ത്രിതീയ വര്‍ഷ് വര്‍ഗ് (ത്രിവത്സര കോഴ്‌സ്) നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് എല്ലാ ശീതകാലത്തും നടത്തുന്നതാണ്. ഒന്നും രണ്ടും കോഴ്‌സുകളില്‍ പങ്കെടുത്തവര്‍ക്ക് മാത്രമേ അവസാന വര്‍ഷ കോഴ്‌സില്‍ പ്രവേശനമുള്ളു. മൂന്നാം വര്‍ഷത്തെ ഈ കോഴ്‌സില്‍ പങ്കെടുത്തവര്‍ക്കേ മുഴുവന്‍ സമയ പ്രചാരകര്‍ ആകാന്‍ കഴിയൂ.
തീരുമാനം പുനഃപരിശോധിക്കണമെന്ന് അഭ്യര്‍ഥിച്ച് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി കെ ജാഫര്‍ ഷെറിഫ് പ്രണാബിന് കത്തയച്ചു.
ബുദ്ധിജീവിയും മതേതരവാദിയുമായ പ്രണാബ് അവിടെ പോയതുകൊണ്ട് അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി സുശീല്‍കുമാര്‍ ഷിണ്ഡേ പരതികരിച്ചു.
”സംഘിനെ കുറിച്ച് അറിയാവുന്നവരെ ഇത് അത്ഭുതപ്പെടുത്തില്ല. കാരണം, ആര്‍എസ്എസ് അതിന്റെ പരിപാടികളില്‍ സമൂഹത്തിലെ പ്രമുഖ വ്യക്തികളെ എല്ലായിപ്പോഴും ക്ഷണിക്കാറുണ്ട്. ഇത്തവണ ഡോ. പ്രണാബ് മുഖര്‍ജിയെ ക്ഷണിച്ചു. അദ്ദേഹത്തിന്റെ മഹത്വംകൊണ്ട് ആ ക്ഷണം അദ്ദേഹം സ്വീകരിച്ചു.”ആര്‍എസ്എസ് പ്രസ്താവനയില്‍ പറഞ്ഞു.
തങ്ങളുടെ പരിപാടിയില്‍ മഹാത്മാഗാന്ധിയും ജയപ്രകാശ് നാരായണനും പങ്കെടുത്തിട്ടുണെന്ന് ആര്‍എസ്എസ് അവകാശപ്പെട്ടു. തങ്ങളുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി തോന്നിയ ജവഹര്‍ലാല്‍ നെഹ്‌റു 1963ല്‍ റിപ്പബ്ലിക് ദിന പരേഡിന് തങ്ങളുടെ പ്രവര്‍ത്തകരെ ക്ഷണിച്ചതും ആര്‍എസ്എസ് ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിതിന്‍ ഗദ്കരി പ്രണാബിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. ”നല്ല തുടക്ക”മാണെന്നും, ”രാഷ്ട്രീയ തൊട്ടുകൂടായ്മ” കാലഹരണപ്പെട്ട് സങ്കല്‍പ്പമായെന്നും അദ്ദേഹം പ്രതികരിച്ചു. പാകിസ്ഥാനിലെ ഐഎസ്‌ഐ അല്ല ആര്‍എസ്എസ്. ദേശീയവാദികളുടെ ഒരു സംഘടനയാണ് ആര്‍എസ്എസ്.” ഗദ്കരി പറഞ്ഞു.
പങ്കെടുക്കരുതെന്ന് ചെന്നിത്തല
തിരുവനന്തപുരം: ആര്‍എസ്എസ് ആസ്ഥാനത്ത ജൂണ്‍ ഏഴിന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. മുന്‍ രാഷ്ട്രപതി, കോണ്‍ഗ്രസിന്റെ സമുന്നത നേതാവ് എന്നീ നിലകളില്‍ രാജ്യം ഏറെ ബഹുമാനിക്കുന്ന അദ്ദേഹത്തിന്റെ ഈ നിലപാട് ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന രാജ്യത്തെ വലിയ വിഭാഗം ജനങ്ങളെ ആശങ്കയിലാഴ്തുന്നതാണെന്ന് രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു.
കോണ്‍ഗ്രസ് എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങള്‍ക്കും, ആശയങ്ങള്‍ക്കും എതിരാണ് ഈ നിലപാട്. കഴിഞ്ഞ മുപ്പതിലധികം വര്‍ഷങ്ങളായി പ്രണബ് കുമാര്‍ മുഖര്‍ജിയുമായി അടുത്ത വ്യക്തിബന്ധമുള്ളയാളെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഈ നിലപാടിനോട് ഒരിക്കലും തനിക്ക് യോജിക്കാന്‍ കഴിയില്ലന്നും ചെന്നിത്തല കത്തില്‍ പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here